23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 5, 2024
January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023

അയോധ്യ വികസന പദ്ധതിയിലും കേന്ദ്രം കയ്യിട്ടുവാരി.…!10 വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Janayugom Webdesk
August 11, 2023 9:22 pm

1. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരൻ സമർപ്പിച്ച രേഖകളിൽ വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ആകാശത്തിന് താഴെ’ സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

2. കൊച്ചി കപ്പൽശാലയിലെ മൂന്ന് ശതമാനം വരെ ഓഹരികൾ കേന്ദ്രസർക്കാർ വിൽപ്പന നടത്താൻ ഒരുങ്ങുന്നു. ഒക്ടോബർ‑ഡിസംബർ പാദത്തിൽ നടപടികൾ പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഫർ ഫോർ സെയിൽ (വഴിയാകും ഓഹരികൾ വിൽപന നടത്തുക. 

3. സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നുമാണ് കണ്ടെടുത്തത്. 85 ലക്ഷം രൂപ വിലയുള്ള കുഴമ്പ് രൂപത്തിലുള്ള സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ന ഇൻഡിഗോ വിമാനത്തിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ സ്വർണം ഇട്ടിരുന്നത്. രണ്ട് കവറുകളിലാക്കി സ്വർണക്കുഴമ്പ് രൂപത്തിൽ 1709 ഗ്രം സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. 

5. ആം ആദ്മിത് പാർട്ടി എംപി രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. സർവീസസ് ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ അഞ്ച് എംപിമാരുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തിലാണ് നടപടി. പ്രിവിലേജ് കമ്മിറ്റി തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെയാണ് സസ്പെന്‍ഷന്‍. ഓഗസ്ത് 7ന് അവതരിപ്പിച്ച പ്രമേയത്തില്‍ നാല് രാജ്യസഭാ എംപിമാരുടെ അനുമതിയില്ലാതെ അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി.

6. അയോധ്യ വികസന പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് സിഎജി. കേന്ദ്രത്തിന്റെ സ്വദേശ് ദർശൻ സ്കീമിന് കീഴിൽ നടപ്പാക്കിയ അയോധ്യ വികസന പദ്ധതിയിൽ കരാറുകാർക്ക് അനാവശ്യ ആനുകൂല്യങ്ങൾ നല്‍കിയത് ഉൾപ്പെടെ ക്രമക്കേടുകൾ സിഎജി കണ്ടെത്തി. പദ്ധതി നടത്തിപ്പിൽ 8.22 കോടി രൂപയുടെ പാഴ്ച്ചെലവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

7. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിലായ മഹാരാഷ്ട്ര മുൻ മന്ത്രി നവാബ് മാലിക്കിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് മാസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നവാബ് മാലിക്കിനെ ഫെബ്രുവരിയിലാണ് ഇഡി അറസ്റ്റ് ചെയ്തത്.

8. ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥി ഫെര്‍ണാണ്ടോ വില്ലാവിസെന്‍ഷിയോ കൊല്ലപ്പെട്ട സംഭവത്തിൽ ആറ് പേര്‍ അറസ്റ്റില്‍. പിടിയിലാവര്‍ കൊളംബിയന്‍ പൗരന്മാരാണെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതിയും കൊളംബിയക്കാരനാണ്. 

9. അമേരിക്കയിലെ ഹവായിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. ചുഴലിക്കാറ്റും ഉണങ്ങിയ കാലാവസ്ഥയും പ്രദേശത്തെ സ്ഥിതി ഗുരുതരമാക്കി. ജീവരക്ഷാർത്ഥം കടലിൽ ചാടിയവരെ രക്ഷപ്പെടുത്താനുള്ള ഹെലിക്കോപ്റ്റർ നീക്കവും കാറ്റിൽ കുടുങ്ങി. അമേരിക്കൻ ദ്വീപസമൂഹമായ ഹവായിയിലെ മൗവയിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. മൗവയി ദ്വീപിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചിരിക്കുകയാണ്. പതിനായിരത്തോളം പേർ ഇപ്പോഴും ദ്വീപിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

10. ഉക്രെയ‍്ന്‍ തലസ്ഥാനമായ കീവില്‍ കടുത്ത വ്യോമാക്രമണം. മേഖലയില്‍ റഷ്യ ഹെെപ്പര്‍ സോണിക് മിസെെലുകള്‍ വിക്ഷേപിച്ചതായാണ് ഉക്രെയ‍്‍ന്‍ വ്യോമസേന അറിയിച്ചത്. താമസക്കാരോട് എയർ റെയ്ഡ് ഷെൽട്ടറുകളിൽ തുടരാൻ മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ നിര്‍ദേശിച്ചു. ആളപയാമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കീവിലെ കുട്ടികളുടെ ആശുപത്രിയുടെ ഗ്രൗണ്ടിലേക്ക് മിസൈൽ ശകലങ്ങൾ പതിച്ചതായും മേയര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.