18 December 2024, Wednesday
KSFE Galaxy Chits Banner 2

സത്യസന്ധരായ ഉദ്യോഗസ്ഥരും മോഡി ഭരണത്തില്‍ ഇരകള്‍

Janayugom Webdesk
October 12, 2023 5:00 am

രാഷ്ട്രീയ പ്രതിയോഗികളെയും ഭരണകൂട വിമർശകരെയും വേട്ടയാടുന്നതുപോലെ സർക്കാരിന്റെ അഴിമതിയും ക്രമക്കേടുകളും തുറന്നുകാണിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ അകാലത്തിലുള്ള സ്ഥലംമാറ്റമടക്കം അന്യായമായി ദ്രോഹിക്കുക എന്നതും സ്വേച്ഛാധിപതികളുടെ പതിവുരീതിയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിലെ 37 ഉദ്യോഗസ്ഥരെ അകാലത്തിൽ മാറ്റിനിയമിച്ചുകൊണ്ടുള്ള സിഎജി ഓഫിസിന്റെ സെപ്റ്റംബർ 12ലെ ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നടത്തിപ്പിൽ കണ്ടെത്തിയ അഴിമതികളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് വർഷകാല സമ്മേളനത്തിൽ ഓഗസ്റ്റ് 12ന് പാർലമെന്റിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടുകളെ തുടർന്നാണ് പൊടുന്നനെ നടത്തിയ സ്ഥലമാറ്റമെന്ന ദ്രോഹനടപടി. ദ്വാരക എക്സ്പ്രസ്‌വേ പദ്ധതി, ആയുഷ്മാൻ ഭാരത് എന്നിവയിൽ നടന്ന അഴിമതികൾ തുറന്നുകാട്ടുന്ന റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട് സർവീസിലെ രണ്ട് ഉദ്യോഗസ്ഥരും ഈ ദ്രോഹനടപടികൾക്ക് വിധേയരായവരിൽ പെടുന്നു. ആയുഷ്മാൻ ഭാരത് സംബന്ധിച്ച റിപ്പോർട്ടിന് തുടക്കംകുറിച്ച ഉദ്യോഗസ്ഥനും ഈ പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ഭാരത്‌മാല പരിയോജന ഒന്നാംഘട്ടത്തിൽ ഉൾപ്പെട്ട ദ്വാരക എക്സ്പ്രസ് വേ പദ്ധതി സംബന്ധിച്ച റിപ്പോർട്ടിന്റെ ചുമതല വഹിച്ച അതുർവ സിൻഹയെ ഉപരിഘടന ഓഡിറ്റിന്റെ പ്രിൻസിപ്പൽ ഡയറക്ടർ സ്ഥാനത്തുനിന്നും കേരളത്തിലെ അക്കൗണ്ടന്റ് ജനറലായി തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയത്.

2023 മാർച്ചിലായിരുന്നു അദ്ദേഹത്തെ മുൻ പദവിയിൽ നിയമിച്ചത്. ആയുഷ്മാൻ ഭാരതിന്റെ ഓഡിറ്റ് ചുമതല വഹിച്ച ദത്താപ്രസാദ് സൂര്യകാന്ത് ഷിര്‍സാത് ഡയറക്ടർ (ലീഗൽ) തസ്തികയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. ആയുഷ്മാൻ ഭാരത് ഓഡിറ്റിന് തുടക്കമിട്ട അഷോക് സിൻഹയെ സമാനമായി മറ്റൊരു അപ്രധാന ചുമതലയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴത്തെ സിഎജി ഗിരീഷ് ചന്ദ്ര മുർമു 1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും വിശ്വസ്തനും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കി തരംതാഴ്ത്തിയപ്പോൾ അവിടത്തെ ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറുമായിരുന്നു. 2020ൽ സിഎജി ആയി മുർമുവിനെ നിയോഗിച്ചതിന് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ. ദ്വാരക എക്സ്പ്രസ്‌വേയിലെ ഡൽഹി-ഗുരുഗ്രാം എൻഎച്ച് 48ലെ തിരക്ക് ഒഴിവാക്കാൻ അവിടെ ഒരു പതിനാലുവരി പാതയാണ് വിഭാവനം ചെയ്തിരുന്നത്. അതിന്റെ നിർമ്മാണത്തിന് കിലോമീറ്ററിന് 18.20 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. എന്നാൽ പിന്നീട് മതിയായ അനുമതികൂടാതെ കിലോമീറ്ററിന് 250.77 കോടി ചെലവിൽ എലവേറ്റഡ് പാതയാക്കി മാറ്റുകയായിരുന്നു. സമാനരീതിയിൽ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 2.25 ലക്ഷം ശസ്ത്രക്രിയയ്ക്ക് ഇൻഷുറൻസ് ക്ലെയിം നൽകിയതിൽ ശസ്ത്രക്രിയ നടന്ന തീയതിക്ക് മുമ്പുതന്നെ രോഗികളെ ഡിസ്ചാർജ് ചെയ്തതായി രേഖകൾ പറയുന്നു.


