1.മെഡിക്കല്‍ കോളജിലെ യുവ പജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
2. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തിലെ പി.ജി വിദ്യാര്‍ത്ഥിനി വെഞ്ഞാറമൂട് സ്വദേശി ഷഹിന (27)യെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം ജില്ലാ കളക്ടര്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവരോട് ഡിസംബര്‍ 14ാം തീയതി തിരുവനന്തപുരം ജില്ല സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
3. നാടിനെ പുറകോട്ടടിപ്പിക്കാനുള്ള ശ്രമം ചിലർ നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിങ്ങാലക്കുടയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് വർഗ്ഗീയതയുടെ ഭാഗമായിട്ടാണ്, സമാധാനത്തിന് ഭംഗം വരാറുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ അത്തരം പ്രശ്നമുണ്ടാകില്ല എന്ന് വർഗ്ഗീയ ശക്തികൾക്കറിയാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
4. ഭരണഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഓഫീസുകളിലെ എല്ലാ ബോര്‍ഡുകളും ആദ്യനേര്‍പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍ക്കൂടി തയാറാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
5 . പണം വച്ചുള്ള ചൂതാട്ടത്തിന് ജിഎസ്ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്‌ടി നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത് ജിഎസ്‌ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്‌ക്ക് 28 ശതമാനം ജിഎസ്‌ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്‍റെ മുഖവിലയ്‌ക്കാണെന്നും തീരുമാനിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ജിഎസ്‌ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്‌തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജിഎസ്‌ടി നിയമത്തിൽ കൊണ്ടുവരുന്നത്.
6. എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചു. നവ കേരള സദസ് നടക്കുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്കിൻ്റെ സാധ്യത കണക്കിലെടുത്താണ് എറണാകുളം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. വ്യാഴാഴ്‌ച അങ്കമാലി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിലെയും വെള്ളിയാഴ്‌ച എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെയും സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
7. കൊച്ചിയിലെ ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ഷാനിഫ്, അശ്വതി എന്നിവരെ ഈ മാസം 20ാം തീയതി വരെ റിമാന്‍ഡ് ചെയ്തു. കൊലപാതകം, ബാല നീതി നിയമത്തിലെ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കൊച്ചിയിൽ വാടകയ്‌ക്കെടുത്ത ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശി അശ്വതിയും കണ്ണൂർ സ്വദേശി സുഹൃത്തായ ഷാനിഫും ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. ഷാനിഫ് കുഞ്ഞിനെ കൽമുട്ടുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
8. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച 2 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ10 ബിജെപി എംപിമാർ രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകാനുള്ള സാധ്യത വർധിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍, സഹമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍, ഋതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, അരുണ്‍ സോ, ഗോമ്തി സായി തുടങ്ങിയവരാണ് രാജിവച്ചത്. രാജ്യസഭാ എംപി കിരോരി ലാൽ മീണയും രാജി സമർപ്പിച്ചു.
9. ഭാര്യയേയും രണ്ടു മക്കളെയും കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി.ഉത്തർപ്രദേശിലെ റായ്ബറേലിയിലെ മോഡേൺ റെയിൽ കോച്ച് ഫാക്ടറിയിൽ നേത്രരോഗ വിദഗ്ധനായിരുന്ന ഡോ.അരുൺ കുമാറാണ് ഭാര്യ അർച്ചന, മക്കളായ അദിവ(12), ആരവ്(4) എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.കൈ നരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തൂങ്ങിമരിച്ചത്.
10. ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി കരസ്ഥമാക്കി കൊൽക്കത്ത. മൂന്ന് വർഷമായി കൊൽക്കത്ത തന്നെയാണ് ഈ പദവി നേടിയിരിക്കുന്നത്. മഹാനഗരങ്ങളിൽ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് ഈ പദവി നൽകുന്നത്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ടിലാണ് കൊൽക്കത്തയ്ക്ക് ഈ നേട്ടം. 2016 മുതൽ കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.