17 January 2026, Saturday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

സ്വേച്ഛാധിപത്യം വിട്ടൊഴിയാത്ത മോഡി സര്‍ക്കാര്‍

Janayugom Webdesk
June 26, 2024 5:00 am

തിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനദിനത്തിൽ സമവായത്തിലൂടെ തടസങ്ങൾ കൂടാതെ സഭ നടത്തുന്നതിനെപ്പറ്റി പ്രധാനമന്ത്രി പറയുകയുണ്ടായി. ഏകപക്ഷീയമായി തങ്ങളുടെ തീരുമാനങ്ങൾ പ്രതിപക്ഷത്തിനുമേൽ ബുൾഡോസ് ചെയ്യുകവഴി സമവായത്തെക്കുറിച്ചുള്ള മോഡിയുടെ വർത്തമാനം പൊള്ളയായ വായ്ത്താരിക്കപ്പുറം യാതൊന്നുമല്ലെന്ന് പ്രോടേം സ്പീക്കർ നിയമനത്തിലൂടെ തെളിയിക്കപ്പെട്ടു. സഭയിൽ ഏറ്റവും കൂടുതൽകാലം അംഗമായിരുന്ന മുതിർന്ന ആളെ പ്രോടേം സ്പീക്കറായി നിയോഗിക്കുക എന്ന കീഴ്‌വഴക്കമാണ് ലംഘിക്കപ്പെട്ടത്. തൊട്ടുപിന്നാലെ യാതൊരു സമവായത്തിനും ശ്രമിക്കാതെ, ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ പദവിയിലേക്ക് മത്സരത്തിനുള്ള അന്തരീക്ഷമാണ് ഉടലെടുത്തിരിക്കുന്നത്. കേവല ജനാധിപത്യ മര്യാദയനുസരിച്ചും കീഴ്‍വഴക്കമനുസരിച്ചും പ്രതിപക്ഷത്തിന് അർഹതപ്പെട്ട പദവിയും അംഗീകാരവുമാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം. അത്തരമൊരു സമവായത്തിനായി പ്രതിപക്ഷം നടത്തിയ ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം അനിവാര്യമായിരിക്കുന്നത്. പാർലമെന്റ് സമാധാനപൂർവം, ക്രിയാത്മകമായി നടത്തിക്കൊണ്ടു പോകുന്നതിന്റെ മുഖ്യ ഉത്തരവാദിത്തം ഭരണമുന്നണി നേതൃത്വത്തിന്റേതാണ്. അത് പരസ്പര ബഹുമാനത്തിൽക്കൂടിയും വിട്ടുവീഴ്ചാ മനോഭാവത്തിലൂടെയും കൈവരിക്കുന്ന സമവായത്തിൽ അധിഷ്ഠിതമാണ്. അതിന് മൂന്നാം മോഡിസർക്കാരും സന്നദ്ധമല്ലെന്ന വ്യക്തമായ സൂചനയാണ് പ്രോടേം സ്പീക്കറുടെ കാര്യത്തിലും ഡെപ്യൂട്ടി സ്പീക്കർ കാര്യത്തിലും ബിജെപിയും മോഡിയുടെ പാ­ർലമെന്റ് മാനേജർമാരും സ്വീകരിച്ചിരിക്കുന്ന ഏകപക്ഷീയമായ നിലപാടുകൾ വ്യക്തമാക്കുന്നത്. ഇത് തുടർന്നങ്ങോട്ടുള്ള പാർലമെന്ററി പ്രവർത്തനത്തെപ്പറ്റിയുള്ള സൂചകമാണെങ്കിൽ വരാൻപോകുന്ന ദിനങ്ങൾ സംഘർഷഭരിതമായിരിക്കും എന്നുവേണം പ്രതീക്ഷിക്കാൻ. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽനിന്നും പാഠമുൾക്കൊണ്ട് മുന്നണി മര്യാദകൾ പാലിച്ചും പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തും ജനാധിപത്യത്തിൽ അനിവാര്യമായ ഔചിത്യബോധത്തോടെ മുന്നോട്ടുപോകാനുള്ള സമീപനം തങ്ങളിൽനിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചനകളാണ് തുടക്കത്തിൽത്തന്നെ ബിജെപിയിൽനിന്നും ലഭിക്കുന്നത്. മൂന്നാം മോഡിസർക്കാരിനെ തുടക്കത്തിൽത്തന്നെ പ്രതിരോധത്തിലാക്കുന്ന സംഭവപരമ്പരകൾ ഇതിനകംതന്നെ തലയുയർത്തിക്കഴിഞ്ഞു. ദേശീയ പരീക്ഷാ ഏജൻസി നടത്തിയ നീറ്റ് ബിരുദ പ്രവേശന പരീക്ഷ സർക്കാരിന്റെ പ്രതിച്ഛായക്ക് വലിയ കളങ്കമാണ് ഉണ്ടാക്കിയത്. തൊട്ടുപിന്നാലെ നെറ്റ് പരീക്ഷ അപ്പാടെ റദ്ദാക്കേണ്ടിവന്നു. പിന്നീട് ചോദ്യപ്പേപ്പർ ചോർച്ചയുടെയും മറ്റ് ക്രമക്കേടുകളുടെയും പേരിൽ മുൻകൂട്ടി നിശ്ചയിച്ച മറ്റുരണ്ട് യോഗ്യതാപരീക്ഷകൾ കൂടി മാറ്റിവയ്ക്കേണ്ടിവന്നു. പരീക്ഷാനടത്തിപ്പിന്റെ ചുമതല വഹിക്കുന്ന ദേശീയ ഏജൻസിയുടെ വിശ്വാസ്യതതന്നെ ചോദ്യംചെയ്യപ്പെട്ടു. ഏജൻസിയുടെ തലവനെത്തന്നെ തൽസ്ഥാനത്തുനിന്നും നീക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. ദേശീയ പരീക്ഷാ ഏജൻസി, മോഡി സർക്കാരിന്റെ മറ്റുപല സംവിധാനങ്ങളും സംരംഭങ്ങളും എന്നതുപോലെ നിയമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും അതീതമായ തട്ടിക്കൂട്ട് സംവിധാനങ്ങളാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അത് തീർച്ചയായും ആയുധമാക്കാൻ പ്രതിപക്ഷം മടിക്കില്ലെന്നും വ്യക്തമാണ്. മോഡി സർക്കാരിന്റെ അഭിമാന പദ്ധതിയും തെരഞ്ഞെടുപ്പിൽ തങ്ങളുടെ തുറുപ്പുചീട്ടുമെന്ന് അവര്‍ കരുതുകയും ചെയ്തിരുന്ന അയോധ്യയിലെ രാമക്ഷേത്രം കാലവർഷത്തിൽ ചോർന്നൊലിക്കുന്ന വാർത്ത ക്ഷേത്രത്തിന്റെ മുഖ്യ പൂജാരിതന്നെ പുറത്തുവിട്ടതോടെ പാർലമെന്റ് വേദിയിൽ മോഡി വിചാരണചെയ്യപ്പെടുമെന്നും ഉറപ്പായി. എക്സിറ്റ്പോൾ മാമാങ്കം ദേശവിദേശങ്ങളിലെ കോർപറേറ്റുകൾക്ക് ഇന്ത്യയിലെ ചില്ലറ ഓഹരി നിക്ഷേപകരെ കൊള്ളയടിക്കാനുള്ള അവസരമാക്കിമാറ്റിയ മോഡിയുടെയും അമിത് ഷായുടെയും ഗൂഢശ്രമങ്ങളും പാർലമെന്റിൽ തുറന്നുകാട്ടപ്പെടും. പ്രതിപക്ഷത്തിന് അതിനുള്ള അവസരം നിഷേധിക്കാനുള്ള ശ്രമമാണ് ജനാധിപത്യ മര്യാദകളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ലോക്‌സഭയില്‍ ഇപ്പോൾ അരങ്ങേറുന്നത്. 

