1. സംസ്ഥാനത്തെ 513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ദേശീയ ധനകാര്യ കമ്മീഷന്‍ വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സബ് സെന്ററിന് 55.5 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടം സ്ഥാപിക്കാന്‍ 1.43 കോടിയുടെ വീതം അനുമതി ലഭ്യമായിട്ടുണ്ട്.
2. വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണെന്നും ഇതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
3. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ സിപിഐ (എം )സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു. തളിപ്പറമ്പ് കോടതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം ഹർജി നൽകിയത്. ഐപിസി 120 ബി, 500 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
4. സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. ചൊവ്വാഴ്ച നാല് ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
5. ദ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹർജി. സിനിമയുടെ പ്രദർശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതൽപര്യ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി അടിയന്തര സ്റ്റേ എന്ന ആവശ്യം തള്ളി.
6. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസിലെ സൂറത്ത് കോടതി വിധിക്ക് സ്റ്റേ ഇല്ല. തന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ ശിക്ഷാവിധി താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
7. മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു. 89 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
8. ശരത് പവാര്‍ എന്‍ സി പി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ചു. അജിത് പവാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ശരത് പവാറിന്റെ തീരുമാനം. 1999 മുതല്‍ പവാറായിരുന്നു എന്‍സിപിയുടെ അധ്യക്ഷന്‍. അതേസമയം പുതിയ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല.
9. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ മുഖ്യആസൂത്രകന്‍ പിടിയിൽ. കുണ്ടമൺകടവ് ഇലിപ്പോട് സ്വദേശി ശബരി എസ് നായരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ആശ്രമം കത്തിച്ചത് കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ് നാഥും ചേർന്നാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ടാം പ്രതി കൃഷ്‌ണകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
10. റഷ്യ- ഉക്രെയ‍്ന്‍ യുദ്ധത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ 20,000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടന്ന് യുഎസിന്റെ റിപ്പോര്‍ട്ട്. ബഖ്മുട്ട് കേന്ദ്രീകരിച്ചു നിലയുറപ്പിച്ചിരിക്കുന്ന റഷ്യന്‍ സെെനികരാണ് കൊല്ലപ്പെട്ടവരില്‍ പകുതിയിലധികവും. ഒരു ലക്ഷത്തിലധികം റഷ്യന്‍ സെെനികര്‍ക്ക് പരിക്കേറ്റതായും യുഎസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.