1. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സെപ്തംബർ എട്ടിനാണ് വോട്ടെണ്ണൽ. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. വിഞ്ജാപനം വ്യാഴാഴ്ച പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 17 ആണ്. 21നകം പിൻവലിക്കാം. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മന്‍ മത്സരിക്കും.
2. മലയാള ചലച്ചിത്ര ശാഖയ്ക്ക് നര്‍മ്മത്തില്‍പൊതിഞ്ഞ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സിദ്ധീഖ് ഇസ്മയില്‍ (63) വിടവാങ്ങി. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധീഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. നാളെ രാവിലെ 9.00മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം ക്രമീകരിച്ചിരിക്കുന്നു. വൈകീട്ട് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ 6.00മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.
3. രാമന്തളിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. അതേസമയം, തോണിയിലുണ്ടായിരുന്ന മറ്റ് 2 പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. എട്ടിക്കുളം സ്വദേശി കുന്നൂൽ അബ്ദുൽ റഷീദ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തൃക്കരിപ്പൂർ തയ്യിൽ കടപ്പുറം ഭാഗത്ത് മത്സ്യബന്ധനത്തിനായി ചെറുതോണിയിൽ പോയ മൂന്നാംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച അബ്ദുൽ റഷീദിന്‍റെ സഹോദരന്‍ ഹാഷിം, നാസർ എന്നിവരാണ് രക്ഷപ്പെട്ടത്.
4. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്ന് ആരോപിച്ചാണു നടപടി. മോശം പെരുമാറ്റവും നടപടിക്കു കാരണമായി ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ ജഗ്ദീപ് ധൻഖർ ഉന്നയിച്ചു. ശേഷിക്കുന്ന വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഡെറിക് ഒബ്രിയനു കഴിയില്ല. അതേസമയം, സസ്‌പെൻഷനിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
5. മണിപ്പൂരിലെ പ്രധാന ചെക്ക്പോസ്റ്റില്‍ നിന്നും അസം റൈഫിൾസിനെ പിൻവലിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഇതുസംബന്ധിച്ച് മണിപ്പൂർ എഡിജിപി ഉത്തരവ് പുറപ്പെടുവിച്ചത്. ബിഷ്ണുപുർ ജില്ലയിലെ പ്രധാന ചെക്ക്പോയിന്റായ മൊയിറാംഗ് ലാംഖയിൽ നിന്നും അസം റൈഫിൾസിനെ പിൻവലിക്കുന്നുവെന്നും പകരം പൊലീസിനെയും സിആർപിഎഫിനെയും വിന്യസിക്കുമെന്നുമാണ് ഉത്തരവിലുള്ളത്. അസം റൈഫിള്‍സിനെതിരെ മെയ്തി വനിതകളുടെ നേതൃത്വത്തിൽ നടന്ന വ്യാപക പ്രക്ഷോഭങ്ങൾക്കു പിന്നാലെയാണ് നടപടി.
6. ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരം സീല്‍ ചെയ്തുകൊണ്ട് അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഗ്യാന്‍വാപി പള്ളിയില്‍ നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. മസ്ജിദില്‍ ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ കണ്ടെത്തിയതോടെയാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാരൻ കോടതിയെ സമീപിച്ചത്.
7. ഡല്‍ഹി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി. ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ് വഹിച്ചിരുന്ന സേവന, വിജിലന്‍സ് വകുപ്പുകള്‍ ഇനി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷിയായിരിക്കും കൈകാര്യം ചെയ്യുക. മന്ത്രി സഭാ പുനഃക്രമീകരണത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക‍്സേനയ്ക്ക് കൈമാറി. നിലവില്‍ 14 പ്രധാന വകുപ്പുകളാണ് മന്ത്രിസഭയിലെ ഏക വനിതയായ അതിഷിയുടെ ചുമതലയിലുള്ളത്.
8. ഹരിയാനയില്‍ മുസ്ലിങ്ങളുടെ പ്രവേശനം നിരോധിക്കുന്ന പ്രമേയം പാസാക്കി ഗ്രാമപഞ്ചായത്ത്. മുസ്ലിം സമുദായത്തിൽ നിന്നുള്ള ആരും ഏതെങ്കിലും തരത്തിലുള്ള കച്ചവടത്തിനോ വസ്ത്രങ്ങളോ മറ്റ് സാധനങ്ങളോ വാങ്ങാനോ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കി രേവാരി ജില്ലയിലെ ജൈനബാദ് ഗ്രാമപഞ്ചായത്താണ് പ്രമേയം പാസാക്കിയത്.
9. ഇറാഖില്‍ വിറ്റഴിഞ്ഞ ഇന്ത്യൻ നിര്‍മ്മിത ചുമമരുന്നിന് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ. ‘കോൾഡ് ഔട്ട്’ എന്ന സിറപ്പിനാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡാബിലൈഫ് ഫാർമ പ്രൈവറ്റ് ലിമിറ്റഡിനായി തമിഴ്‌നാട് ആസ്ഥാനമായുള്ള ഫോർട്ട്‌സ് (ഇന്ത്യ) ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡാണ് മരുന്നിന്റെ നിർമ്മാതാക്കള്‍. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ ഇത് അഞ്ചാമത്തെ തവണയാണ് ഇന്ത്യൻ നിർമ്മിത മരുന്നുകൾക്ക് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ലഭിക്കുന്നത്.
10. രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ജർമ്മനിയിലെ ഡസൽഡോർഫിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചു. ബോംബ് നിർവീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഡസൽഡോർഫ് സിറ്റി മൃഗശാലയ്ക്ക് സമീപത്തുനിന്നാണ് യുദ്ധക്കാലത്തെ ഒരു ടണ്‍ ഭാരമുള്ള ഷെല്‍ബോംബ് കണ്ടെത്തിയത്. ഉടനടി പ്രദേശത്തെ 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു. ബോബ് നിര്‍വീര്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പ്രദേശത്തെ എല്ലാ റോഡുകളും താത്കാലികമായി അടച്ചു. എന്നാൽ നടപടികൾ പൂർത്തിയാക്കിയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.