22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 7, 2025

മോഡി മിത്ര: ബിജെപിയുടെ പുതിയ നാടകം

കെ കെ ജയേഷ്
കോഴിക്കോട്
September 11, 2023 8:39 pm

പരാജയപ്പെട്ട ക്രിസ്ത്യൻ സൗഹൃദ നാടകത്തിന് ശേഷം ‘മോഡി മിത്ര’ പ്രഹസന കാമ്പയിൻ കേരളത്തിൽ സജീവമാക്കി ബിജെപി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആളുകളെ സന്ദർശിച്ച് കേന്ദ്ര സർക്കാരിന്റെ ‘നന്മ’കൾ വാഴ്ത്തിപ്പാടുന്ന പരിപാടിയാണ് മോഡി മിത്ര.
ന്യൂനപക്ഷ സമുദായങ്ങളിൽ പെടുന്ന പ്രമുഖ വ്യക്തികളെ നേരിൽകണ്ട് മോഡി മിത്ര കാമ്പയിനിൽ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നുണ്ട്. ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നേരത്തെ ആരംഭിച്ച പരിപാടി അടുത്ത വർഷം ഫെബ്രുവരി വരെ തുടരും. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും ആരാധനാലയ- ഭവന സന്ദർശങ്ങളും സർട്ടിഫിക്കറ്റ് വിതരണം ചെയ്യലുമെല്ലാം ആരംഭിച്ചിട്ടുള്ളത്. കേരളത്തിൽ കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാമ്പയിനിലൂടെ ഒരു ലക്ഷം പേരെ ചേർക്കുമെന്നാണ് ന്യൂനപക്ഷ മോർച്ചയുടെ അവകാശവാദം.
കേരളത്തിൽ നേട്ടമുണ്ടാക്കണമെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കണമെന്ന് ബിജെപിക്ക് നന്നായറിയാം. ഇതിനായി ഇസ്ലാം മതവിദ്വേഷം പ്രചരിപ്പിച്ച് ക്രിസ്ത്യൻ മതവിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാനായി വലിയ ക്യാമ്പയിൻ പാർട്ടി നേരത്തെ ആരംഭിച്ചിരുന്നു. ക്രിസ്ത്യൻ മത പുരോഹതരുമായുള്ള കൂടിക്കാഴ്ചയും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട വ്യക്തികളുടെ ഭവനസന്ദർശനനവുമെല്ലാം നടത്തിയെങ്കിലും പദ്ധതികൾ പാളിപ്പോവുകയായിരുന്നു. ലവ് ജിഹാദ് ഉൾപ്പെടെ ഉയർത്തി നടത്തിയ നീക്കത്തോട് ചില ക്രിസ്ത്യൻ പുരോഹിതർ അനുകൂല സമീപനം ആദ്യഘട്ടത്തിൽ സ്വീകരിച്ചെങ്കിലും മണിപ്പൂർ കലാപത്തോടെ ഇവർക്ക് ഉൾപ്പെടെ നിലപാട് മാറ്റേണ്ടിവന്നു. മണിപ്പൂരിൽ ക്രിസ്തുമത വിശ്വാസികളായ കുക്കി സമുദായത്തിനുനേരെ നടന്ന ആസൂത്രിതമായ ആക്രമണങ്ങൾ ബിജെപിയ്ക്കെതിരെയുള്ള പ്രതിഷേധമായി വളരുകയായിരുന്നു. ഈ നീക്കം ദയനീയ പരാജയമായെങ്കിലും പുതിയ തന്ത്രങ്ങളുമായി ബിജെപി വീണ്ടും രംഗത്ത് എത്തുന്നത് വലിയ പരിഹാസ്യമായി മാറിയിട്ടുണ്ട്.
ഇസ്ലാം വിരുദ്ധത പ്രചരിപ്പിച്ച് ക്രിസ്ത്യൻ വിഭാഗത്തെ സമീപിച്ച ബിജെപി ഇത്തവണ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഇസ്ലാം വിഭാഗത്തിൽ പെട്ടവരെയാണെന്നതും കൗതുകകരമാണ്. നരേന്ദ്ര മോഡിയുടെ നിർദ്ദേശപ്രകാരമാണ് ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദിഖിയുടെ നേതൃത്വത്തിൽ മോഡി മിത്ര പരിപാടി സംഘടിപ്പിക്കുന്നത്. നരേന്ദ്ര മോഡി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ പറഞ്ഞാണ് ജമാൽ സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള മോഡി മിത്ര സംഘം കോഴിക്കോട്ടെ പ്രമുഖ മുസ്ലീം തറവാടുകളിലും ആരാധനാലയങ്ങളിലും എത്തിയത്. ചില പ്രമുഖ വ്യാപാരികൾക്ക് മോഡി മിത്ര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ചോദ്യങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ മോഡി സ്തുതി വാഴ്ത്തിപ്പാടുക മാത്രമാണ് ന്യൂനപക്ഷ മോർച്ച‑ബിജെപി നേതാക്കളുടെ സംഘം ചെയ്യുന്നത്. കൃത്യമായ നിലപാടുമായി നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് മുമ്പിൽ മോഡി മിത്ര പരിപാടിയുമായി ഇവർ പ്രഹസന പര്യടനം തുടരുകയാണ്.

Eng­lish sum­ma­ry; Modi Mitra: BJP’s new drama

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.