12 June 2024, Wednesday

Related news

April 9, 2024
February 20, 2024
February 18, 2024
February 16, 2024
February 16, 2024
December 3, 2023
November 15, 2023
August 27, 2023
July 25, 2023
July 3, 2023

വധശിക്ഷ തന്നെ ഒഴിവാക്കണം

അഡ്വ. കെ പ്രകാശ്ബാബു
March 26, 2023 6:00 am

കോടതി മുഖേന ”മനുഷ്യനെ തൂക്കിക്കൊല്ലുന്ന നടപടി ഒഴിവാക്കിക്കൂടെ” എന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീഠം കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരിക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, തൂക്കിക്കൊല്ലുന്നതിനെക്കാൾ വേദനയില്ലാത്തതും പരിഷ്കൃതവുമായ മറ്റേതെങ്കിലും മാർഗങ്ങൾ വധശിക്ഷയ്ക്കായി നിർദേശിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വധശിക്ഷ ഒഴിവാക്കാനല്ല, തൂക്കിക്കൊല ഒഴിവാക്കുന്ന കാര്യം മാത്രമെ ചീഫ് ജസ്റ്റിസ് പുനഃപരിശോധനയ്ക്ക് പറഞ്ഞിട്ടുള്ളു. ആരാച്ചാരും തൂക്കുകയറും ഭയത്തിന്റെയും പ്രാകൃതരീതിയുടെയും ഒരു ചിഹ്നമാണ്. മരണംവരെ തൂക്കിലിടുന്ന രീതി നിശ്ചയമായും മനുഷ്യത്വരഹിതവും പ്രാകൃതവുമാണ്. ഇത് അവസാനിപ്പിക്കണമെന്ന ചിന്തയ്ക്കു തന്നെ ഒരായിരം അഭിവാദ്യങ്ങൾ. എന്നാൽ വധശിക്ഷതന്നെ ഇനിയും തുടരണമോ എന്നുകൂടി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ഒരു വർഷത്തിനുശേഷം ബ്രിട്ടീഷ് സൈന്യം അടിച്ചമർത്തിയപ്പോൾ അന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് ബ്രിട്ടീഷുകാർ ഒരുമിച്ച് തൂക്കിക്കൊന്നത്. ഇത്രയധികം ആളുകളെ തൂക്കിക്കൊല്ലുന്നതിന് ആവശ്യമായ കഴുമരങ്ങൾ ഇല്ലാത്തതുകൊണ്ട് ആൽമരങ്ങളുടെ കൊമ്പുകളിൽ ഇന്ത്യക്കാരെ കെട്ടിത്തൂക്കി വിധി നടപ്പാക്കുകയായിരുന്നു ഇന്ത്യയിലെ ബ്രിട്ടീഷ് കോടതി. രാജഭരണകാലത്തെ തലവെട്ടിക്കളയുന്ന ശിക്ഷാരീതിയെക്കാൾ പൈശാചികവും മറ്റുള്ളവരിൽ ഭയം ജനിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് ബ്രിട്ടീഷുകാർ ഈ മാർഗം അന്ന് സ്വീകരിച്ചത്. ഇന്നു മനുഷ്യരും ലോകവും എത്രയോ മാറി. നിരവധി രാജ്യങ്ങൾ വധശിക്ഷ നിരോധിച്ചു. റഷ്യ 1996ൽ വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. അതിനുശേഷം ആരെയും വധശിക്ഷയ്ക്കു വിധിച്ചിട്ടില്ല. 26 രാജ്യങ്ങൾ വധശിക്ഷ ഇന്ന് പ്രായോഗികതലത്തിൽ നടപ്പിലാക്കുന്നില്ല. വ്യവസ്ഥയുണ്ടെങ്കിലും ബെൽജിയം, ഓസ്ട്രിയ, ഡെന്‍മാർക്ക് വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ 1950നു ശേഷവും നെതർലന്റ്സ് 1952നു ശേഷവും ഇറ്റലി 1947നു ശേഷവും ആർക്കും വധശിക്ഷ നല്കിയിട്ടില്ല. നിരവധി രാജ്യങ്ങൾ തങ്ങൾക്കു സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. അതി‌ഗുരുതരമായ ചില കുറ്റങ്ങൾക്കുമാത്രം വധശിക്ഷ നിലനിർത്തിയിട്ടുള്ള രാജ്യങ്ങളും ഉണ്ട്.