ഇതുകൂടി വായിക്കൂ: രാജ്യം അത്യസാധാരണമായ സാഹചര്യത്തില്‍


ഇവയിൽ 300 കോടി രൂപയുടെ 1.79 ലക്ഷം ശസ്ത്രക്രിയകൾ മഹാരാഷ്ട്രയിൽ മാത്രം നടന്നതായാണ് സിഎജിയുടെ കണ്ടെത്തൽ. ഇത്തരത്തിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട 12 സിഎജി റിപ്പോർട്ടുകളാണ് മോഡി സർക്കാരിനുകീഴിൽ നടന്ന അഴിമതിയുടെയും ക്രമക്കേടുകളുടെയും കഥകൾ പുറത്തുകൊണ്ടുവന്നത്. ഈ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പ്രതിപക്ഷം പാർലമെന്റിനകത്തും പുറത്തും ശബ്ദമുയർത്തുകയുണ്ടായി. പാർലമെന്റ് ഫലപ്രദമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത ഭരണപക്ഷവും മോഡി സേവയിൽ മുഴുകിയ മുഖ്യധാരാ ഗോദി മാധ്യമങ്ങളും വസ്തുതകളെ തമസ്കരിക്കുകയാണ് ചെയ്യുന്നത്. തങ്ങൾ മറ്റുപാർട്ടികളിൽനിന്നും വ്യത്യസ്തരാണെന്ന് നിരന്തരം അവകാശവാദത്തിൽ മുഴുകിയിരിക്കുന്ന മോഡി ഭരണവും ബിജെപിയും അടിമുടി അഴിമതിയിൽ മുങ്ങിയിരിക്കുന്ന കഥകളും കാഴ്ചകളുമാണ് ദിനംപ്രതിയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ കോർപറേറ്റ് ചങ്ങാതിമാർക്ക് രാജ്യത്തും പുറത്തും ആദായകരമായ ബിസിനസ് സംരംഭങ്ങളും ഇടപാടുകളും ഒരുക്കിനൽകുന്നവർ പ്രത്യുപകാരമായി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയും അല്ലാതെയും തെരഞ്ഞെടുപ്പുകളെ ലക്ഷ്യമാക്കി വൻ വിഭവസമാഹരണം നടത്തുന്നു. എക്സ്പ്രസ്‌വേകളടക്കം അടിസ്ഥാന സൗകര്യവികസനം പൊതുധനം കൊള്ളയടിക്കാനുള്ള അവസരമായി മാറ്റിയിരിക്കുന്നു. ടോൾ പാതകൾ വഴി ജനങ്ങളുടെമേൽ നടത്തുന്ന ഭീമമായ കൊള്ളയും സിഎജി റിപ്പോർട്ടുകൾ തുറന്നുകാട്ടുന്നുണ്ട്. ഇന്ത്യയെപ്പോലെ ഒരു വികസ്വര രാഷ്ട്രത്തിൽ അഴിമതിയുടെയും ക്രമക്കേടുകളുടെയും പൊതുജനങ്ങളെയും പൊതുസമ്പത്തും കൊള്ളയടിക്കുന്ന സംഭവങ്ങൾക്ക് ഏറെ പുതുമയില്ല. എന്നാൽ സ്വകാര്യമൂലധനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിലും മോഡി ഭരണകൂടം എപ്പോഴും പുച്ഛിക്കുന്ന ജനക്ഷേമ പദ്ധതികളുടെ പേരിലും ജനങ്ങളെയും പൊതുസമ്പത്തും ഒരുപോലെ കൊള്ളയടിക്കുന്ന സ്വേച്ഛാധിപത്യമാണ് സമാനതകളില്ലാതെ അരങ്ങുതകർക്കുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥരും ഈ ദുര്‍ഭരണത്തില്‍ ഇരകളായി മാറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.