അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിലൂടെ ഭരണ പരാജയം മറച്ചുവെച്ച് രാമന്റെ പേരിൽ അധികാരം നിലനിർത്തുവാനുള്ള കഠിന ശ്രമമാണ് നരേന്ദ്രമോഡി, അമിത്ഷാ കൂട്ടര്‍ ചെയ്യുന്നതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു. കട്ടപ്പനയിൽ സംഘടിപ്പിച്ച സി പി ഐ ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് അയോധ്യയിൽ ക്ഷേത്രം പണിതിരിക്കുന്നത്. ഹിന്ദു മതത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയും സംഘപരിവാറും കൂട്ടരും. ഗവർണർമാരെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയാണ് മോഡിയും കൂട്ടരും ചെയ്ത് വരുന്നത്. കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ വരുന്ന പ്രതിസന്ധികൾക്ക് കാരണം ഗവർണർമാർ മനപ്പൂർവമുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ഇത് വലിയ ഭരണ പ്രതിസന്ധിക്ക് കാരണമാകുകയാണ്. എതിർ രാഷ്ട്രീയ ചേരിയിലുള്ള നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിക്കുകയും അവരെ തങ്ങളുടെ പാർട്ടിയിലേക്ക് ചേർക്കുന്ന രീതിയുമാണ് മോഡി സർക്കാർ പിൻതുടർന്ന് വരുന്നത്. പ്രതിപക്ഷ നേതൃത്വം കൈയ്യാളാനുള്ള പ്രാപ്തി ഇന്ന് കോൺഗ്രസിന് ഇല്ല. ബഹുഭൂരിപക്ഷം വരുന്ന പ്രധാന നേതാക്കൾ ഉള്‍പ്പടെ സ്ഥാനമാനങ്ങൾ മോഹിച്ച് കോൺഗ്രസിൽ നിന്നും ബി ജെ പിയിലേയ്ക്ക് പോകുകയുമാണ്. രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കുവാൻ ഇന്ത്യാ മുന്നണിയുമായി യോജിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.
നരേന്ദ്ര മോഡിയുടെ 10 വർഷത്തെ ഭരണം കൊണ്ട് രാജ്യത്തിന്റെ കടം മൂന്നിരട്ടിയതാണ് ഭരണ നേട്ടം. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം 2014 വരെ ഉണ്ടായ കടം 55 ലക്ഷം കോടി രൂപയായിരുന്നു. നരേന്ദ്ര മോഡിയുടെ ഭരണം വന്നതിൽ പിന്നെ 9 വർഷം കൊണ്ടിത് 168 ലക്ഷം കോടി രൂപയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഇവരുടെ ഭരണ നേട്ടമെന്നും പ്രകാശ് ബാബു പറഞ്ഞു.
യോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനിർ, സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയംഗം കെ കെ അഷ്റഫ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ ശിവരാമൻ, വി കെ ധനപാൽ, ജോസ് ഫിലിപ്പ്, ജയ മധു, ഇ എസ് ബിജിമോൾ, പി പളനിവേൽ, പ്രിൻസ് മാത്യു, പി മുത്തുപാണ്ടി, സി യു ജോയി, എൻ കെ പ്രിയൻ, വി ആർ ശശി എന്നിവര്‍ സംസാരിച്ചു.
English Summary: Modi’s Ram Temple construction to cover up governance failure: K Prakash Babu
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.