ഇന്ത്യയിൽ മനഃപൂർവമുള്ള നരഹത്യ, ബലാത്സംഗം, തീവ്രവാദം, യുദ്ധക്കുറ്റങ്ങൾ, കൂട്ടനരഹത്യ തുടങ്ങി ചില ക്രിമിനൽ കുറ്റങ്ങൾക്കും ഏതാനും ചില സംസ്ഥാന നിയമങ്ങളിലും വധശിക്ഷ നിലനിൽക്കുന്നു. രാജ്യത്ത് വിവിധ കുറ്റങ്ങൾക്കായി വധശിക്ഷ കാത്ത് ജയിലുകളിൽ കഴിയുന്നവർ ഇപ്പോൾ 488 ആണ്. ഇന്ത്യയിലെ വധശിക്ഷ മരണംവരെ തൂക്കിലിടുകയെന്നതാണ്. കഴുത്തു മുറുകി അന്ത്യശ്വാസം വലിക്കുന്നതുവരെ തൂക്കിലിടുകയെന്ന പ്രാകൃതവും പ്രാചീനവുമായ ശിക്ഷാരീതിയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ ഇപ്പോഴും പിൻതുടരുന്നത്. ക്രിമിനൽ നടപടി നിയമ(1898)ത്തിന്റെ മൂലനിയമമനുസരിച്ച് നരഹത്യക്ക് ശിക്ഷിക്കപ്പെടുന്ന കുറ്റവാളിക്ക് വധശിക്ഷ തന്നെ നൽകണമായിരുന്നു. 1973ൽ സിആർപിസി നിയമം ഭേദഗതി ചെയ്തിട്ടാണ് ഇത് ഒഴിവാക്കി ജീവപര്യന്തം തടവ് നരഹത്യക്കുള്ള സാധാരണ ശിക്ഷയാവുകയും വധശിക്ഷ വളരെ അപവാദമാവുകയും ചെയ്തത്. 1968ൽ ലോ കമ്മിഷൻ ഓഫ് ഇന്ത്യ, വധശിക്ഷ വളരെ ഗൗരവമായി പരിശോധിച്ചിരുന്നതിന്റെ കൂടി വെളിച്ചത്തിൽ ആണ് ഈ മാറ്റം ഉണ്ടായത്. എന്നാൽ 1980ലെ ബച്ചൻസിങ് കേസിൽ (പഞ്ചാബ്) വധശിക്ഷയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ സജീവ പരിഗണനയിൽ വീണ്ടും വന്നു. ഈ കേസിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് അംഗങ്ങളുടെ ഭൂരിപക്ഷ വിധിയിൽ വധശിക്ഷ ഭരണഘടനാ വിരുദ്ധമല്ലെന്നും ”അപൂർവങ്ങളിൽ അപൂർവമായ” കേസുകളിൽ കുറ്റകൃത്യത്തിന്റെ ഗൗരവവും കുറ്റവാളിയുടെ രീതി സമീപനങ്ങളുടെയും പശ്ചാത്തലത്തിൽ വധശിക്ഷയാകാമെന്ന് വിധിച്ചത്.

വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് പി എൻ ഭഗവതി ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് തന്നെ ചൂണ്ടിക്കാണിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ ലംഘനമാണ് ഇതെന്ന വാദഗതി പലപ്പോഴും ഉന്നത നീതിപീഠത്തിന്റെ മുമ്പിൽ സജീവമായ ചർച്ചയായി വന്നിട്ടുണ്ട്. 2018ൽ ഛത്തീസ്ഗഢിലെ ചന്നുലാൽ വർമ്മയുടെ കേസ് പരിഗണിക്കവെ സുപ്രീം കോടതിയിൽ ജസ്റ്റിസ് കുര്യൻ ജോസഫ് വധശിക്ഷയുടെ ഭരണഘടനാ സാധുത പരിശോധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നഭിപ്രായപ്പെടുകയുണ്ടായി. ഇപ്പോൾ എന്തായാലും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂ‍ഡും ജസ്റ്റിസ് നരസിംഹയും അംഗങ്ങളായ ഡിവിഷൻ ബെഞ്ച് ”തൂക്കിക്കൊല്ലുന്ന” നിയമത്തിന്റെ വഴി പുനഃപരിശോധിക്കാൻ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്. തൂക്കിലിടുന്നതിനേക്കാൾ വേദന കുറഞ്ഞ മറ്റേതെങ്കിലും മാർഗം വധശിക്ഷ നടപ്പിലാക്കാൻ ഉണ്ടോ എന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ നിർദേശിക്കാനാണാവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ മറ്റു പല രാജ്യങ്ങളിലെയും സമ്പ്രദായങ്ങളെക്കുറിച്ചു പഠിക്കാൻ (മാരക വിഷം കുത്തിവയ്ക്കുന്നത് ഉൾപ്പെടെ) സമിതിയെ നിർദേശിക്കുന്ന കാര്യം കോടതി ആലോചിക്കുന്നതായും വാർത്തകളുണ്ട്.

തൂക്കിക്കൊല അവസാനിപ്പിക്കലല്ല വധശിക്ഷ തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും ഗൗരവമായി ആലോചിക്കുകയാണ് വേണ്ടത്. വധശിക്ഷയ്ക്കു പകരം നരഹത്യ, ബലാത്സംഗം, കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവയ്ക്ക് പരോളിനുപോലും അർഹതയില്ലാത്ത ജീവിതാവസാനം വരെയും തടവിൽ കഴിയുക എന്ന നിലയിൽ ആവശ്യമായ നിയമഭേദഗതി ഇന്ത്യൻ ശിക്ഷാനിയമത്തിലും മറ്റു ബന്ധപ്പെട്ട നിയമങ്ങളിലും വരുത്താവുന്നതാണ്. നീണ്ട ജയിൽവാസങ്ങളിൽക്കൂടി മനഃപരിവർത്തനം ഉണ്ടാക്കിയെടുത്ത് കുറ്റവാളികളെ മനുഷ്യജന്മങ്ങളാക്കി മാറ്റാനുള്ള റിഫോർമേറ്റീവ് തിയറിക്ക് മുൻഗണന കൊടുക്കുകയും വധശിക്ഷ ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും വേണം.

 

Eng­lish Sam­mury: k prakash babu columns, Death penal­ty itself should be avoided

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.