രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കുന്നതിനായി നരേന്ദ്ര മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ച തൊഴില്‍ പ്രോല്‍സാഹന പദ്ധതി കടലാസില്‍ അവശേഷിച്ചു. 2024 ജൂലൈ മാസം പ്രഖ്യാപിച്ച പദ്ധതിയാണ് പ്രഖ്യാപനത്തിന് പിന്നാലെ ജലരേഖയായി മാറിയത്. യോഗ്യരായ തൊഴിലുടമകള്‍ക്ക് ശമ്പളവും പ്രോവിഡന്റ് ഫണ്ട് റിഇംമ്പേഴ്സ്മെന്റും വാഗ്ദാനം ചെയ്ത വമ്പന്‍ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
ഔപചാരിക മേഖലയില്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ഇഎല്‍ഐ) പദ്ധതിക്കായി 10,000 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇഎല്‍ഐ പദ്ധതിയുടെ അന്തിമ കരട് മന്ത്രിസഭയുടെ അംഗീകാരത്തിനായി നാളിതുവരെ സമര്‍പ്പിക്കാത്തതാണ് പദ്ധതിയുടെ നടുവൊടിച്ചത്.
മൂന്നു ഘട്ടമായി പദ്ധതി നടപ്പിലാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആദ്യ പദ്ധതിയില്‍ പ്രതിമാസം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ഓരോ പുതിയ ജീവനക്കാരനും പ്രതിമാസം 15,000 രൂപ വരെ വേതന സബ്സിഡി വാഗ്ദാനം ചെയ്തിരുന്നു. ഔപചാരിക തൊഴില്‍ മേഖലയിലേക്ക് ആദ്യമായി പ്രവേശിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. രണ്ടാമത്തെ സ്കീം പ്രകാരം നിയമന പരിധി പാലിക്കുന്ന തൊഴിലുടമകള്‍ക്ക് നാല് വര്‍ഷം ഗ്രേഡഡ് ശമ്പള സബ്സിഡി നല്‍കുന്നതായിരുന്നു 50 ല്‍ കൂടുതല്‍ ആദ്യമായി ജോലി ചെയ്യുന്നവരെയോ, അല്ലെങ്കില്‍ നിലവിലുള്ള തൊഴിലാളികളുടെ 25 ശതമാനം പേരെയോ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഏതാണ് കുറവ് അത് ആദ്യ രണ്ടുവര്‍ഷത്തേയ്ക്ക് ശമ്പളത്തിന്റെ 24 ശതമാനം, മൂന്നാം വര്‍ഷം 16, നാലാം വര്‍ഷം 8 ശതമാനം ലഭിക്കുന്ന വിധത്തിലായിരുന്നു. മുന്‍ വര്‍ഷം അധികമായി നിയമിച്ച ഓരോ ജീവനക്കാരനും പ്രതിമാസം 3000 രൂപ വരെയുള്ള പ്രോവിഡന്റ് ഫണ്ട് സംഭാവന തൊഴിലുടമകള്‍ക്ക് തിരികെ നല്‍കുന്നതായിരുന്നു മൂന്നാം ഘട്ടം.
പദ്ധതിക്കായി അനുവദിച്ച 10,000 കോടി രൂപ ഇതിനകം തിരികെ നല്‍കിയതായും തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ രേഖാമൂലം അറിയിച്ചു. പദ്ധതിക്കായി ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റി (ഇഎഫ്സി) അനുമതി നല്‍കിയെങ്കിലും കരട് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കാത്തതാണ് പദ്ധതി ഊര്‍ദ്ധശ്വാസം വലിക്കാന്‍ ഇടവരുത്തിയത്.
കഴിഞ്ഞ മാസം 28 നാണ് ഇഎഫ്സി പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. ഈവര്‍ഷം 14 ന് ചേര്‍ന്ന ഇഎഫ്സി യോഗത്തില്‍ പദ്ധതിയുടെ കരട് വീണ്ടും കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി ഓഫിസ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയാണ് വീണ്ടും കരട് നയം പരിശോധിക്കുക. തൊഴില്‍ പ്രോല്‍സാഹന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം ഉടനടി പരിഹരിക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. 2024–25 ല്‍ ധനകാര്യ വകുപ്പിന് അനുവദിച്ച 11,044.05 കോടി രൂപയില്‍ 10,000 കോടി രൂപ ഇഎല്‍ഐ പദ്ധതിക്ക് മാത്രമാണെന്നും തൊഴില്‍ മന്ത്രാലയം പാര്‍ലമെന്ററി സമിതിയെ അറിയിച്ചിരുന്നു. 2025–26 സാമ്പത്തിക വര്‍ഷം 20,000 കോടി രൂപയാണ് തൊഴില്‍ പ്രോല്‍സാഹന പദ്ധതിക്കായി മന്ത്രാലയം നീക്കി വെച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭ ഇതുവരെ അംഗീകാരം നല്‍കാത്ത പദ്ധതിയിലാണ് തൊഴില്‍ മന്ത്രാലയവും പരസ്പര വിരുദ്ധമായ കണക്കു് ബോധിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.