15 November 2024, Friday
KSFE Galaxy Chits Banner 2

റിജിജുവിനെ ഒതുക്കിയതെന്തിന്? പുതിയ നിയമമന്ത്രി അര്‍ജുന്‍ റാം ആര്?

web desk
May 18, 2023 8:34 pm

ജുഡീഷ്യറിയിലെ ആഭ്യന്തര രാഷ്ട്രീയത്തെയും ജഡ്ജിമാരുടെ വാക്കാല്‍ നിരീക്ഷണങ്ങളെയും കൊളീജിയം സംവിധാനത്തിന്റെ സുതാര്യമില്ലായ്മയെയും എല്ലായ്പ്പോഴും തുറന്നു വിമര്‍ശിച്ച നിയമ മന്ത്രിയായിരുന്നു കിരണ്‍ റിജിജു. നീതിപീഠത്തിലെ രാഷ്ട്രീയ സ്വാധീനം ജനങ്ങളെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കെയുള്ള റിജിജുവിന്റെ പരാമര്‍ശങ്ങള്‍ കുറിക്കുകൊണ്ടതത്രയും താനുള്‍പ്പെടുന്ന നരേന്ദ്രമോഡി സര്‍ക്കാരിനെ തന്നെയായിരുന്നു. നിയമ കാര്യങ്ങളില്‍ അത്ര അറിവില്ലാതെയായിരുന്നില്ല മന്ത്രി റിജിജുവിന്റെ ഈ ‘പോരാട്ടം’.

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനം സുതാര്യമല്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞത് ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയുടെ ‘സബര്‍മതി സംവാദ്’ എന്ന പൊതുപരിപാടിയിലായിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിലെല്ലാം അവരുടെ ആഭ്യന്തര രാഷ്ട്രീയം പ്രതിഫലിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് റിജിജു ലക്ഷ്യംവച്ചത് ആരെ ആണെന്ന് ഇപ്പോഴത്തെ വകുപ്പുമാറ്റത്തിലൂടെ വ്യക്തം. ജഡ്ജിമാരോടും അവരുള്‍പ്പെടുന്ന കൊളീജിയത്തോടുമായിരുന്നില്ല റിജിജുവിന്റെ എതിര്‍പ്പ് എന്ന കാര്യവും ഇതോടെ തെളിഞ്ഞുവരികയാണ്.

കൊളീജിയത്തെക്കുറിച്ച് റിജിജു പറഞ്ഞത് മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ആരോപണങ്ങളായിരുന്നു. കേസുകളില്‍ തീരുമാനമെടുക്കുന്നതിനേക്കാള്‍ സമയം ചെലവഴിക്കുന്നത് ജഡ്ജിമാരുടെ നിയമനത്തിനുവേണ്ടിയാണെന്ന് പറയാന്‍ റിജിജുവിന് യാതൊരു മടിയും ഉണ്ടായില്ല. ലോകത്ത് ഒരിടത്തും ഒരു ജഡ്ജി മറ്റൊരു ജഡ്ജിയെ നിയമിക്കില്ലെന്ന നിയമമന്ത്രിയുടെ നിരീക്ഷണം നിസാരമായി കാണാനാവില്ല. ഇന്ത്യയിലെ ഈ കൊളീജിയം സംവിധാനത്തില്‍ ജനങ്ങള്‍ക്ക് സംതൃപ്തിയൊന്നുമില്ലെന്ന റിജിജുവിന്റെ പ്രസ്താവനയെയും തള്ളിക്കളയാനാവുന്നതല്ല.

ഭരണഘടനയുടെ മറ്റേത് തൂണുകള്‍ക്കും വഴി തെറ്റിയാല്‍ തിരുത്തിച്ച് നേര്‍വഴിയിലാക്കാന്‍ നീതിപീഠത്തിനാകും. എന്നാല്‍ ജുഡീഷ്യറിയിക്ക് വഴി തെറ്റിയാല്‍ പരിഹരിക്കാന്‍ മാര്‍ഗമില്ലെന്ന് മോഡി യുഗത്തില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം പറയുന്നതിന് പ്രാധാന്യമേറെയാണ്.

