
അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സാംസ്കാരിക തലസ്ഥാനമായ തൃശൂർ വേദിയാകുന്നു. 2026 ജനുവരി 14 മുതൽ 18 വരെ നടക്കുന്ന കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി എത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി 2025 ഡിസംബർ 20ന് തൃശൂരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തേക്കിൻകാട് മൈതാനത്ത് കലോത്സവ പന്തലിന്റെ കാൽനാട്ട് കർമ്മം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച് എസ് എസിൽ വെച്ച് കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം എന്നിവയും നടക്കും. റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു എന്നിവരും ചടങ്ങുകളിൽ പങ്കെടുക്കും.
അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 ഇനങ്ങൾ വീതവുമാണ് ഉള്ളത്. തൃശൂരിന്റെ സാംസ്കാരിക ചിഹ്നങ്ങളും കേരളത്തിന്റെ കലാപൈതൃകവും കോർത്തിണക്കിയാണ് ഇത്തവണത്തെ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. വേദി, ഭക്ഷണം, താമസം, സുരക്ഷ തുടങ്ങിയ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി വിവിധ സബ് കമ്മിറ്റികളുടെ അവലോകന യോഗം ഉടൻ ചേരുമെന്നും മന്ത്രി അറിയിച്ചു. മത്സരാർത്ഥികൾക്കും കാണികൾക്കും ഒരുപോലെ സൗകര്യപ്രദമായ രീതിയിലാണ് മത്സര സമയം ക്രമീകരിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.