1. സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് രാവിലെ പത്തിന് തിരുവനന്തപുരം മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം എല്ലാ സ്കൂളുകളിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. മുരുകൻ കാട്ടാക്കട രചിച്ച് മഞ്ജരി ആലപിച്ച പ്രവേശനോത്സവ ഗാനം വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. വിജയ് കരുൺ സംഗീതം ആണ് സംഗീത സംവിധാനം. എല്ലാ സ്കൂളുകളിലേക്കും ഗാനത്തിന്റെ സിഡി നൽകുമെന്നും മന്ത്രി അറിയിച്ചു.
2. യുഎസിലെ ഫിലഡല്‍ഫിയയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡിനു നേരെ വെടിവെയ്ക്കുകയായിരുന്നു. അഴകത്ത് വീട്ടില്‍ റോയ്- ആശ ദമ്പതികളുടെ മകനാണ് ജൂഡ്.
3. ആലപ്പുഴ വേമ്പനാട്ടു കായലില്‍ ഹൗസ് ബോട്ടുമുങ്ങി. ബോട്ടിന്റെ അടിത്തട്ട് തകര്‍ന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ സുരക്ഷിതരാണ്. ഉച്ചയ്ക്ക് 2.30 ഓടെയാണ് റാണി കായല്‍ഭാഗത്തു വെച്ച് ഹൗസ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ഒറ്റമുറിയുള്ള ചെറിയ ഹൗസ് ബോട്ടാണ്. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളും 18 വയസ്സായ മകനും മാത്രമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
4. ചെങ്കോല്‍ വിഷയത്തില്‍ ശശിതരൂര്‍ എടുത്ത നിലപാട് സംസ്ഥാന കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ്.ഇതു പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. പാര്‍ട്ടിയുടെ വിവിധ ഘടകത്തിലും ചര്‍ച്ചയായിരിക്കുയാണ്. ചെങ്കോല്‍ വിഷയത്തില്‍ ബിജെപിക്ക് അനുകൂലമായ വിധത്തില്‍ ട്വീറ്റ് ചെയ്ത ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ കടുത്തഅമര്‍ഷം. തരൂരിനെതിരെ നടപടി വേണമെന്ന് സംസ്ഥാനത്തു നിന്നുള്ള പ്രമുഖ നേതാക്കളടക്കം എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
6. മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു. കൊല്ലഗല്‍-ടി നരസിപുര മെയ്ന്‍ റോഡിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചാമരാജനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെല്ലാരിയില്‍നിന്നു മൈസുരുവിലേക്ക് വിനോദയാത്രയ്ക്കു വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ 13 പേരുണ്ടായിരുന്നു. മൂന്നു പേരുടെ നില ഗുരുതരമാണ്.
7. ഉജ്ജയിനിലെ സപ്തര്‍ഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു. മഹാകൽ ലോക് ഇടനാഴിയിലെ മഹാകാലേശ്വർ ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിച്ചിരുന്ന സപ്തര്‍ഷി വിഗ്രഹങ്ങളില്‍ ആറെണ്ണം ഞായറാഴ്ച കനത്ത കാറ്റിൽ നിലംപതിച്ചത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മഹാകൽ ലോക് ഇടനാഴിയുടെ ആദ്യഘട്ട നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 856 കോടി ചെലവിട്ട് നിർമിച്ച പദ്ധതിയാണ് മഹാകൽ ലോക്. ഇതിൽ ആദ്യ ഘട്ടത്തിന് മാത്രം 351 കോടി രൂപ ചെലവായിരുന്നു.
9. ഡല്‍ഹിയില്‍ പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് 20 കാരനായ പ്രതി സാഹിലിനെ പൊലീസ് പിടികൂടിയത്. പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന. കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിന്റെ വീടിന് സമീപത്തു വെച്ചാണ് അതിക്രൂരകൊല ചെയ്തത്. പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയ പ്രതി 20 ലേറെ തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. നിലത്തു വീണ പെണ്‍കുട്ടിയുടെ തലയില്‍ വലിയ കല്ലുകൊണ്ട് ഇടിച്ച് മരണം ഉറപ്പാക്കിയത്.
9. തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റജബ് തയ്യിബ് എര്‍ദോഗന് ജയം. 53 ശതമാനം വോട്ടുകളാണ് എര്‍ദോഗന്‍ നേടിയത്. ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ നേഷന്‍ അലയന്‍സ് സ്ഥാനാര്‍ത്ഥി കമാല്‍ ക്ലിച്ചദ്റോലുവിന് 43 ശതമാനം വോട്ടുകളും ലഭിച്ചു. കെമാൽ ക്ലിച്ചദ്റോലുവിനാണ് കൂടുതല്‍ വിജയസാധ്യത പ്രതീക്ഷിച്ചിരുന്നതെങ്കിലും ഫലം വിപരീതമാവുകയായിരുന്നു. നമ്മുടെ രാജ്യത്തിന് വരാനിരിക്കുന്ന ദുഷ്‌കരമായ ദിവസങ്ങളാണ് എന്നെ ശരിക്കും സങ്കടപ്പെടുത്തുന്നതെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ക്ലിച്ചദ്റോലു പ്രതികരിച്ചു. തുർക്കിയിൽ യഥാർത്ഥ ജനാധിപത്യം ഉണ്ടാകുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
10. ആഗോളതലത്തില്‍ നാല് രാജ്യങ്ങള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി ഐക്യരാഷ്ട്ര സഭ.
സുഡാൻ, ഹെയ്തി, ബുർക്കിന ഫാസോ, മാലി എന്നീ രാജ്യങ്ങളില്‍ പട്ടിണി സാധ്യതയുണ്ടെന്നാണ് യുഎന്നിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്‍, നെെജീരിയ, സൊമാലിയ, സൗത്ത് സുഡാന്‍, യെമന്‍ എന്നിവയ്ക്കൊപ്പം ഉയര്‍ന്ന ജാഗ്രതാ തലത്തിലാണ് നിലവില്‍ ഈ രാജ്യങ്ങളുള്ളതെന്നും ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷനും (എഫ്എഒ)വേള്‍ഡ് ഫുഡ് പ്രോഗാമും (ഡബ്ല്യുഎഫ്ഒ) ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനകം തന്നെ പട്ടിണിയെ അഭിമുഖീകരിക്കുന്ന വിപത്തായ അവസ്ഥകളാണ് ഉയര്‍ന്ന ജാഗ്രത തലത്തിലുള്ള രാജ്യങ്ങളിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.