19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 28, 2024
October 25, 2024
October 21, 2024

ജമ്മു കശ്മീരിനെ കുറിച്ചുള്ള മോഡിയുടെ മോടിപറച്ചില്‍ വലിയ നുണ: ജി എം മിസ്റാബ്

Janayugom Webdesk
October 17, 2022 10:36 pm

ജമ്മു കശ്മീരിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂട്ടരും പ്രചരിപ്പിക്കുന്നതത്രയും വലിയ നുണകളാണെന്ന് സിപിഐ കശ്മീർ സംസ്ഥാന സെക്രട്ടറി ജി എം മിസ്റാബ്. ഒരു ഭാഗത്തു മിലിറ്ററി(സൈന്യം)യും മറ്റൊരു ഭാഗത്ത് മിലിറ്റൻസി(ഭീകരവാദം)യും കശ്മീർ ജനതയുടെ സാധാരണ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സിപിഐ ഉൾപ്പെടെയുള്ള എല്ലാ ജനകീയ പ്രസ്ഥാനങ്ങളുടെയും ബഹുജന സംഘടനകളുടെയും പ്രവർത്തനം ഒളിവുകാലത്തെന്നതുപോലെയാണ് നടക്കുന്നത്. ഒന്നിലധികം പേർ ഒരുമിച്ച് ചേർന്നാൽ അവർക്കുമേൽ സൈന്യത്തിന്റെയും ഇന്റലിജൻസിന്റെയും കടുത്ത നിരീക്ഷണം ഉണ്ടായിരിക്കും. അതല്ലെങ്കിൽ ഭീകരരുടെ കടന്നാക്രമണവും നടന്നേക്കാം. ചെറുതും വലുതുമായ ആൾക്കൂട്ടങ്ങളെ ഭയക്കുന്ന കേന്ദ്ര ഭരണകൂടം കശ്മീർ താഴ്‌വരയെ സൈന്യത്തിന്റെയും ഭീകരവാദികളുടെയും വിഹാര കേന്ദ്രമാക്കിയിരിക്കുന്നു. കടകളിലെത്തുന്ന സാധാരണക്കാർ പോലും നിരീക്ഷണവലയത്തിലാണ്. സാധനങ്ങൾ വാങ്ങി ഉടൻ തിരിച്ചു പോകുന്നില്ലെങ്കിൽ അവർ ചോദ്യം ചെയ്യപ്പെടും. കണ്ടുമുട്ടുന്ന കൂട്ടുകാരുമായോ ബന്ധുക്കളുമായോ സംസാരിക്കുകയാണെങ്കിൽ ഔദ്യോഗിക വേഷത്തിലോ അല്ലാതെയോ എത്തുന്ന സൈനികരുടെ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടിയും വരും. ഓരോ നൂറു മീറ്ററിലും തോക്കേന്തിയ സൈനികർ പ്രധാനപാതകളിലെയും ഇടവഴികളിലെയും നിത്യ കാഴ്ചയാണ്. 

നേരത്തെയും കശ്മീരിന്റെ സ്ഥിതി ഇതുതന്നെയായിരുന്നെങ്കിലും പ്രത്യേക അധികാരം എടുത്തു കളഞ്ഞ് ഭരണഘടനാഭേദഗതി നടപ്പിൽ വന്ന 2019 ഓഗസ്റ്റിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. ഉള്ള പ്രവർത്തകരെപോലും ഒരുമിപ്പിച്ചു കൂട്ടി യോഗം ചേരുന്നതിനുള്ള സൗകര്യം ബിജെപിയും സംഘ്പരിവാറും അല്ലാത്ത ഒരു സംഘടനകൾക്കും ഇല്ല. സംഘപരിവാർ സംഘടനകളുടെ യോഗത്തിന് ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന് പ്രചരിപ്പിച്ച് പൊലീസിന്റെയും പട്ടാളത്തിന്റെയും കാവലുമുണ്ടാകും. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് പോലും ഇല്ലാത്ത അസ്വാതന്ത്ര്യവും അടിമത്തവും ആണ് കശ്മീരിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്നതെന്ന് മിസ്റാബ് പറഞ്ഞു.

വിനോദ സഞ്ചാരവും ആപ്പിള്‍ തോട്ടങ്ങളുമായിരുന്നു കശ്മീരിന്റെ പ്രധാന വരുമാന സ്രോതസ്. ആപ്പിള്‍ തോട്ടങ്ങളില്‍ മനസമാധാനത്തോടെ വിളവെടുപ്പ് സാധ്യമാകുന്നില്ല. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് കോടി രൂപയാണ് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഓരോ വര്‍ഷവും നഷ്ടമുണ്ടാകുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ വസ്തുത മറിച്ചാണെന്നും കശ്മീര്‍ സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Modi’s talk about Jam­mu and Kash­mir is a big lie: GM Misrab
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.