1. എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്നും കുട്ടികളുടെ സുരക്ഷയാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹംവ്യക്തമാക്കി. ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമറ്റ് സൂക്ഷിക്കാൻ സ്ക്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രനിയമത്തിൽ ഇളവ് ചെയ്യുന്നതുള്‍പ്പെടെയുള്ളവ ചർച്ച ചെയ്യാനായി മെയ് 10ന് ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2. അന്തരിച്ച ചലച്ചിത്ര നടന്‍ മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് മക്കള്‍. ഉപ്പയുടെ മരണാനന്തര ചടങ്ങുകളിൽ താരങ്ങൾ വരാത്തതിൽ പരാതിയില്ലെന്ന് മക്കളായ മുഹമ്മദ് നിസാറും അബ്ദുല്‍റഷീദും പറഞ്ഞു. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും സാഹചര്യം വിളിച്ച് അറിയിച്ചിരുന്നെന്നും ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിനോട് മാമുക്കോയക്കും താത്പര്യമില്ലായിരുന്നെന്ന് മക്കൾ പറഞ്ഞു.
3. രാവിലെ മുതലുള്ള തെരച്ചിലിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് അരിക്കൊമ്പനുള്ളത്. ഈ മേഖലയിൽ നിന്നും നാളെ ആനയെ ഓടിച്ച് താഴെയിറക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വെള്ളിയാഴ്ച പുലർച്ചെ 4.30 യോടെ അരിക്കൊമ്പനായുള്ള മിഷൻ ആരംഭിച്ചെങ്കിലും കൊമ്പനെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ വൈകുന്നേരത്തോടെ മിഷൻ അവസാനിപ്പിക്കുകയായിരുന്നു.
4. സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തനം നാളെ പുനരാരംഭിക്കും. സെർവർ തകരാർ കാരണം ഇപോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ, നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻഐസി പൂർത്തിയാക്കിയതായി ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. എൻഐസി ഹൈദരാബാദിന്റെ നിർദേശപ്രകാരമാണ് ഡാറ്റ മാറ്റിയത്. ഇതിനു ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി.
5. സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാകുന്നു. മറ്റന്നാൾ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
6. ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു.മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധി പ്രസ്താവിച്ചത്.ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.
7. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
8. വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നേരത്തെ യുപി, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി ബാധകമാക്കിയത്.
9. ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട എ രാജ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി. ഇതോടെ എ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കില്ല.
10. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ പത്താം സംഘവും ജിദ്ദയിലെത്തി. 135 യാത്രക്കാരാണ് സംഘത്തിലുള്ളത്. വ്യേമസേനയുടെ സി 130 ജെ വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ കവേരിയുടെ ഭാഗമായി ഇന്നലെ രണ്ട് വിമാനങ്ങൾ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.