3 March 2026, Tuesday

Related news

March 3, 2026
February 26, 2026
February 25, 2026
February 23, 2026
February 20, 2026
February 14, 2026
February 12, 2026
February 11, 2026
February 9, 2026
February 8, 2026

ഇന്ത്യയെ മോഡി യുഎസിന് അടിയറ വെച്ചു: രാഹുല്‍ ഗാന്ധി

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 11, 2026 8:40 pm

വ്യാപാര കരാറിലൂടെ രാജ്യത്തെ സമസ്ത മേഖലകളും മോഡി സര്‍ക്കാര്‍ അമേരിക്കയ്ക്ക് അടിയറവെച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എപ്‌സ്റ്റീന്‍ ഫയലുകളില്‍ അനില്‍ അംബാനിയുടെയും കേന്ദ്ര മന്ത്രി ഹര്‍ദീപ് പുരിയുടെയും പേരുകളുണ്ടെന്ന രാഹുലിന്റെ പരാമര്‍ശം ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ശക്തമായ വാക്‌പോരിനും വഴിവച്ചു.
ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ നിരവധി ദിവസം സഭാ സ്തംഭനം തുടര്‍ന്ന ശേഷം ഇതാദ്യമായാണ് രാഹുല്‍ സഭയില്‍ സംസാരിച്ചത്.
രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച ഡാറ്റ, ഊര്‍ജ്ജ മേഖല, കാര്‍ഷിക മേഖല തുടങ്ങി സകല മേഖലകളും മോഡി ഭരണം അമേരിക്കയ്ക്ക് കരാറിലൂടെ തീറെഴുതിയിരിക്കുന്നു. ഡാറ്റയില്ലാതെ കൃത്രിമ ബുദ്ധിക്ക് നിലനില്‍പ്പില്ല. ലോകത്തിലെ ആറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ ജനങ്ങളുടെ വിവരങ്ങളാണ് എ ഐ ക്ക് ഇന്ധനം. ഇന്ത്യ എവിടുന്ന് ക്രൂഡോയില്‍ വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്നത് രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. കരാറിലൂടെ രാജ്യത്തെ കാര്‍ഷകരുടെ താല്‍പര്യങ്ങളാണ് സര്‍ക്കാര്‍ ഹനിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ട്രഷറി ബഞ്ചുകള്‍ ശക്തമായ നീക്കം നടത്തി. പ്രതിപക്ഷം ഇതിനെതിരെ നിലയുറപ്പിച്ചോതോടെ മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന രാഹുലിന്റെ പ്രസംഗം പൂര്‍ത്തിയാകും വരെ സഭയില്‍ ഭരണ പ്രതിപക്ഷ വാക്കേറ്റങ്ങളാണ് നടന്നത്. ഇതിനിടെ ചെയറും രാഹുലിന്റെ പരാമര്‍ശങ്ങളില്‍ ഇടപെട്ടു. ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചകള്‍ക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് മറുപടി നല്‍കിയത്.
ഇതിനിടെ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ സാങ്കേതിക പോരായ്കകള്‍ കണ്ടെത്തിയതോടെ നോട്ടീസ് ലോക്‌സഭാ സെക്രട്ടേറിയറ്റ് മടക്കി. പ്രമേയത്തിലെ പോരായ്കകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാന്‍ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഈ നിര്‍ദേശം സെക്രട്ടറിയേറ്റിന് നല്‍കിയത്. പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്ന സാഹചര്യത്തില്‍ പ്രമേയത്തില്‍ സഭ തീരുമാനം എടുക്കുന്നതുവരെ സഭാ നടപടികളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് സ്പീക്കറുടെ തീരുമാനം. സ്പീക്കര്‍ ഓം ബിര്‍ള ഇന്നലെ സഭയില്‍ എത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.