1. ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി. ഡൈനാമിക് പ്രൈസിങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂ എന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ അറിയിച്ചു.
2. ലക്ഷദ്വീപിലെ സ്കൂളുകളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നത് തടയാൻ യൂണിഫോം കർശനമാക്കി പുതിയ ഉത്തരവ്. കഴിഞ്ഞ അധ്യയനവർഷം യൂണിഫോം നിർബന്ധമാക്കിയപ്പോൾ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അതോടെ യൂണിഫോമിനൊപ്പം തലയിൽ ഹിജാബ് ധരിക്കാൻ വാക്കാൽ നൽകിയ അനുവാദമാണ് പുതിയ ഉത്തരവോടെ ഇല്ലാതായത്. ഉത്തരവിൽ പറയാത്ത ഒരു വസ്ത്രവും യൂണിഫോമിനൊപ്പം ധരിക്കുന്നില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽമാരും പ്രധാന അധ്യാപകരും ഉറപ്പാക്കണമെന്ന് അഡ്മിനിസ്ട്രേറ്ററുടെ നിർദേശപ്രകാരം വിദ്യാഭ്യാസ ഡയറക്ടർ വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.
3. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ നാളെ മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും. ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തുകയും ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ ആശയം. വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ സർക്കാർ‑സ്വകാര്യ സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കും.
4. കനത്ത മഴയിലും തീപിടിച്ച ആവേശ പോരാട്ടത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ ജലരാജാവ്. നെഹ്റു ട്രോഫി ജലോത്സവത്തില്‍ തുടർച്ചയായി നാലാമത്തെ തവണയാണ് അലനും എയ്ഡൻ കോശിയും നയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് വിജയകിരീടം ചൂടിയത്. സന്തോഷ് കുരുവിള ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് രണ്ടാമതെത്തി. പി ആർ പദ്മകുമാർ ക്യാപ്റ്റനായ യു ബി സി കൈനകരി തുഴഞ്ഞ നടുഭാഗം മൂന്നാം സ്ഥാനത്തും പൊലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തുമെത്തി.
5. സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം ശക്തമായ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചനം. ഇന്നലെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. എറണാകുളം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
6. മുന്നറിയിപ്പ് നല്‍കാതെ വോട്ടല്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. 1960 ലെ രജിസ്ട്രേഷന്‍ ഓഫ് ഇലക്ടേഴ്സ് റൂളിലെ റൂള്‍ നമ്പര്‍ 18നെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. റൂള്‍ നമ്പര്‍ 18 അനുസരിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതിയുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് എം ജി ദേവസഹായം, സോമസുന്ദര്‍ ബുറ, അതിഥി മേഹ്ത എന്നിവര്‍ ചേര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
7. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ ചൗക്കി ഫാറ്റയ്ക്ക് കീഴിലുള്ള തര്‍സാലിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അഞ്ച് തീര്‍ത്ഥാടകര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ മണ്ണിനടിയില്‍പെടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് അപകടം. നിര്‍ത്താതെ പെയ്ത മഴയെതുടര്‍ന്ന് രക്ഷപ്രവര്‍ത്തനങ്ങള്‍ വൈകിയിരുന്നു. വെള്ളിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിനു മുകളിലേക്കു പാറക്കല്ലുകള്‍ ഉള്‍പ്പെടെ ഇടിഞ്ഞുവീഴുകയായിരുന്നു.
8. തിരുപ്പതിയില്‍ മാതാപിതാക്കള്‍ക്കൊപ്പം തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അലിപിരി വാക്ക് വേയില്‍ ആണ് സംഭവം. ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. പൊലീസെത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
9. പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് പുതിയ തീരുമാനമെടുത്തത്. സെനറ്റര്‍ അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഈ വര്‍ഷാവസാനം പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ സര്‍ക്കാരിനെ നയിക്കും.
10. ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 23 പേർ മരിച്ചു. മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്ത് നിന്ന് പലായനം ചെയ്യുകയായിരുന്ന അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. എട്ട് പേരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50ലധികം യാത്രക്കാരുമായി മലേഷ്യ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.