8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 3, 2024
May 15, 2024
March 30, 2024
December 20, 2023
October 19, 2023
October 19, 2023
October 15, 2023
October 13, 2023
October 7, 2023
October 7, 2023

മോഡി സര്‍ക്കാര്‍ വിമര്‍ശനങ്ങളെ രാജ്യദ്രോഹമാക്കുന്നു: ന്യൂസ് ക്ലിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
October 4, 2023 11:05 pm

മോഡി സര്‍ക്കാര്‍ വിമര്‍ശനങ്ങളെ രാജ്യദ്രോഹമാക്കുകയാണെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ന്യൂസ് ക്ലിക്ക്. പ്രത്യക്ഷമായോ പരോക്ഷമായോ ചൈനീസ് അനുകൂല പ്രചാരണം നടത്തിയിട്ടില്ലെന്നും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ത, എച്ച് ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തി എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കുറിപ്പില്‍ വെബ്സൈറ്റ് വ്യക്തമാക്കി. കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ഡല്‍ഹി പൊലീസ് ഇതുവരെ നല്‍കിയിട്ടില്ല. വെബ്സൈറ്റിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തമായ അറിവില്ല.

ചൈനീസ് നയം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് യുഎപിഎ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് മാത്രമാണ് അറിയാൻ സാധിച്ചത്. ഇതുവരെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ന്യൂസ് ക്ലിക്കിന്റെ വെബ്സൈറ്റിലുണ്ട്. ഇവ എല്ലാവര്‍ക്കും കാണാനാകും. ചൈനീസ് ആശയപ്രചാരണം സംബന്ധിച്ച് പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് അറിയിച്ചു. ചൈനീസ് ആശയ പ്രചാരണം സംബന്ധിച്ച ഒരു വാര്‍ത്തകളും വീഡിയോകളും കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറിയിച്ചിട്ടില്ല. ഡല്‍ഹി പ്രക്ഷോഭം, കര്‍ഷക പ്രതിഷേധം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യല്‍. നടപടിക്കു പിന്നിലെ കാരണങ്ങള്‍ അതില്‍ നിന്നു തന്നെ മനസിലാക്കാം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളോ പിടിച്ചെടുത്ത ഡാറ്റയുടെ ഹാഷ് വാല്യുവോ കോപ്പിയോ നല്‍കിയിട്ടില്ല. ഓഫിസ് സീല്‍ ചെയ്ത നടപടി ലജ്ജാകരമാണെന്നും ന്യൂസ് ക്ലിക്ക് കുറ്റപ്പെടുത്തി. മാധ്യമസ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്ത സര്‍ക്കാര്‍ നടപടിയെ അപലപിക്കുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു. 2021 മുതല്‍ മോഡി സര്‍ക്കാരിന്റെ വേട്ടയെ നേരിടേണ്ടിവരുന്നുണ്ട്. ഇഡി, ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം, ആദായ നികുതി വകുപ്പ് എന്നിവ സ്ഥാപനത്തിന്റെ ഓഫിസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തി.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ഇമെയിലുകള്‍, മറ്റ് ആശയവിനിമയങ്ങള്‍ എന്നിവ പരിശോധിക്കുകയും ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാപനത്തിനെതിരായി ഒന്നും കണ്ടെത്താനോ ഏതെങ്കിലും വകുപ്പ് ചുമത്താനോ കഴിഞ്ഞ രണ്ട് വര്‍ഷവും സാധിച്ചിട്ടില്ല. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകളിലൂടെ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് മാത്രമാണ് നടന്നിട്ടുള്ളതെന്നും ന്യൂസ് ക്ലിക് ചൂണ്ടിക്കാട്ടി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാട്ടം തുടരുമെന്നും ന്യൂസ് ക്ലിക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കണം

യുഎപിഎ പ്രകാരം അറസ്റ്റിലായ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്തയ്ക്കും എച്ച് ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിക്കും കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി. അഡിഷണല്‍ സെഷന്‍സ് ജഡ്ജ് ഹര്‍ദീപ് കൗറാണ് ഹര്‍ജി പരിഗണിച്ചത്. നിലവില്‍ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലുള്ള ഇരുവര്‍ക്കും അഭിഭാഷകനെ കാണുന്നതിന് കോടതി അനുമതി നല്‍കി. എഫ്ഐആറിന്റെ പകര്‍പ്പ് സംബന്ധിച്ചുള്ള അപേക്ഷ പരിഗണിക്കുന്നത് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി.

ചീഫ് ജസ്റ്റിസിന് കത്ത്

ന്യൂസ് ക്ലിക്ക് റെയ്ഡുമായി ബന്ധപ്പെട്ട രാജ്യത്ത് മാധ്യമങ്ങളും പ്രവര്‍ത്തകരും നേരിടുന്ന കടുത്ത വെല്ലുവിളിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 16 മാധ്യമ സംഘടനകള്‍ കത്തയച്ചു. ഇന്ത്യന്‍ വുമണ്‍സ് പ്രസ് ക്ലബ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ്, ഡല്‍ഹി പ്രസ് ക്ലബ് , കേരള പത്രപ്രവര്‍ത്തക യുണിയന്‍ അടക്കമുള്ള സംഘടനകളാണ് വിഷയത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നത്. മോഡി ഭരണത്തിന് കീഴില്‍ രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം കടുത്ത വെല്ലുവിളി നേരിടുന്നതായും കത്തില്‍ പറയുന്നു. മാധ്യമ സ്ഥാപനം റെയ്ഡ് ചെയ്തും പ്രവര്‍ത്തകരുടെ വീടുകള്‍ പരിശോധിച്ചുമുള്ള നടപടി ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുന്ന വിധത്തിലുള്ളതാണ്. മാധ്യമ പ്രവര്‍ത്തനം അട്ടിമറിക്കുന്ന വിധത്തിലുള്ള സര്‍ക്കാരിന്റെ ഇത്തരം ചെയ്തികള്‍ തടയാന്‍ സുപ്രീം കോടതി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Modi Govt Makes Crit­i­cism Sedi­tion: News Click
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.