23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 28, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024

എതിരാളികളെ നിശബ്ദരാക്കാന്‍ മോഡിയുടെ റെയ്ഡ് രാജ്

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
March 26, 2022 10:10 pm

പ്രതിപക്ഷപാര്‍ട്ടി നേതാക്കളും വിമര്‍ശകരും ഉള്‍പ്പെടെയുള്ളവരെ നിശബ്ദരാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ‘റെയ്ഡ് രാജ്’. സിബിഐ, എന്‍ഐഎ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, കസ്റ്റംസ്, എന്‍സിബി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളും കള്ളപ്പണ നിരോധന നിയമം ഉള്‍പ്പെടെ നിയമങ്ങളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെയുള്ള മോഡിയുടെ പ്രധാന ആയുധമായി മാറിയിട്ടുണ്ട്. അതേസമയം ബിജെപിയിലെ നേതാക്കള്‍ക്കെതിരെയുള്ള സമാന ആരോപണങ്ങളും കേസുകളും നിശ്ചലാവസ്ഥയില്‍ തന്നെ തുടരുകയാണെന്നതും അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി പ്രധാനമന്ത്രി ഉപയോഗിക്കുന്നതിന്റെ തെളിവുകളാകുന്നു.

“മിണ്ടരുത്, നിങ്ങളുടെ മുഴുവന്‍ ജാതകവും എന്റെ കയ്യിലുണ്ട്” എന്നാണ് 2017 ഫെബ്രുവരിയില്‍ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ ഉദ്ദേശിച്ച് നരേന്ദ്രമോഡി പ്രഖ്യാപിച്ചത്. മൂന്ന് മാസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ ഉള്‍പ്പെടുത്തി ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ വഴി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നത്, ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ക്ക് മോഡിയുടെ പ്രധാന രാഷ്ട്രീയ ആയുധമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

തന്റെ എതിരാളികള്‍ക്കെതിരെ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുകയെന്നത് പ്രധാന അജണ്ടയായാണ് മോഡി നിശ്ചയിച്ചിരുന്നത്. ‘ജനംപത്രി’ (ജാതകം) എന്ന വാക്ക് ഇത്തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ കൈവശപ്പെടുത്തിയ എതിരാളികളുടെ വിവരങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഔദ്യോഗിക നിരീക്ഷണ സംവിധാനങ്ങളുടെ ദുരുപയോഗവും, സിവില്‍ സര്‍വീസിന്റെയും മിലിട്ടറി സര്‍വീസിന്റെയും രാഷ്ട്രീയവല്‍ക്കരണവും അധികാര ദുര്‍വിനിയോഗവും അധികാരകേന്ദ്രീകരണവും വര്‍ധിക്കുന്നതിന്റെ സൂചനകളായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. 

ഇന്ത്യയിലെ മറ്റൊരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ എതിരാളികളെ നിശബ്ദരാക്കാന്‍ ഉതകുന്ന കേസുകളുടെ വിവരങ്ങള്‍ കൈവശപ്പെടുത്തുന്നതിനും സൂക്ഷിച്ചുവയ്ക്കുന്നതിനും ആവശ്യമുള്ള സമയത്ത് ഉപയോഗിക്കുന്നതിനുമായി, ഭരണകൂട സംവിധാനങ്ങളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയമായി ബിജെപിയോടും പ്രധാനമന്ത്രിയോടും ചായ്‌വുള്ള, വിശ്വസ്തരായ ഉദ്യോഗസ്ഥരെ ഏജന്‍സികളുടെ കേന്ദ്ര സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും അവര്‍ രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പുറത്തുകളയുകയും ചെയ്യുന്നത് മോഡി പതിവാക്കി. വിരമിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ്, ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിനല്‍കിയതും രാകേഷ് അസ്താനയുടെയും ഗുജറാത്ത് കേഡര്‍ പൊലീസ് ഓഫീസറായ രാകേഷ് അസ്താനയ്ക്ക് സിബിഐ അഡീഷണല്‍ ഡയറക്ടറായി നിയമനം നല്‍കിയതും പിന്നീട് ഡല്‍ഹി പൊലീസ് കമ്മിഷണറാക്കിയതും ഉള്‍പ്പെടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്‍പ്പെടെയുള്ള നിരവധി നടപടികളുടെ ഉദാഹരണങ്ങള്‍ ഇതിനുണ്ട്. 

നവാബ് മാലിക്ക് ഉള്‍പ്പെടെയുള്ള എതിര്‍പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഭരണകൂട സംവിധാനങ്ങളുപയോഗിച്ച് പ്രതികാര നടപടികള്‍ സ്വീകരിക്കുമ്പോഴും, ബിജെപിയുടെ നേതാക്കള്‍ക്കെതിരെയുള്ള അഴിമതിക്കേസുകളിലും മറ്റും കണ്ണടച്ചിരിക്കുകയാണ് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റെയ്ഡുകളില്‍ സര്‍ക്കാരിന് യാതൊരു രാഷ്ട്രീയ താല്പര്യവുമില്ലെന്ന് കഴിഞ്ഞ മാസം മോഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ശാരദ അഴിമതി കേസിലുള്‍പ്പെട്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെ ഒരുനീക്കവും അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

Eng­lish Summary:Modi’s raid raj to silence his opponents
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.