1 എഐ ക്യാമറ, നല്ല റോഡ് സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ തോതിൽ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് എഐ ക്യാമറയും പുതിയ ഡിജിറ്റൽ ലൈസൻസുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന പുതിയ പിവി.സി പെറ്റജി കാർഡ് ഡ്രൈവിംഗ് ലൈസൻസ്, എ ഐ സേഫ്റ്റി ക്യാമറകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മേയ് 19 വരെ എഐ കാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയിടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണിരാജു അറിയിച്ചു.
2 ലൈഫ് മിഷൻ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകി. എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയത്. കേസില്‍ സന്തോഷ് ഈപ്പനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.
3 എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20‑ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് ടു മെയ് 25-നകം പ്രസിദ്ധീകരിക്കും. ജൂൺ 1‑ന് സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
4 തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ കുടുങ്ങിയ കരടി ചത്തത് അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. കിണറ്റില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നതുള്‍പ്പെടെ ശാസ്ത്രീയ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
5 ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി മരവിപ്പിക്കുന്നുവെന്ന പരാതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സംസ്ഥാന പൊലീസ് മേധാവിയോടാണ് ജസ്റ്റിസ് വിജു എബ്രാഹാം റിപ്പോർട്ട് തേടിയത്. അക്കൗണ്ടുകൾ മരവിപ്പിച്ച ആറ് പേർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ജനങ്ങൾ എങ്ങനെ ജീവിക്കുമെന്നും കോടതി ആരാഞ്ഞു.
6 സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. പെരുന്നാള്‍ പ്രമാണിച്ച് 22ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
7 ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനികവാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികൻ ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നു. ഗ്രനേഡ് ഉപയോഗിച്ചുളള ആക്രമണത്തിലാണ് കരസേനയുടെ വാഹനത്തിന് തീപിടിച്ചത്.
8 ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് അഹമ്മദാബാദ് സ്പെഷ്യൽ കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ബിജെപി മുൻമന്ത്രി മായാകോട് നാനി അടക്കം 68 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. ഗുജറാത്ത് കലാപകാലത്ത് നരോദ ഗാമിൽ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലാണ് 13 വർഷം നീണ്ട വിചാരണക്കൊടുവിൽ വിധി പ്രസ്താവിച്ചത്.
9 മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. അപകീര്‍ത്തിക്കേസിലെ ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുലിന് എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. എന്നാല്‍ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കും.
10 സുഡാനില്‍ സെെന്യവും അര്‍ധ സെെനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആറാം ദിവസവും തുടരുന്നു. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സംഘര്‍ഷം രൂക്ഷമായത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. അഞ്ച് ദശലക്ഷം ആളുകള്‍ താമസിക്കുന്ന തലസ്ഥാനമായ ഖാര്‍ത്തൂമിലാണ് ഏറ്റവും രൂക്ഷമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം, കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെ വെബ്സൈറ്റ് യുട്യൂബ് ചാനല്‍ എന്നിവ സന്ദര്‍ശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.