1 സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക.
2 ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ അതിരൂപതാ മുഖപത്രം സത്യദീപം
റബര്‍ വില മുന്നൂറു രൂപയാക്കുന്നവര്‍ക്കൊപ്പം മലയോര ജനത നില്‍ക്കുമെന്ന ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. കര്‍ഷകരുടെ ആത്മാഭിമാനത്തെ മുന്നൂറുരൂപയ്ക്ക് പണയം വയ്ക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്ന് സത്യദീപം കുറ്റപ്പെടുത്തി. ബിജെപിക്ക് എംപിയെ നല്‍കിയാല്‍ എല്ലാം ശരിയാകുമെന്ന പ്രസ്താവന ബാലിശമാണെന്നും സത്യദീപം എഡിറ്റോറിയലില്‍ പറയുന്നു.
3 സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നു
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ട്. ഈ ഒരാഴ്ച കൃത്യമായ പരിശോധന നടത്തും. പുതിയ കൊവിഡ് വകഭേദം കേരളത്തില്‍ കണ്ടെത്തിയിട്ടില്ല എന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കോവിഡ് മരണങ്ങള്‍ ഉണ്ടായി എന്ന് ആരോഗ്യവകുപ്പിന്‍റെ സൈറ്റില്‍ വന്നത് ഡാറ്റ എന്‍ട്രിയില്‍ വന്ന പിഴവാണെന്നുംപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
4 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഹെൽപ്‌ലൈൻ ഡെസ്കു്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭിക്കാനുമായി താലൂക്ക്, വില്ലേജ് അടിസ്ഥാനത്തിൽ ഹെൽപ്‌ലൈൻ ഡെസ്കുകളും ഹെൽപ്‌ലൈൻ നമ്പറുകളും തയ്യാറാക്കാൻ നിർദേശം. വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് നിർദേശം. ഓപറേഷൻ സിഎംഡിആർഎഫ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ശുപാർശ.
5 സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
6 അതിജീവിതയെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ കേസ്
കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് പീഡനത്തിനിരയായ അതിജീവിതയെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു നഴ്സിംഗ് അസിസ്റ്റൻറ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ , ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.
7 മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് സിജെഎം കോടതി
‘കള്ളന്മാരുടെ പേരുകളില്‍ എന്തിനാണ് മോഡി?’ എന്ന പരാമര്‍ശത്തിനെതിരെയുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് സിജെഎം കോടതി. രണ്ട് വര്‍ഷം ജയില്‍വാസവും 15,000 രൂപ പിഴ ഒടുക്കാനും വിധിച്ചു. അപ്പീല്‍ നല്‍കാന്‍ 49 ദിവസത്തെ സമയവും കേസില്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
8 കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള മഅ്ദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും
കോടതി വിചാരണ തീരും വരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള പിഡിപി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് മഅ്ദനിക്കു വേണ്ടി അഡ്വ. ഹാരിസ് ബീരാൻ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ അഭ്യര്‍ത്ഥിച്ചിരുന്നു. 2014ൽ ജാമ്യം അനുവദിച്ചപ്പോൾ മുന്നോട്ടുവച്ച വ്യവസ്ഥകളിൽ ജന്മനാട്ടിലേക്ക് പോകാനായി ഇളവ് ചെയ്യണമെന്നാണ് മഅ്ദനിയുടെ ആവശ്യം.
9 ഇന്ത്യൻ നിർമിത ചുമ സിറപ്പ് ഉപയോഗിച്ച് 18 കുട്ടികൾ മരിച്ചെന്ന ആരോപണം; കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
ഇന്ത്യൻ നിർമിത ചുമ സിറപ്പ് ഉപയോഗിച്ച് 18 കുട്ടികൾ ഉസ്ബെസ്കിസ്ഥാനിൽ മരിച്ചെന്ന ആരോപണത്തെ തുടർന്ന് മരുന്ന് നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി. നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെകിന്റെ ലൈസൻസാണ് എന്നേക്കുമായി റദ്ദാക്കിയതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. മരുന്ന് കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തർപ്രദേശ് ഡ്രഗ് ലൈസൻസിങ് ഓഫിസർ എസ്.കെ ചൗരസ്യ പറഞ്ഞു.
10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു
സമുദ്രാതിർത്തി കടന്ന് മീൻ പിടിച്ചു എന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. പുതുക്കോട്ട ജഗതപട്ടണം കോട്ടപ്പട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവരാണ് പിടിയിലായത്. ഇവരുടെ രണ്ട് ബോട്ടുകളും ശ്രീലങ്കൻ സേന പിടിച്ചെടുത്തു. 30 നോട്ടിക്കൽ മൈൽ അകലെ നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നു ഇവർ. ഈ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവികസേന ബോട്ടുകൾ വളഞ്ഞ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം, കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെ വെബ്സൈറ്റ് യുട്യൂബ് ചാനല്‍ എന്നിവ സന്ദര്‍ശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.