നമസ്കാരം ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാര്‍ത്തകളുമായി ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസിലേക്ക് സ്വാഗതം
1. സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പൂർണ മനസോടുകൂടിയ ഇടപെടലുണ്ടായാൽ ഭരണനിർവഹണം തീർത്തും ജനോന്മുഖമാകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ ഫയലിലുമുള്ളതു തുടിക്കുന്ന ജീവിതമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
2. പുതിയ പ്രതിസന്ധികളെ അതീജിവിക്കാനും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചരിത്രം മാറ്റിക്കുറിക്കുന്നൊരുകാലത്താണ് നാം ജീവിക്കുന്നത്. ദേശീയ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം, സാമൂഹ്യ മാറ്റത്തില്‍ ഇവയുണ്ടാക്കിയ പങ്ക് തുടങ്ങിയവയെല്ലാം തമസ്കരിക്കുന്ന രാഷ്ട്രീയമാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്നവര്‍ കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
3. ഡ്രൈവിങ് ലൈസൻസുകൾ സ്മാർട് കാർഡിലേക്ക് മാറുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് ഇനി മുതൽ വിതരണം ചെയ്യുന്നത്. സ്മാർട് കാർഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
4. പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നവജാത ശിശുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനെയും മന്ത്രി അഭിനന്ദിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പങ്കുവച്ചത്.
5. മില്‍മയുടെ പച്ചക്കവറിൽ നൽകുന്ന റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു. വില വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിനെ അറിയിക്കുന്നതില്‍ മിൽമക്ക് വീഴ്ച സംഭവിച്ചതായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. പാൽ വില വർദ്ധിപ്പിക്കാനുള്ള അധികാരം മിൽമക്ക് ഉണ്ട്. എന്നാല്‍ വില വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിനെ കൂടി അറിയിക്കാനുള്ള ബാധ്യത അവർക്ക് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
6. അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന് സമയം നീട്ടി നല്‍കി ഹൈക്കോടതി. പുതിയ സ്ഥലം കണ്ടെത്താനാണ് സമയം അനുവദിച്ചത്. സ്ഥലം കണ്ടെത്തുന്നതു വരെ അരിക്കൊമ്പന്‍ നിരീക്ഷണത്തില്‍ കഴിയും. അരിക്കൊമ്പനെ മാറ്റാന്‍ പുതിയ സ്ഥലം സര്‍ക്കാര്‍ നിര്‍ദേശിക്കില്ലെന്നും വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിക്കട്ടെയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. മെയ് 3 ന് കേസ് വീണ്ടും പരിഗണിക്കും.
7. ഗുണ്ടാസംഘമായി മാറിയ രാഷ്ട്രീയനേതാവ് ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊലയാളികളെ പ്രയാഗ് രാജ് കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂവരെയും ഏപ്രിൽ 23ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
8. സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് താലിബാനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അഫ്ഗാന്‍ വിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതില്‍ നിന്ന് അഫ്ഗാന്‍ സ്ത്രീകളെ വിലക്കിയ താലിബാന്‍ നടപടിക്ക് പിന്നാലെയാണ് യുഎന്‍ നിലപാട് കടുപ്പിച്ചത്. സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് താലിബാന്‍ നേതൃത്വവുമായി യു എന്‍ നടത്തി വരുന്ന ചര്‍ച്ചകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തീരുമാനം.
9. സൂപ്പര്‍ സോണിക് ചാര ഡ്രോണ്‍ വിക്ഷേപിക്കാന്‍ ചെെന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഹെെ ആള്‍ട്ടിറ്റ്യൂഡ് ചാര ബലൂണാണ് ചെെന വിക്ഷേപിക്കുക. പെന്റഗണില്‍ നിന്ന് ചോര്‍ന്ന രഹസ്യ സെെനിക വിവരങ്ങളെ അടിസ്ഥാനമാക്കി വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. നാഷണൽ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് ഏജൻസിയില്‍ നിന്നുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
10. ലോക ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ. യുഎൻ പോപ്പുലേഷൻ റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നു. ചൈനയെക്കാള്‍ ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 30 ലക്ഷത്തിന്റെ വർധനയാണ് ചൂണ്ടിക്കാണിക്കുന്നത്. 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.