1. കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണി(25)നെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആറ്റിങ്ങൽ സബ് ജയിലിലേക്കാണ് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്റ് ചെയ്തത്.
2. സ്വർണാഭരണങ്ങളിലെ നിർബന്ധിത എച്ച് യു ഐഡി ഹാൾമാർക്കിങ് ജൂലൈ ഒന്ന് മുതൽ രാജ്യത്തെ എല്ലാ ജ്വല്ലറികൾക്കും ബാധകം. ജ്വല്ലറികൾക്ക് നൽകിയിരുന്ന മൂന്നു മാസത്തെ സാവകാശം ഈ മാസം 30ന് തീരും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് പരിശോധന ആരംഭിച്ചേക്കുമെന്നാണു സൂചന.
3. ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലീം യുവാവിനെ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നു. മുംബൈ കുര്‍ള സ്വദേശി അഫാന്‍ അന്‍സാരി (32) ആണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഫാന്‍ അന്‍സാരിയും കാറില്‍ മാംസം കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പതിനഞ്ചോളം പേര്‍ വരുന്ന സംഘം ഇരുമ്പുവടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ അഫാന്‍ മരിച്ചു. കേസില്‍ ഇതുവരെ 11 പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
4. എംബിബിഎസ് പഠനത്തില്‍ അടിമുടി പരിഷ്കാരം നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) കൊണ്ടുവന്ന ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ റെഗുലേഷന്‍ (ജിഎംഇആര്‍) 2023 പിന്‍വലിച്ചു. നൈപുണ്യ അടിസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസം (സിബിഎംഇ) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതുക്കിയ സര്‍ക്കുലര്‍ പുറത്തുവിട്ടത്. പദ്ധതി ഒഴിവാക്കിയിട്ടില്ലെന്നും മാർഗരേഖ പുതുക്കി ഇറക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
5. പുല്‍വാമയിലെ രണ്ട് പള്ളികള്‍ക്കുള്ളില്‍ അതിക്രമിച്ച് കയറി മുസ്‍ലിങ്ങളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ച സംഭവത്തില്‍ ജമ്മു-കശ്മീരിലെ സുരക്ഷ ഓഫിസറെ പിരിച്ചുവിട്ടു. പുല്‍വാമയിലെ സദൂറ ഗ്രാമത്തിലാണ് സംഭവം. ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ മടിച്ചവരെ സൈനികര്‍ മര്‍ദിച്ചതായും ചില ഗ്രാമവാസികള്‍ ആരോപിച്ചിരുന്നു. ശനിയാഴ്ച പ്രഭാത നമസ്കാരത്തിനായി പള്ളിയില്‍ ബാങ്ക് വിളിച്ച ഉടനെയായിരുന്നു സംഭവം.
6. രാജസ്ഥാനിൽ ഇടിമിന്നലേറ്റ് വിവിധ ജില്ലകളിലായി 4 പേർ മരിച്ചു. പാലി, ബാരന്‍, ചിത്തോർഗഡ് എന്നീ ജില്ലകളിലാണു മരണം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം പാലി ജില്ലയിൽ ഇടിമിന്നലേറ്റ് ദിനേശ് (21) എന്നയാൾ മരിച്ചതായി പൊലീസ് അറിയിച്ചു. ബാരന്‍റെ പട്‌പടിയിൽ, ഹരിറാം, 46, കമൽ, 32, എന്നിവരും ചിത്തോർഗഡിൽ 10 വയസ്സുകാരിയുമാണ് മരിച്ചത്.
7. ക്ഷേത്ര പൂജാരിമാരെ നിയമിക്കുന്നതില്‍ ജാതി അടിസ്ഥാനമാക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. പൂജാവിധികളെയും ക്ഷേത്രാചാരങ്ങളെയും കുറിച്ച് അറിവുണ്ടാകുകയും പരിശീലനം നേടുകയും മാത്രമാണ് പൂജാരിയാകാനുള്ള യോഗ്യതയെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ആര്‍ ആനന്ദ് വെങ്കിടേഷാണ് വിധി പ്രസ്താവിച്ചത്.
8. ഒഡിഷയില്‍ രണ്ടു ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗഞ്ചം ജില്ലയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. ഒഡിഷ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും വിവാഹസംഘം സഞ്ചരിച്ചിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ചവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.
9. ബോളിവുഡ് നടൻ സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. സല്‍മാനെ തീര്‍ച്ചയായും കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍ എന്ന ഗുണ്ടാനേതാവ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇയാള്‍ പരസ്യമായി സല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
10. റഷ്യൻ സൈനിക മേധാവികൾക്കും പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമെതിരെ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒന്നിലധികം വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 12 മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രിഗോഷിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം. കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെവെബ്സൈറ്റ്, യൂട്യൂബ് ചാനല്‍ എന്നിവ സന്ദര്‍ശിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.