1. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് എന്നിങ്ങനെയാണ് മുന്നറിയിപ്പുകള്‍. മലപ്പുറം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിപ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു.
2. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി.പാളയത്തുള്ള ജർമൻ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്. കുരങ്ങ് ആരോഗ്യവാനെന്ന മൃഗശാല അധികൃത്രര്‍ അറിയിച്ചു. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലെ പെൺകുരങ്ങാണിത്.
3. എകെഎസ്‌ടിയു- ജനയുഗം സഹപാഠി അറിവുത്സവം ആറാം സീസണ്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 12നാണ് പ്രാഥമികതല മത്സരങ്ങള്‍. പ്രാഥമിക തലത്തിലെ വിജയികള്‍ക്കുള്ള ഉപജില്ലാ മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒമ്പതിനും ജില്ലാതല മത്സരങ്ങള്‍ സെപ്റ്റംബര്‍ 24 നും നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ 14നാണ് നടക്കുന്നത്.
4. സംസ്ഥാനത്ത് ഇന്ന് ആറ് പനി മരങ്ങള്‍ സ്ഥിരീകരിച്ചു. 10830 പേര്‍ ഇന്ന് സംസ്ഥാനത്ത് പനി ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സതേടി. ഇതിനുപുറമെ ഒരു എലിപ്പനി മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
5. വിദ്യാർത്ഥികളുടെ ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കുന്നതിനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. സർവകലാശാലകൾ പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെയാണ് വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
6. ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവിൽ ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായ എ ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറി. കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായിട്ടായിരിക്കും എ ജെ ദേശായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.
7. രാജ്യത്തെ പ്രധാന ഏഴ് ഹൈക്കോടതികളിലേക്ക് സുപ്രീം കോടതി കൊളീജിയം ചീഫ് ജസ്റ്റിസുമാരെ ശുപാര്‍ശ ചെയ്തു. കേരളം, ഒറീസ, മണിപ്പൂര്‍, ആന്ധ്രാപ്രദേശ്, ബോംബെ, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ ഹൈക്കോടതികളില്‍ നിലവിലുള്ളതും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
8. മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിൻഡെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന പ്രഫുല്‍ പട്ടേല്‍, സുനില്‍ താത്കരെ ഉള്‍പ്പടെയുള്ള ഒമ്പത് പേരെ എൻസിപി വര്‍ക്കിങ് കമ്മിറ്റി പുറത്താക്കി. യോഗത്തില്‍ എട്ട് പ്രമേയങ്ങള്‍ പാസാക്കിയതായി പാര്‍ട്ടി നേതാവ് പി സി ചാക്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശരത് പവാറിനെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തതായും സംഘടനക്ക് ഇതുവരെ കോട്ടം തട്ടിയിട്ടില്ലെന്നും എല്ലാ മൂന്ന് വര്‍ഷവും പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്താറുണ്ടെന്നും ചാക്കോ വ്യക്തമാക്കി.
9. ദക്ഷിണാഫ്രിക്കയില്‍ പാര്‍പ്പിട മേഖലയിലുണ്ടായ വാതക ചോര്‍ച്ചയില്‍ 16 പേര്‍ മരിച്ചു. ജോഹന്നാസ്ബർഗ് നഗരത്തിന് കിഴക്ക് ബോക്‌സ്ബർഗിലെ ഗൗട്ടെങ് പ്രവിശ്യയിലാണ് സംഭവം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവിശ്യ ഭരണകൂടം നല്‍കുന്ന വിവരം.
10. ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നുമുള്ള എല്ലാ പരസ്യങ്ങളും പിന്‍വലിക്കുന്നതായി കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ന്യൂസ് ആക്ട് നിലവില്‍ വന്ന ശേഷം ഈ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ കനേഡിയന്‍ വാര്‍ത്താ ഉള്ളടക്കം നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ പരസ്യങ്ങളും പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം. കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെവെബ്സൈറ്റ്, യൂട്യൂബ് ചാനല്‍ എന്നിവ സന്ദര്‍ശിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.