9 May 2024, Thursday

രാജ്യത്തിനായി ഒന്നിക്കുക

Janayugom Webdesk
June 25, 2023 5:00 am

വിശാല പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചിന്ത പലപ്പോഴും അമൂർത്തമായിരുന്നു. പല രാഷ്ട്രീയ വിശകലന വിദഗ്ധരും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളും ഉന്നയിച്ചിരുന്നു. ബിജെപിയാകട്ടെ ആരംഭത്തിൽ തന്നെ അവസാനിക്കുന്ന ആശയമായി ഇതിനെ പരിഹസിച്ചു. രാജ്യത്ത് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് തിരിച്ചറിയുന്നവർ പോലും വിശാല ഐക്യവുമായി ബന്ധപ്പെട്ട പ്രക്രിയയുടെ മെല്ലെപ്പോക്കിൽ നിരാശരായി. എന്നാൽ സകല നിഷേധാത്മക ധാരകളിലും തളരാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മഹത്തായ ഈ ആശയത്തിന്റെ സാക്ഷാത്ക്കാരത്തിനായി നിരന്തരം പ്രചാരണം നടത്തി. ആർഎസ്എസ് നിയന്ത്രിത ബിജെപി സർക്കാർ രാജ്യത്തിന്റെ മതേതര-ജനാധിപത്യ അസ്തിത്വത്തെ ഇല്ലാതാക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ അതിനെ എല്ലാ വിധേനയും ചെറുക്കാനുള്ള തന്ത്രങ്ങളും പദ്ധതികളും പാർട്ടിയുടെ ആലോചനയായിരുന്നു. 2015ൽ നടന്ന പുതുച്ചേരി പാർട്ടി കോൺഗ്രസ് ‘മതേതരത്വം, ജനാധിപത്യം, ജനപക്ഷ നയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിശാലമായ ഇടതുപക്ഷ ജനാധിപത്യ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങൾ’ നടത്താൻ തീരുമാനിച്ചു. എല്ലാ മതനിരപേക്ഷ, ജനാധിപത്യ, ഇടതുപക്ഷ ശക്തികളുടെയും വിശാല ഐക്യത്തിനായി സിപിഐ തുടർച്ചയായി പ്രവർത്തിച്ചു. ആർഎസ്എസ്-ബിജെപി പ്രതിനിധീകരിക്കുന്നത് വർഗീയ‑ഫാസിസമെന്നും ജനങ്ങളുടെ പ്രധാന ശത്രു അതാണെന്നതിലും സിപിഐക്ക് സംശയമില്ല. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് ധാരണയിൽ മുഖ്യശത്രുവിനെതിരെ പോരാടാനുള്ള വിശാല ഐക്യത്തിന് ഉന്നതമായ പങ്ക് നൽകാൻ സിപിഐക്ക് കഴിഞ്ഞു. ഈ അഭിമാനബോധത്തോടെയാണ് പട്ന യോഗത്തിൽ പാർട്ടി പങ്കെടുത്തത്.


ഇത് കൂടി വായിക്കൂ: ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം | Janayugom Editorial


