1. ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. തിരുവനന്തപുരത്ത് ഈദ് ഗാഹില്‍ പെരുന്നാള്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നുതാണ് സിവിൽ കോഡ്. ഇത്തരത്തിലുള്ള നിയമനിര്‍മ്മാണം വിശ്വാസത്തിനും ജീവിതത്തിനും പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് എതിര്‍ക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കും. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ വിശാല കേന്ദ്ര മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ചേരും. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുനഃസംഘടനയെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും.
3. പല്ലശ്ശനയിൽ വിവാഹ ദിനത്തിൽ ആചാരത്തിന്‍റെ പേരിൽ ദമ്പതികളുടെ തലകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ സച്ചിനും വധു സജ്നയും വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുൻപായാണ് വിവാദമായ സംഭവമുണ്ടായത്. പിന്നിൽ നിന്ന അയൽവാസിയാണ് ഇരുവരുടെയും തല തമ്മിൽ കൂട്ടിയിടിച്ചത്.
4. തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. തമിഴ്നാട് ഗവര്‍ണറുടേതാണ് അസാധാരണ നടപടി. ഇഡി അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് സെന്തില്‍ ബാലാജിയെ പുറത്താക്കി രാജ്ഭവന്‍ ഉത്തരവിറക്കിയത്.
5. മണിപ്പൂരിൽ കാങ്‌പോക്പി ജില്ലയിൽ രാവിലെയുണ്ടായ വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിൽ എത്താനിരിക്കവെയായിരുന്നു സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധിയെ കലാപബാധിത പ്രദേശങ്ങളിലേക്കുള്ള വഴിമധ്യേ പൊലീസ് തടഞ്ഞിരുന്നു.
6. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നാല് പ്രതികള്‍ പിടിയില്‍. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വച്ച് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവയ്പ്പുണ്ടായത്. ആസാദിന്റെ വാഹന വ്യൂഹത്തിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
7. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശം. നാളെ നടക്കാനിരിക്കുന്ന ദല്‍ഹി സര്‍വ്വകലാശാല ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രം പാടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണമെന്ന് സര്‍വ്വകലാശാലയ്ക്കും അധികൃതരുടെ നിര്‍ദ്ദേശമുണ്ട്.
8. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച എഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എഎല്‍എച്ച് )ധ്രുവിന്റെ രൂപകല്പനയിലും ലോഹ സമ്മിശ്രണത്തിലും തകരാര്‍ കണ്ടെത്തി. നിരന്തരമുണ്ടായ അപകടങ്ങളെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് പ്രശ്നം സ്ഥിരീകരിച്ചത്. സാങ്കേതിക തകരാര്‍ മൂലമുള്ള അപകടങ്ങള്‍ പതിവായതോടെ ഇന്ത്യൻ കരസേനയും വ്യോമ സേനയും പറക്കല്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. സുരക്ഷാ പരിശോധന പൂര്‍ത്തീകരിച്ചതായും പ്രശ്നങ്ങള്‍ പരിഹരിച്ചതായും പറക്കല്‍ പുനരാരംഭിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
9. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ചന്ദ്രനിലെ വിഭവങ്ങള്‍ ഖനനം ചെയ്യാനുള്ള പദ്ധതിയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2032ഓടെ പദ്ധതി ആരംഭിക്കാനാണ് നാസയുടെ നീക്കം. ചന്ദ്രോപരിതലത്തിൽ ഒരു സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും നാസ അറിയിച്ചു. റോവറിന്റെ നിര്‍മ്മാണം 2026 ല്‍ പൂര്‍ത്തിയാകും.
10. അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ പേടകത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായി യുഎസ് കോസ്റ്റ് ഗാര്‍ഡ്. വടക്കൻ അറ്റ്ലാന്റിക്കിൽ നിന്ന് കണ്ടെടുത്ത പേടകത്തിന്റെ അവശിഷ്ടങ്ങള്‍ യുഎസ് തുറമുഖത്തേക്ക് കൊണ്ടുപോകുമെന്നും, അവിടെ വെച്ച് മെഡിക്കൽ പ്രൊഫഷണലുകൾ ശരീരാവശിഷ്ടങ്ങൾ പരിശോധിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.