1. ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസത്തിന് ശേഷമാണ് തൊഴിലാളികള്‍ പുറത്തെത്തുന്നത്. തൊഴിലാളികളെ ആംബുലന്‍സിലേക്ക് മാറ്റി. രക്ഷപ്പെടുത്തിയ തൊഴിലാളികളെ പരിശോധിക്കാൻ മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 41 തൊഴിലാളികളാണ് ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയത്.
2. കഴിഞ്ഞദിവസം കാണാതായി ഇന്ന് കണ്ടെത്തിയ അബിഗേലിനെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം . കുട്ടിയുടെ മൊഴിയെടുക്കാനുള്ള സാഹചര്യമുണ്ടായാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അതിനിടെ കുഞ്ഞിനു വേണ്ട കൗണ്‍സിലിംഗ് അടക്കമുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാജോര്‍ജ്ജ് ഉറപ്പു നല്‍കി. ആരോഗ്യ പ്രവര്‍ത്തകരായ അബിഗേലിന്റെ അച്ഛനമ്മമാര്‍ക്ക് അവധി നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കി.
3. കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. കുട്ടികളെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും ആശുപത്രിക്കും മന്ത്രി നന്ദി അറിയിച്ചു.
4. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. വെള്ളിയാഴ്ചയും ശക്തമായ മഴ തുടരും. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഇവിടെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
5. അഗ്നിവീർ പരിശീലനം നടക്കുന്നതിനിടെ മലയാളി യുവതി ആത്മഹത്യ ചെയ്തു. മലയാളി യുവതിയായ അപര്‍ണ നായര്‍ (20) ആണ് ആത്മഹത്യ ചെയ്തത്. മുംബൈയിലുള്ള നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. മാൽവാനി ഏരിയയിലുള്ള ഐഎൻഎസ് ഹംലയിലായിരുന്നു യുവതിയുടെ പരിശീലനം. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയിരുന്നു. തുടര്‍ പരിശീലനം നടക്കുന്നതിനിടെയാണ് യുവതി ആത്മഹത്യ ചെയ്തത്.
6. തിരുവനന്തപുരം വേളിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാറാണ് മരണപ്പെട്ടത്. വേളി PHC യിലാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. തീരദേശമായതിനാല്‍ ചൊരിമണലാണ് പ്രദേശത്തുള്ളത്.
7. കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്യാമ്പസുകളിൽ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാൻ സമിതി രൂപീകരിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. കുസാറ്റ് ദുരന്തത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും സമിതി നടത്തും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക്ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു വിദ്യാർത്ഥികളും ഒരു സന്ദർശകനും മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പെരുമാറ്റച്ചട്ടം രൂപീകരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
8. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അപകീർത്തി കേസ് റദ്ദാക്കാനായി ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പിന്മാറി. ദിലീപിനൊപ്പം അച്ഛൻ സിനിമയിൽ അഭിനയിച്ചെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പിന്മാറിയത്. തിയേറ്ററുടമയും നിർമ്മാതാവുമായ ലിബർട്ടി ബഷീർ നൽകിയ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, തന്റെ അച്ഛനും ഹർജിക്കാരനും തമ്മിൽ സിനിമാ ബന്ധമുള്ളതിനാൽ, ഈ കേസിൽ നിന്ന് ഒഴിയുകയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
9. ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത 18 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രധാന അധ്യാപകന്‍ രാജേഷ് കുമാറിനെ(50) അറസ്റ്റ് ചെയ്തു. പോക്സോ ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. സ്കൂളില്‍ പാചകത്തിന് വരുന്ന സ്ത്രീകളോടാണ് കുട്ടികള്‍ ഇക്കാര്യം പറഞ്ഞത്. ഇവര്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപകര്‍ ബാലാവകാശ കമ്മിഷനെ വിവരം ധരിപ്പിച്ചു. കമ്മിഷന്‍ അംഗങ്ങള്‍ സ്കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
10. തെലങ്കാനയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ ഡിസംബർ 1 വൈകുന്നേരം 5 മണി വരെയാണ് നിരോധനാജ്ഞ. തെരഞ്ഞെടുപ്പ് നടക്കുന്ന ഹൈദരാബാദിലെ വിവിധ പ്രദേശങ്ങളില്‍ നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് സിആർപിസിയുടെ സെക്ഷൻ 144 ചുമത്തി സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് ഷാൻഡില്യ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.