1. ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടത്തുവാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന QIP യോഗം ശുപാർശ ചെയ്തു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും ഇത് ബാധകമാകും. ഓഗസ്റ്റ് 19 ന് രണ്ട് ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ എഴുതുന്ന പി എസ് സി പരീക്ഷ നടക്കുന്നതിനാൽ അന്നത്തെ പരീക്ഷകൾ ഒഴിവാക്കുകയോ മാറ്റി ക്രമീകരിക്കുകയോ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
2. കരുനാഗപ്പള്ളിയില്‍ മദ്യം നല്‍കി വിദേശവനിതയെ പീഡിപ്പിച്ചതായി പരാതി. അമേരിക്കന്‍ സ്വദേശിയായ വനിതയ്ക്ക് അമിതമായി മദ്യം നല്‍കിയ ശേഷം ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് പരാതി. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരെ പൊലീസ് പിടികൂടി. വിദേശ വനിതയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
3. കണ്ണൂർ എടക്കാടിനടുത്ത് കുറ്റിക്കകത്ത് തലക്കടിയേറ്റ് യുവാവ് മരിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കകം സ്വദേശി അസീബിനെയാണ് അറസ്റ്റ് ചെയ്തത്. കുറ്റിക്കകത്തെ സുമോദിനെയാണ് കഴിഞ്ഞദിവസം തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് പണമിടപാട് തർക്കമാണ് കാരണമെന്ന് പോലീസ് പറഞ്ഞു.
4. ശാസ്ത്രമല്ല ‚വിശ്വാസമാണ് വലുതെന്നും ഹിന്ദുവിശ്വാസത്തെ അപമാനിച്ച സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയണമെന്നും എൻ എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ . സ്പീക്കറുടെ പ്രസ്താവന ഹൈന്ദവരുടെ ചങ്കിലാണ് തറച്ചത്. ഹിന്ദുക്കളുടെ ആരാധനമൂർത്തിയെ അപമാനിച്ചുവെന്നും ഈ വിഷയത്തിൽ ബിജെപിക്കൊപ്പം യോജിച്ച് പ്രവർത്തിക്കുവാനാണ് തീരുമാനമെന്നും സുകുമാരൻ നായർ പറഞ്ഞു.
5. ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിദ്യാർഥിനിക്ക് അഭിമുഖമായിരുന്ന പ്രതി ലൈംഗികാവയവം പ്രദർശിപ്പിച്ചുവെന്നാണ് പരാതി. ലൈംഗികാതിക്രമത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ പെൺകുട്ടി ഇത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.
6. ബിഹാറില്‍ ആൾക്കൂട്ട ആക്രമണത്തിൽ യുവ പുരോഹിതന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഗുരുഗ്രാം മസ്ജിദിലെ ഇമാമായ 19 കാരനായ ഹാഫിസ് സാദാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വടക്കൻ ബിഹാറിലെ സിതാമർഹി ജില്ലയിലെ മണിയാദിഹ് എന്ന ഗ്രാമത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തന്റെ ജ്യേഷ്ഠൻ ഷദാബിനൊപ്പം ട്രെയിനിൽ മടങ്ങാനിരിക്കുകയായിരുന്നു സാദ്. അതേസമയം നാളെ രാവിലെ വരെ പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന് സഹോദരന്‍ അറിയിച്ചതായും ഷദാബ് പറഞ്ഞു.
7. വര്‍ഗീയ സംരക്ഷണം തുടരുന്ന ഹരിയാനയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹരിയാനിയിലെ നൂഹിലും സമീപപ്രദേശങ്ങളിലുമാണ് കലാപം നടക്കുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂഹില്‍ ആരംഭിച്ച സംഘര്‍ഷം ഗുഡ്ഗാവ്, ഫരീദാബാദ്, പല്‍വല്‍ തുടങ്ങി സമീപജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട് അക്രമികള്‍ നിരവധി കടകള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.
8. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയം ലോക്‌സഭ എട്ടുമുതൽ 10 വരെ ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയത്തിൽ മറുപടി പറയും. അവിശ്വാസം ആദ്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ കാര്യോപദേശക കമ്മിറ്റി യോഗം പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയും ബിആര്‍എസും ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് അവിശ്വാസ പ്രമേയം എട്ടിന് ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചത്.
9. സന്ദേശത്തിലെ പിഴവുകാരണം താൽകാലികമായി നാസക്ക് നിയന്ത്രണം നഷ്‌ടമായ വൊയേജർ 2 പേടകത്തിൽ നിന്ന് സിഗ്നൽ ലഭിച്ചുതുടങ്ങി. ബഹിരാകാശത്ത് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ മനുഷ്യനിർമിത വസ്തുവായ വൊയേജർ 2 പേടകത്തിന്റെ നിയന്ത്രണം രണ്ടാഴ്‌ച മുമ്പാണ് നഷ്‌ടമായത്. നിലവിൽ ഭൂമിയിൽനിന്ന് 1990 കോടി കിലോമീറ്റർ അകലെയാണ് വൊയേജർ ‑2. സൗരയൂഥബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയാണ് പേടകത്തിന്റെ ലക്ഷ്യം. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നാസ.
10. 2020 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കേസിൽ ഡോണൾഡ് ട്രംപിനെതിരെ നാലു കുറ്റങ്ങൾ കൂടി ചുമത്തി. ഇരുപത് വർഷങ്ങൾ വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപിനോട് വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.