ഒരു കേസിലെ വിധിയുടെയും ഉത്തരവിന്റെയും ഭാഗമല്ലാത്ത കാര്യങ്ങളില്‍പ്പോലും ചില ജഡ്ജിമാര്‍ വാക്കാല്‍ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും പറയുന്നതിനെയും കിരണ്‍ റിജിജു തുറന്നുവിമര്‍ശിച്ചിരുന്നു. ഓരോ ജഡ്ജിമാരും കേസുകളുടെ മെറിറ്റിലൂടെ സഞ്ചരിക്കാതെ അവരവരുടെ ചിന്തയില്‍‍ വരുന്ന നിരീക്ഷണങ്ങള്‍ നടത്തുന്നു എന്നാണ് റിജിജു പറഞ്ഞത്. ജഡ്ജിമാരുടെ ഇത്തരം വാക്കാല്‍ നിരീക്ഷണങ്ങള്‍‍ നിയന്ത്രിക്കുന്നതിന് ജുഡീഷ്യറി തന്നെ ഒരു ആഭ്യന്തര സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് റിജിജു നിയമന്ത്രി കസേരയില്‍ ഇരുന്ന് പറഞ്ഞത്.

‘1993 വരെ ഇന്ത്യയിലെ എല്ലാ ജഡ്ജിമാരെയും നിയമമന്ത്രാലയമാണ് നിയമിച്ചിരുന്നത്. ഇത് ചീഫ് ജസ്റ്റിസുമായി കൂടി ആലോചിച്ചായിരുന്നു. അക്കാലത്ത് നമുക്ക് പ്രഗത്ഭരായ ജഡ്ജിമാരും ഉണ്ടായിരുന്നു’. ഈയടുത്ത് ഉദയ്പുരില്‍ നടന്ന മറ്റൊരു സമ്മേളനത്തിലും കൊളീജിയത്തെ എതിര്‍ത്ത് കിരണ്‍ റിജിജു പറഞ്ഞ വാക്കുകളാണിത്. ഭരണഘടനയില്‍ പറയുന്നത്, ഇന്ത്യന്‍ രാഷ്ട്രപതിയാണ് ജഡ്ജിമാരെ നിയമിക്കും എന്നാണ്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമവകുപ്പ് ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് അത് വിവക്ഷിക്കുന്നത്. ജുഡീഷ്യല്‍ നിയമനങ്ങളിലല്ലാതെ മറ്റൊരു മേഖലയിലും കണ്‍സള്‍ട്ടേഷനെ കണ്‍കറന്‍സ് ആയി നിര്‍വചിച്ചിട്ടില്ലെന്നും കിരണ്‍ റിജിജു വിവരിക്കുന്നുണ്ട്. ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് പോകുകയാണെങ്കില്‍ ജഡ്ജിമാരെ നിയമിക്കുന്നത് സര്‍ക്കാരിന്റെ (നിയമമന്ത്രാലം) ജോലിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചുപോന്നു. ജുഡീഷ്യറില്‍ ഗ്രൂപ്പിസം വളരുന്നുവെന്ന് തുറന്നുപറയേണ്ടിവന്ന നിയമമന്ത്രിയും കാലഘട്ടവും ഇന്ത്യയില്‍ ഇതാദ്യമാണ്.

കിരണ്‍ റിജിജു പറഞ്ഞത് കൊളീജിയം സംവിധാനത്തെയും ജഡ്ജി നിയമനങ്ങളെയും കുറിച്ചാണ്. അതില്‍ നിയമമന്ത്രാലയവുമായി കൂടിയാലോചനകളില്ലെന്നും പറഞ്ഞുവയ്ക്കുകയാണ്. എന്നാല്‍, നരേന്ദ്രമോഡി ഭരണകാലത്ത് നടന്ന മുഴുവന്‍ ജഡ്ജി നിയമനങ്ങളിലും കൊളീജിയത്തിന്റെ തന്നിഷ്ടം നടന്നിട്ടില്ലെന്നത് പകല്‍പ്പോലെ വ്യക്തമാണ്. റിജിജുവിന്റെ ഉന്നമത്രയും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കൊളീജിയം നിയന്ത്രണത്തിനുമേല്‍ ആണെന്ന വസ്തുതയാണ് ഇവിടെ തെളിയുന്നത്. കോടതികള്‍ ഭരണകൂട രാഷ്ട്രീയത്തിനും താല്പര്യത്തിനും അനുസൃതമായ വിധികള്‍ പ്രസ്താവിക്കുന്നു എന്ന ആക്ഷേപങ്ങള്‍ പെരുകുന്നതാണ് കാലഘട്ടം. ഭരണകൂട ചെയ്തികളെ വിമര്‍ശിക്കുന്നവരെല്ലാം ജയിലറകളിലേക്ക് പോകേണ്ടിവരുന്നത് നിയമവും ന്യായാധിപന്മാരും വഴിയാണ്. ഇക്കാര്യങ്ങളില്‍ കിരണ്‍ റിജിജു ഖിന്നനായിരുന്നോ എന്ന സംശയം മാത്രമാണ് ബലപ്പെടുന്നത്. നിയമം നിയമത്തിന്റെ വഴിക്കും നിയമമന്ത്രി മറ്റൊരു വഴിക്കും ആയിരുന്നു എന്നതില്‍ നിര്‍ത്താം. ശേഷം ചര്‍ച്ചകള്‍ ഭൗമശാസ്ത്ര മന്ത്രാലയത്തിലെ പോര്‍ട്ട്ഫോളിയോ ചുമതലയിലുള്ള കിരണ്‍ റിജിജുവിന്റെ തൃപ്തിയെ അടിസ്ഥാനപ്പെടുത്തി തുടരാം.

