23 December 2024, Monday
KSFE Galaxy Chits Banner 2

മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ കാണാപ്പുറം

Janayugom Webdesk
June 27, 2023 5:00 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ്, ഈജിപ്റ്റ് സന്ദർശനഫലത്തെപ്പറ്റി മന്ത്രിസഭാംഗങ്ങളും ബിജെപി വൃത്തങ്ങളും ‘ഗോദിമീഡിയയും’ അത്യന്തം ആവേശഭരിതരാണ്. പ്രധാനമന്ത്രിക്ക് വൈറ്റ്ഹൗസിൽ ലഭിച്ച സ്വീകരണം, യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ വീണ്ടും ലഭിച്ച അവസരം, അമേരിക്കൻ ബഹുരാഷ്ട്ര കോർപറേറ്റ് മേധാവികളുമായുള്ള കൂടിക്കാഴ്ച, സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറുകളും ധാരണാപത്രങ്ങളും തുടങ്ങിയവയാണ് അവരെ ഹരംപിടിപ്പിക്കുന്നത്. മറുവശത്ത് സന്ദർശനവേളയിൽ യുഎസ് രാഷ്ട്രീയവൃത്തങ്ങൾ, മാധ്യമങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, പ്രവാസി ഇന്ത്യൻ സമൂഹം എന്നിവ ഉയർത്തിയ വിമർശനങ്ങൾ, പ്രതിഷേധങ്ങൾ, ബഹിഷ്കരണം എന്നിവയെല്ലാം ഇന്ത്യൻ പ്രതിപക്ഷത്തിന്റെ പ്രേരണയാൽ നടന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളായി വ്യാഖ്യാനിക്കാനാണ് അവർ ശ്രമിക്കുന്നത്. അതിലൂടെ പുറത്തുവരുന്നത് വിമർശനങ്ങളോടുള്ള മോഡി സർക്കാരിന്റെ പതിവ് അസഹിഷ്ണുതയും വിമർശകരോടും രാഷ്ട്രീയ എതിരാളികളോടുമുള്ള വിദ്വേഷം വമിപ്പിക്കൽ പ്രവണതയുമാണ്. വിമർശനങ്ങൾ ആത്മപരിശോധനയ്ക്കുും തിരുത്തലിനുമുള്ള അവസരമാണെന്ന് തിരിച്ചറിയാനുള്ള ജനാധിപത്യബോധം അവർക്കില്ലെന്ന് പ്രധാനമന്ത്രിപദമേറി ഒമ്പതുവർഷങ്ങൾക്കുശേഷം ആദ്യമായി പത്രപ്രവർത്തകരെ അഭിസംബോധന ചെയ്ത മോഡിയുടെ മറുപടിയിലൂടെ ലോകം തിരിച്ചറിയുകയുണ്ടായി.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവേളയിൽ ഒപ്പുവച്ച കരാറുകളുടെ യഥാർത്ഥ ചിത്രം ഇനിയും മറനീക്കി പുറത്തുവരാനിരിക്കുന്നതേയുള്ളു. ബിജെപി ക്യാമ്പിലെ ആഘോഷങ്ങൾക്കപ്പുറം ആ കരാറുകളിൽ മിക്കതും ദക്ഷിണേഷ്യന്‍ മേഖലയില്‍ ഇന്ത്യയെ ഭൗമരാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്തുമെന്നും ആഗോള രാഷ്ട്രീയത്തിൽ പരമാധികാരം നഷ്ടപ്പെട്ട് യുഎസിന്റെ കേവലം ഉപഭോക്തൃ രാജ്യമാക്കി മാറ്റുമെന്നും കാലം തെളിയിക്കും. ഏകധ്രുവലോകാനന്തര ആഗോള രാഷ്ട്രീയത്തിന്റെ ഭൂമിക യുഎസും ചൈനയും നേതൃത്വം നൽകുന്ന, പരസ്പരം മുഖാമുഖം നിൽക്കുന്ന, ഒരു ബഹുധ്രുവ ലോകമാണ്. ഇന്ത്യ ഉൾക്കൊള്ളുന്ന ദക്ഷിണേഷ്യയിലാവട്ടെ ഏതാണ്ടെല്ലാ അയൽരാജ്യങ്ങളും ‘ബെൽറ്റ് റോഡ്’ സാമ്പത്തിക പദ്ധതിയടക്കം ചൈനയുടെ സ്വാധീനത്തിലാണെന്നത് അനിഷേധ്യ യാഥാർത്ഥ്യമാണ്. യുഎസിനാകട്ടെ തങ്ങളുടെ സാമ്പത്തിക, വാണിജ്യ, സൈനിക താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയെപ്പോലെ ഒരു പ്രധാന ശക്തിയുടെ സഖ്യം അനിവാര്യമാണ്. അവർക്ക് ഇന്ത്യ‑പസഫിക് സമുദ്ര മേഖലയിൽ വർധിച്ചുവരുന്ന ചൈനയുടെ സാന്നിധ്യവും സ്വാധീനവും കണക്കിലെടുക്കുമ്പോൾ സ്വന്തം നേതൃത്വത്തിൽ ഓസ്ട്രേലിയയും ജപ്പാനും ഇന്ത്യയും ഉൾപ്പെട്ട ‘ക്വാഡ്’ ഉത്തര അറ്റ്ലാന്റിക് കരാർ സംഘടന (നാറ്റോ) യോളം, നിർണായകമാണ്. പ്രധാനമന്ത്രി യാതൊരു ദേശീയ സമവായവുംകൂടാതെ യുഎസിന്റെ ചതിക്കുഴിയിൽ ചാടുകയാണ് ചെയ്തിട്ടുള്ളത്. മോഡി അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിലെത്തുമെന്നുള്ള കണക്കുകൂട്ടലിലാണ് ബൈഡൻ സ്വന്തം പാർട്ടിയിലെയും രാജ്യത്തെയും എതിർപ്പുകളെയും വിമർശനങ്ങളെയും വകവയ്ക്കാതെ ഇപ്പോഴത്തെ സാഹസത്തിനു മുതിർന്നിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: രാജ്യത്തിനായി ഒന്നിക്കുക