തെരഞ്ഞെടുപ്പിൽ ഇന്ത്യസഖ്യം കൈവരിച്ച നേട്ടങ്ങളോടൊപ്പം ബിജെപിയിൽനിന്നും എൻഡിഎ മുന്നണിയിൽനിന്നും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ബിജു ജനതാദളിന്റെയും വൈഎസ്ആർസിപിയുടെയും രാജ്യസഭാംഗങ്ങൾ ഇന്ത്യസഖ്യവുമായി സഭയിൽ യോജിച്ചുപ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവന്നതും ബിജെപി വൃത്തങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. ഇരുപാർട്ടികളും ഇന്ത്യസഖ്യവുമായി യോജിക്കുന്നതോടെ രാജ്യസഭയിൽ 105 അംഗങ്ങളുള്ള ശക്തമായ പ്രതിപക്ഷത്തെയായിരിക്കും മോഡിക്കും ബിജെപിക്കും നേരിടേണ്ടിവരിക. പാർലമെന്റിനു പുറത്ത് ദേശീയ പരീക്ഷാ ഏജൻസിക്കെതിരെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും നടത്തുന്ന സമരവും, തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി കർഷകരും തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭങ്ങളും പാർലമെന്റിലും ശക്തമായ പ്രതികരണം സൃഷ്ടിക്കാതിരിക്കില്ല. പ്രവർത്തനരഹിതമായ പാർലമെന്റിനെ നിലനിർത്തി തങ്ങളുടെ സ്വേച്ഛാധിപത്യം തുടരാമെന്ന വ്യാമോഹത്തിലാണ് മോഡിയും ബിജെപിയും. എൻഡിഎയിലെ സഖ്യകക്ഷികൾക്ക് അത്തരം ഒരു സാഹചര്യവുമായി പൊരുത്തപ്പെട്ട് എത്രകാലം മുന്നോട്ടുപോകാനാവും എന്ന ചോദ്യവും പ്രസക്തമാണ്. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.