2014ൽ ആർഎസ്എസ്-ബിജെപി ഭരണകൂടം 31 ശതമാനം വോട്ടിന്റെ പിൻബലത്തിലാണ് അധികാരത്തിൽ ഏറുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ 37.4 ശതമാനം വോട്ടിന്റെ പിൻബലത്തിൽ അവർ വീണ്ടും അധികാരത്തിലേറി. പ്രതിപക്ഷ കക്ഷികൾക്കിടയിലെ അനൈക്യവും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ സാധ്യമായ തിരിമറിയുമാണ് ബിജെപിക്ക് വിജയം സമ്മാനിച്ചത്. എതിർ സ്വരങ്ങളെയും വോട്ടുകളെയും ഭിന്നിപ്പിക്കാനും അതുവഴി വിജയപാത ഉറപ്പാക്കാനും ബിജെപിക്കും ചേർന്നുള്ളവർക്കും സാധിച്ചു. എന്നാൽ ബിജെപി ഭരണം രാജ്യത്തിനും ജനങ്ങൾക്കും കഷ്ടപ്പാടുകളും നാശങ്ങളും മാത്രമാണ് നൽകിയത്. വർത്തമാനകാലം ആർഎസ്എസിന്റെ ഫാസിസ്റ്റ് ആശയങ്ങൾ നയിക്കുന്ന ബിജെപി ഭരണകൂടത്തിനെ പുറത്താക്കേണ്ടതിന്റെ അടിയന്തര അനിവാര്യത പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തുന്നുമുണ്ട്. പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇതിനാൽ തന്നെ പ്രാധാന്യം അർഹിക്കുന്നു. രാജ്യത്ത് സംഘർഷത്തിന്റെയും കലാപത്തിന്റെയും ദിവസങ്ങൾക്കറുതിയില്ല. സാധാരണക്കാരുടെ ജീവന് വിലയോ മാനമോ ഇല്ല. മണിപ്പൂർ അതിന്റെ സാക്ഷ്യമാണ്. വമ്പൻ പ്രചാരണ മാമാങ്കങ്ങളിലൂടെ പരാജയങ്ങളെ മറയ്ക്കാൻ വേദിയൊരുക്കുന്നു. ആൾദൈവങ്ങളുടെയും സംഘ്പരിവാർ നേതാക്കളുടെയും പേരിൽ വലിയ നിർമ്മിതികൾ കെട്ടിപ്പടുക്കുന്നു. ജനാധിപത്യ തത്വങ്ങളും മതനിരപേക്ഷ മൂല്യങ്ങളും കാറ്റിൽ പറത്തുന്നത് എങ്ങനെയെന്ന് പുതിയ പാർലമെന്റ് മന്ദിരവും അതിന്റെ ഉദ്ഘാടന രീതികളും ബോധ്യപ്പെടുത്തി. വനിതാ ഗുസ്തിതാരങ്ങള്‍ പേറുന്ന അപമാനവും വേദനയും മണിപ്പൂരിലെ ജനങ്ങളുടെ ദുരിതവും ശാന്തമാക്കുംവിധം ഒരു വാക്ക് ഉരിയാടാൻ പോലും രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് നേരമില്ല. വലുതും ചെറുതുമായ, പഴയതോ പുതിയതോ, പ്രാദേശികമോ ദേശീയമോ ആയ പാർട്ടികളെല്ലാം രാജ്യം അഭിമുഖീകരിക്കുന്നതും ഉയർന്നുവരുന്നതുമായ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉതകും വിധം ജി20 യുടെ പോലും സമയവും ബന്ധപ്പെട്ട പരിപാടികളും കേന്ദ്രഭരണകൂടം രൂപകല്പന ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പിനോടുള്ള ആർഎസ്എസ്-ബിജെപിയുടെ അഭിനിവേശം ഇത്രയേറെയാണ്. പട്നയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വർഗീയ ക്യാമ്പിനെ വല്ലാതെ അലോസരപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ഭിന്നത ചൂണ്ടിക്കാട്ടി ഈ ഐക്യ പ്രക്രിയയുടെ രാഷ്ട്രീയ പ്രാധാന്യത്തെ ഇകഴ്ത്താനും താഴ്ത്തിക്കെട്ടാനുമാണ് അവരുടെ ശ്രമം. പട്നയിലെ യോഗത്തിന് എത്തിയവർ വിവിധ വിഷയങ്ങളിൽ വേറിട്ട വീക്ഷണങ്ങൾ പുലർത്തുന്നവരാണ്. അവരുടെ വർഗസമീപനങ്ങളും പ്രത്യയശാസ്ത്ര‑രാഷ്ട്രീയ നിലപാടുകളും വ്യത്യസ്തമാണ്. ഇന്ത്യയെപ്പോലുള്ള വിശാലവും വൈവിധ്യപൂർണവുമായ ഒരു രാജ്യത്ത് അതിനുള്ള കാരണങ്ങൾ സ്വാഭാവികവുമാണ്. പങ്കെടുത്ത പാർട്ടികൾക്ക് വിവിധ ദേശീയ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്.