ആരാണ് പുതിയ നിയമമന്ത്രി അർജുൻ രാം മേഘ്‌വാള്‍

നിലവില്‍ പാര്‍ലമെന്ററി കാര്യ, സാംസ്കാരിക വകുപ്പുകളുടെ സഹമന്ത്രിയാണ്. ഈ വകുപ്പുകളുടെ ചുമതലകള്‍ക്കുപുറമെയാണ് നിയമ‑നീതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലകൂടി നല്‍കിയിരിക്കുന്നത്. ബിജെപിയുടെ ലോക്‌സഭയിലെ ചീഫ് വിപ്പുമാണ്. രാജസ്ഥാനിൽനിന്നുള്ള ദളിത് നേതാവായ അർജുൻ രാം മേഘ്വാൾ, 15 ഉം 16 ഉം ലോക്‌സഭകളിൽ അംഗമായിരുന്നു.

ടെലിഫോൺ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം സര്‍വീസിലിരിക്കെ പഠിച്ച് ഐഎഎസ് നേടി. സിവിൽ സർവീസിൽനിന്നാണ് രാഷ്ട്രീയത്തിലെത്തിയത്. 2016ൽ ഒരു വര്‍ഷം ധനകാര്യ സഹമന്ത്രിയായി. കോര്‍പ്പറേറ്റ് കാര്യ വകുപ്പിന്റെ സഹമന്ത്രി ചുമതലയിലും പ്രവര്‍ത്തിച്ചു. 2013ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡും നേടിയിട്ടുണ്ട്. പാർലമെന്റിലെ സത്യപ്രതിജ്ഞാച്ചടങ്ങിന് സൈക്കിളിൽ വന്നത് മാധ്യമശ്രദ്ധനേടിയിരുന്നു.

തനി ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അര്‍ജുന്‍ റാമിനെ കാണാനാവില്ല. കറകളഞ്ഞ ആര്‍എസ്എസ്, ബിജെപി പ്രചാരകനും നരേന്ദ്രമോഡിയുടെ വിശ്വസസ്തനുമാണ്. മോഡി തന്റെ ആദ്യ മന്ത്രിസഭ മുതല്‍ ചേര്‍ത്തുനിര്‍ത്തിപ്പോന്ന അര്‍ജുന്‍ റാമിനെ നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയേല്‍പ്പിക്കുന്നതില്‍ ആസൂത്രിതമായ ലക്ഷ്യങ്ങളുണ്ടെന്നാണ് സംശയം. കേന്ദ്ര അന്വേഷണ ഏജന്‍സികളിലേതിനു തല്യമായ നീക്കങ്ങള്‍ ജുഡീഷ്യറിയെയും ഉപയോഗപ്പെടുത്തി നടത്തുന്നതിനുള്ള നരേന്ദ്രമോഡി ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് അര്‍ജുന്‍ റാം കരുത്താകുമെന്നാണ് സംഘ്പരിവാറും കരുതുക.

Eng­lish Sam­mury: naren­dra das mod­i’s Cab­i­net reshuf­fle-arjun ram Megh­w­al new Union Law Minster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.