1. ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 23 നുള്ളില്‍ പൂര്‍ത്തിയാക്കും. അടുത്തയാഴ്ചയോടെ പെന്‍ഷന്‍ വിതരണം ആരംഭിക്കും. ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതമാണ് പെൻഷൻ ലഭിക്കുക.
2. തിരുവനന്തപുരം പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുന്‍ സൈനികന്‍ അറസ്റ്റില്‍. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. പൂവാര്‍ സ്വദേശി 56കാരനായ ഷാജി ആണ് അറസ്റ്റിലായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അതിക്രൂര പീഡന വിവരം പുറത്തറിയുന്നത്. പ്രതിയുടെ വീട്ടില്‍ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ കുട്ടികളെനിരന്തരം പീഡനത്തിനിരയാക്കിയത്.
3. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കേസില്‍ വിചാരണ കോടതിയെയും ഗുജറാത്ത് ഹൈക്കോടതിയെയും വിമര്‍ശിച്ച് സുപ്രീം കോടതി. ‘ഒരു മണ്ഡലം എത്ര കാലം ഒഴിച്ചിടാന്‍ കഴിയും. ഒരുപാട് കാലത്തേക്ക് മണ്ഡലം ഒഴിച്ചിടുന്നത് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. ജനങ്ങള്‍ക്കെതിരായ ഒരു നീക്കമാണത്. അത് വിചാരണ കോടതി പരിശോധിക്കേണ്ടതായിരുന്നു. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശത്തിന് വിലകല്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കീഴ്‌കോടതികളുടെ ശിക്ഷാവിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി പറഞ്ഞു. ഇതോടെ രാഹുലിന് എംപി സ്ഥാനത്ത് തുടരാന്‍ അവസരമൊരുങ്ങി.
4. സംഘർഷം പടർന്നു പിടിക്കുന്ന മണിപ്പൂരിൽ പരിശോധന വ്യാപകമാക്കി പൊലീസ്. വിവിധ ജില്ലകളിൽ വീണ്ടും സംഘർഷങ്ങളുണ്ടായതിനു പിന്നാലെ നടത്തിയ പരിശോധനയിൽ 7 അനധികൃത ബങ്കറുകൾ തകർത്തു. അതേ സമയം ഇംഫാലിൽ കർഫ്യുവിന് ഇളവു നൽകിയതായി സർക്കാർ അറിയിച്ചു. ഏഴു മണിക്കൂറാണ് ഇളവു നൽകിയിരിക്കുന്നത്.
5. ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ‑3 നാളെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആര്‍ഒ. വൈകിട്ട് ഏഴ് മണിക്കാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന പ്രക്രിയയായ ലൂണാര്‍ ഓര്‍ബിറ്റ് ഇൻസേര്‍ഷൻ(എല്‍ഒഐ) നിശ്ചയിച്ചിട്ടുള്ളതെന്നും ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു. പേടകം യാത്രയുടെ മൂന്നില്‍ രണ്ട് ഭാഗം വിജയകരമായി പൂര്‍ത്തീകരിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു.
6. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിന് ചോദ്യം ചെയ്ത് എൻജിഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
7. മധ്യപ്രദേശില്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള ഹിന്ദുത്വ അക്രമത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സെഹോര്‍ ജില്ലയിലെ ഇച്ചാവാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭീം റാവു അംബേദ്കറുടെ പ്രതിമ തകര്‍ക്കുകയും ദളിത് വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടെന്നുമാണ് കേസ്. ബജ്റംഗ്ദള്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
8. വിഎച്ച്പി-ബജ്റംഗ്ദൾ യാത്രക്ക് നേരെ കല്ലേറുണ്ടായെന്നാരോപിച്ച് വർഗീയ കലാപം പൊട്ടിപുറപ്പെട്ട ഹരിയാനയില്‍ ബുള്‍ഡോസര്‍ ആക്രമണം. നൂഹ് ജില്ലയിൽ 250 കുടിലുകളാണ് അധികൃതർ പൊളിച്ചുനീക്കിയത്. സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സഞ്ജീവ് കുമാറിന്റെയും ദ്രുതകർമ സേനയുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ നടന്ന നടപടി നാല് മണിക്കൂറോളം നീണ്ടു. കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായാണ് വീടുകൾ പൊളിച്ചതെന്നാണ് അധികൃതരുടെ വാദം.
9. കോടികളുടെ മണല്‍ കടത്തിയെന്ന കേസില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ അന്വേഷണം. ബ്രിജ് ഭൂഷണ്‍ അനധികൃതമായി കോടികളുടെ മണല്‍ കടത്തിയെന്ന കേസാണ് പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ ഗുസ്തി താരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ ദേശീയ ഹരിത ട്രൈബ്യുണലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
10. ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ സംയോജനം ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഇന്റര്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ ബില്‍ 2023 പാസാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരുടെ സേവന നിയമങ്ങള്‍ അതേപടി നിലനിര്‍ത്തി സായുധ സേനകളുടെ സംയോജനവും സംയുക്തതയും ഉറപ്പ് വരുത്തുന്ന ബില്ലാണ് ലോക് സഭയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അവതരിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.