യുഎസിന് ഇന്ത്യാ സമുദ്രത്തിൽ ഇന്ത്യയോളം അനുയോജ്യമായ സൈനിക പങ്കാളിയെയും സൈനികത്താവളത്തെയും കണ്ടെത്താനാകില്ല. ഫലത്തിൽ യുഎസിന്റെ നയതന്ത്ര കൗശലത്തിൽ രാജ്യത്തിന്റെ പരമാധികാരം കൈവെടിഞ്ഞ് രാജ്യത്തെയും ജനങ്ങളെയും അവരുടെ ഉപഭോക്തൃ (ക്ലൈന്റ്) രാഷ്ട്രമാക്കുകയാണ് മോഡിയും ബിജെപിയും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ചെറുവിരൽപോലും അനക്കാത്തവരിൽനിന്നും അതിലേറെ പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും. കൊട്ടിഘോഷിക്കപ്പെട്ട വിമാന എന്‍ജിൻ സാങ്കേതികവിദ്യാ കൈമാറ്റം തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള മറ്റൊരു ‘ജുംല’ യാണെന്ന് ഇതിനകം പുറത്തുവന്ന പഠനങ്ങളും വിശകലനങ്ങളും വ്യക്തമാക്കുന്നു. ജനറൽ ഇലക്ട്രിക്കിന്റെ (ജിഇ) വിമാന എന്‍ജിന്റെ കേവലം അഞ്ചുശതമാനം സാങ്കേതികവിദ്യ മാത്രമായിരിക്കും ഇന്ത്യക്കു ലഭിക്കുക എന്ന് അഭിജ്ഞവൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്‍ജിൻ ഇന്ത്യയിൽ കൂട്ടിയിണക്കുന്ന ‘സ്ക്രൂഡ്രൈവർ ടെക്നോളജി’ കൊണ്ട് ‘മേക്ക് ഇൻ ഇന്ത്യക്ക് ’ സായൂജ്യമടയേണ്ടിവരും. ആഘോഷിക്കപ്പെടുന്ന മറ്റൊരു കരാർ ഡ്രോണുകൾ സംബന്ധിച്ചതാണ്. മുന്നൂറുകോടി ഡോളർ (ഇരുപത്തിനാലായിരംകോടി രൂപ) നൽകി വാങ്ങാൻപോകുന്നത് ജനറൽ അറ്റോമിക്സിന്റെ (ജിഎ) കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ്. നിർമ്മിതബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന പുതുതലമുറ ഡ്രോണുകൾക്കുപകരമാണ് ശത്രുവിന് വേഗം തകർക്കാൻ കഴിയുന്ന വിറ്റഴിയാച്ചരക്കുകൾ മോഡി രാജ്യത്തിന്റെ തലയിൽ കെട്ടിയേല്പിക്കുന്നത്. വരുംദിവസങ്ങളിൽ മോഡി യുഎസുമായി ഉണ്ടാക്കിയ കരാറുകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും. അപ്പോഴേ ആഘോഷിക്കപ്പെടുന്ന യുഎസ് സന്ദർശനത്തിന്റെ യഥാർത്ഥചിത്രം ജനങ്ങൾക്ക് ബോധ്യമാവു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.