ഇത് കൂടി വായിക്കൂ: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് | JANAYUGOM EDITORIAL


സംസ്ഥാനങ്ങളിൽ പരസ്പരം നേരിട്ട് ഏറ്റുമുട്ടുന്നവരുമുണ്ട്. പക്ഷേ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ തരണംചെയ്യാൻ അവർ ഒന്നിക്കുന്നു. വിദ്വേഷ ശക്തികൾ അഴിച്ചുവിട്ടതും വംശീയ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രം വളർത്തിയെടുത്തതുമായ ആശയസംഹിത രാജ്യം ഭരിക്കുകയാണ്. രാജ്യത്തിന്റെ മുഖ്യശത്രു ആർഎസ്എസിന്റെ വർഗീയ ഫാസിസമാണെന്ന ബോധ്യം പട്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന പാർട്ടികൾ തിരിച്ചറിയുന്നുമുണ്ട്. വാദപ്രതിവാദങ്ങളുടെ സമയമല്ലെന്നും സാമാന്യതകൾ ഉയർത്തിക്കാട്ടാനും ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന ശക്തികൾക്കെതിരെ യോജിച്ച മുന്നേറ്റത്തിനുള്ള സാധ്യത സൃഷ്ടിക്കാനുമുള്ള സമയമാണിത്. ആർഎസ്എസ്-ബിജെപിയുടെ പിടിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ദൗത്യത്തിന് പട്ന സമ്മേളനം ഒരു തുടക്കം മാത്രമാണ്. യോഗത്തിൽ സ്വാഭാവികമായും നിരവധി നിർദേശങ്ങളും ആശയങ്ങളും ഉയർന്നിട്ടുണ്ട്. പരസ്പര നിലപാടുകൾ മനസിലാക്കാൻ പാർട്ടികൾക്ക് വഴിയാകുകയും ചെയ്തു. എന്നാൽ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക വോട്ടെടുപ്പിന് ശേഷമുള്ള സാഹചര്യത്തിൽ മാത്രമാണ്. പ്രതിപക്ഷ പാർട്ടികളെ പട്നയിലേക്ക് കൊണ്ടുവന്ന രാഷ്ട്രീയ തയ്യാറെടുപ്പ് രാഷ്ട്രീയ മണ്ഡലത്തിൽ ഉയരുന്ന ചോദ്യങ്ങൾക്കെല്ലാം പരിഹാരങ്ങളും ഉത്തരങ്ങളും കണ്ടെത്തുന്നതിനുള്ള വഴിയാണ് നിർമ്മിക്കാൻ ആരംഭിച്ചത്. നിരന്തര ചർച്ചകളും അത്തരം കൂടിവരവുകളുടെ കൂടുതൽ വേദികളും ആവശ്യമാണ്. വിപ്ലവകാരിയായ ഗ്വാട്ടിമാലൻ കവി ഓട്ടോ റെൻ കാസ്റ്റിലോയുടെ വരികൾ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്. അദ്ദേഹം എഴുതി ”ഒരിക്കൽ അരാഷ്ട്രീയ ബുദ്ധിജീവികളെ ജനത ചോദ്യം ചെയ്യും. നിങ്ങൾ എന്താണ് ചെയ്തത്? രാജ്യം ഇരുട്ടിലായിരുന്നപ്പോൾ നിങ്ങൾ എന്താണ് ചെയ്തത്, സാധാരണ ജനത ചോദിക്കും…” ഈ വസ്തുത മനസിലാക്കി തന്നെയാണ് പട്നയിലേക്ക് പാർട്ടികൾ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.