28 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 5, 2024
January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023

മാലദ്വീപ് പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി: എംപിയുടെ തല പൊട്ടി, നിരവധി പേര്‍ക്ക് പരിക്ക് ‌‌| പാരീസില്‍ മൊണലിസ ചിത്രത്തില്‍ സൂപ്പൊഴിച്ച് പ്രതിഷേധം

പത്ത് വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
Janayugom Webdesk
തിരുവനന്തപുരം
January 28, 2024 8:09 pm

1. ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നീതീഷ് കുമാറിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെയും എന്‍ഡിഎ ഘടകകക്ഷികളുടെയും പിന്തുണയോടെ 128 പേരുടെ അംഗബലത്തിലാണ് നിതീഷ് കുമാര്‍ ബീഹാറില്‍ ഒമ്പതാം തവണ മുഖ്യമന്ത്രിയാകുന്നത്.

2. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുണി നെയ്ത് നല്‍കിയ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നേരത്തെ 53 കോടി നല്‍കിയിരുന്നു. സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുളള സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കും, ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്.

3. പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം നാളെ പുനരാരംഭിക്കും. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നാളെ മുതല്‍ 31 വരെ നടക്കും. 25ന് സമ്മേളനത്തിന്റെ ആദ്യദിനമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. മാർച്ച് 27 വരെയുള്ള കാലയളവിൽ ആകെ 32 ദിവസമാണ് പത്താം സമ്മേളനം ചേരുന്നത്. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. 12 മുതൽ 14 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. 

4. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 44 ലക്ഷം രൂപ വിലയുള്ള സ്വർണ്ണ മിശ്രിതം പിടിച്ചു. ജിദ്ദയിൽ നിന്നും കുവൈറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി റിയാസ് എന്ന യാത്രക്കാരനാണ് സ്വർണ്ണം ഒളിപ്പിച്ച് കടത്തുവാൻ ശ്രമിച്ചത്. 848.75 ഗ്രാം സ്വർണ്ണ മിശ്രിതം മൂന്ന് ക്യാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് പുറത്തേയ്ക്ക് കൊണ്ടു പോകുവാൻ ശ്രമിച്ചത്.

5. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി/വർഗ, ഒബിസി ഉദ്യോഗാർത്ഥികൾക്കുള്ള സംവരണ അട്ടിമറികൾക്ക് വഴിയൊരുക്കുന്ന കരട് നിർദേശവുമായി യുജിസി. സംവരണ തസ്തികകളിൽ അർഹരായ ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ഡിസംബർ 27നാണ് യുജിസി മാർഗനിർദേശങ്ങള്‍ പുറത്തിറക്കിയത്. ഇന്നുവരെയാണ് പൊതുജനാഭിപ്രായം അറിയിക്കാനുള്ള കാലാവധി.

6. കര്‍ണാടകയിലെ മാണ്ഡ്യയില്‍ അനധികൃതമായി സ്ഥാപിച്ച കാവിക്കൊടി നീക്കം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം. അനുമതിയില്ലാതെ പുതുതായി നിര്‍മ്മിച്ച കൊടിമരത്തില്‍ ഉയര്‍ത്തിയ കാവിക്കൊടി നീക്കം ചെയ്തതിനു പിന്നാലെയാണ് സംഘ്പരിവാറും പൊലീസും ഏറ്റുമുട്ടിയത്. അക്രമത്തില്‍ പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രക്കുന്നതിനായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

7. പലസ്തീന്‍ അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭാ ഏജന്‍സിക്ക് നല്‍കുന്ന ധനസഹായം താല്‍ക്കാലികമായി നിർത്തിവച്ച് ബ്രിട്ടന്‍. ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ യുഎന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതായി യുഎൻ ഏജൻസി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഇറ്റലി, കാനഡ എന്നി രാജ്യങ്ങൾ രംഗത്തെത്തിയത്.

8. കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍വാദിയുമായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യ സഹകരിക്കുന്നുണ്ടെന്ന് കാനഡയുടെ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ്. നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റിന് ബന്ധമുണ്ടെന്ന് കാനഡ സര്‍ക്കാര്‍ ആരോപിച്ച കേസിലാണ് കാനഡയുടെ വെളിപ്പെടുത്തല്‍. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സെപ്റ്റംബര്‍ 19 ന് ആരോപണം പരസ്യമായി ഉന്നയിക്കുന്നതിന് മുമ്പ്, നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരുമായി സംസാരിക്കാന്‍ പലതവണ ഇന്ത്യയിലെത്തിയ ആളാണ് തോമസ്.

9. പാരീസില്‍ മൊണലിസ ചിത്രത്തില്‍ സൂപ്പൊഴിച്ച് പ്രതിഷേധം. പാരീസില്‍ ലൂവ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിലാണ് സൂപ്പൊഴിച്ച് പ്രതിഷേധിച്ചത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലായതിനാല്‍ ചിത്രത്തിന് കേടുപാടുകള്‍ സംഭവിച്ചില്ല. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളിൽ ഒന്നാണ് ലിയോനാർഡോ ഡാവിഞ്ചിയുടെ പതിനാറാം നൂറ്റാണ്ടിലെ ഈ പെയിൻ്റിംഗ്. പാരീസിലെ ലൂവ്രെയിലാണ് സംഭവം നടന്നത്. ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകരെ പിന്തുണച്ചുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ചിത്രത്തില്‍ പ്രതിഷേധക്കാര്‍ സൂപ്പൊഴിച്ചത്.

10. മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു നാമനിര്‍ദേശം ചെയ്ത നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സംഘര്‍ഷം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന മൊയ്‌സുവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.