1. ബ്രഹ്‌മപുരത്തെ സംബന്ധിച്ചുള്ള ഹ്രസ്വവും ദീർഘവുമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമഗ്ര റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനത്തേയും പുറത്തേയും വിവിധ മേഖലകളിലെ ആരോഗ്യ വിദഗ്ധരുമായി ചർച്ച നടത്തി.
2. സംസ്ഥാനത്ത് നാളെ മുതല്‍ വെള്ളി വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതല്‍ 0.9 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
3. മലപ്പുറം കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ ചന്ദനശേഖരവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന, മൂല്യം കൂടിയ ചന്ദനമാണ് പിടികൂടിയത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളില്‍ ചന്ദനമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന കള്ളക്കടത്ത് സംഘമാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
4. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. വിദേശ സംഭാവന (റെഗുലേഷൻസ്) നിയമം ലംഘിച്ചുവെന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യൽ. മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് അലിക്ക് ഇഡി നോട്ടീസ് നൽകി. നേരത്തേ മാർച്ച് ഒന്നിന് ഹാജരാകാൻ യൂസഫ് അലിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല
5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്. സോണ്ട കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പുതിയ ടെണ്ടര്‍ വിളിക്കുമെന്നും കൊച്ചി നഗരസഭാ സെക്രട്ടറി കോടതിയെ അറിയിച്ചു.
6. മദ്യപിച്ച് വനിതാ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ച ടി.ടി.ഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ബിഹാര്‍ സ്വദേശിയായ മുന്നാ കുമാര്‍ എന്ന ടിക്കറ്റ് പരിശോധകനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്. മുന്നാ കുമാറിനെ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തിരുന്നു.
7. വടക്കന്‍ ഡല്‍ഹിയില്‍ ഗുലാബി ബാഗില്‍ മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ ആക്രമിച്ച് കവര്‍ച്ച നടത്തി. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് കവര്‍ച്ച നടത്തിയതെന്നും പണവും അവശ്യരേഖകളും അടങ്ങിയ ബാഗ് ഇവര്‍ തട്ടിയെടുത്തെന്നും ജഡ്ജി നല്‍കിയ പരാതിയില്‍ പറയുന്നു. മാര്‍ച്ച് ഏഴിന് രാത്രിയാണ് സംഭവം. 12 വയസുകാരനായ മകനൊപ്പം വീടിന് സമീപം നടക്കാനിറങ്ങിയ ജഡ്ജിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ കൊള്ളയടിക്കുകയായിരുന്നു.
8. ലഖിംപൂർ ഖേരി കേസിന്റെ വിചാരണ മന്ദഗതിയിലല്ലെന്നും അതിന്റെ പുരോഗതി പരോക്ഷമായി നിരീക്ഷിക്കുന്നത് തുടരുമെന്നും സുപ്രീം കോടതി. വിചാരണ മന്ദഗതിയിലാണെന്ന് ഇരകളുടെ കുടുംബങ്ങൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രകടിപ്പിച്ച ആശങ്കയ്ക്ക് മറുപടിയായാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പ്രസ്താവന. വിചാരണ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് സംബന്ധിച്ച് ലഖിംപൂർ ഖേരിയിലെ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി നിന്ന് കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
9. മൂന്ന് വര്‍ഷത്തെ കോവിഡ് നിയന്ത്രണത്തിനു ശേഷം ചെെന അതിര്‍ത്തികള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. കോവിഡിന് മുൻപ് യാത്ര ചെയ്യാൻ വിസ ആവശ്യമില്ലാതിരുന്ന പ്രദേശങ്ങളിൽ ഈ രീതി തന്നെ തുടരുമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഇടിവ് വന്ന സാഹചര്യത്തിൽ വളർച്ച നിരക്കിനെ സഹായിക്കാൻ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. അതിർത്തികൾ തുറന്നെങ്കിലും കുറച്ച് കാലത്തേക്ക് വലിയതോതിലുള്ള സന്ദർശക പ്രവാഹമോ സമ്പദ് വ്യവസ്ഥയിലെ ഗണ്യമായ മുന്നേറ്റമോ പ്രതീക്ഷിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
10. ഉക്രെയ‍്നിലെ സെെനിക നടപടിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്താനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. ഉക്രെയ‍്നില്‍ നിന്ന് കുട്ടികളെ നിര്‍ബന്ധിതമായി നാടുകടത്തുന്നതിനും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ക്കും റഷ്യന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനാണ് കോടതിയുടെ നീക്കം. പ്രോസിക്യൂട്ടറുടെ അഭ്യര്‍ത്ഥന വിചാരണാ ജഡ്ജി അംഗീകരിച്ചാല്‍ വംശഹത്യ ഉള്‍പ്പെടെയുള്ള കുറ്റം റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.