21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 5, 2024
January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ ചുരുക്കത്തില്‍

Janayugom Webdesk
April 5, 2023 11:24 pm

1. എലത്തുർ ട്രെയിന്‍ തീവെയ്പ് കേസിൽ അറസ്റ്റിലായ പ്രതിയെ നാളെ കേരളത്തിലെത്തിക്കും. പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയാണ് മാഹാരാഷ്ട്രയിൽവച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ കുറിച്ചുള്ള വിവരം മാഹാരാഷ്ട്ര തീവ്ര വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) നൽകിയത്. ഇന്നു പുലർച്ചെ 3 മണിയോടെയാണ് പ്രതി പിടിയിലാവുന്നത്. പ്രതി കുറ്റം സമ്മതിച്ചു എന്നത് മഹാരാഷ്ട്ര എ ടി എസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി. 

2. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണം. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. അതേസമയം കേസിന്റെ വിധിയിൽ തൃപ്തിയില്ലെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു.

3. ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അഞ്ചുയുവാക്കള്‍ മുങ്ങിമരിച്ചു. ദക്ഷിണ ചെന്നൈയിലെ ധര്‍മ്മലിംഗേശ്വരര്‍ ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രാഘവന്‍, യോഗേശ്വരന്‍, വനേഷ്, രാഘവന്‍, ആര്‍ സൂര്യ എന്നിവരാണ് മരിച്ചത്. 18നും 23 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച യുവാക്കള്‍. പൊലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തേയ്ക്ക് ഉടൻ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

4. അരിക്കൊമ്പൻ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ. അന്തിമ തീരുമാനം വിധിപ്പകർപ്പ് ലഭിച്ചതിന് ശേഷമെന്നും വനംവകുപ്പിന്റെ തീരുമാനം. ആധുനിക സംവിധാനമുള്ള റേഡിയോ കോളർ നിലവിൽ വനംവകുപ്പിന്റെ കൈവശമില്ല. ആസാമിൽ നിന്നും റേഡിയോ കോളർ എത്താൻ താമസമുണ്ടാകും. പൊതു അവധി ദിനങ്ങളിൽ ആനയെ പിടികൂടണ്ടെന്നുമാണ് നിലവിലെ ധാരണ. പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സ്ഥലത്ത് പ്രതിഷേധം ശക്തമാകുകയാണ്.

5. ആറൻമുള കോട്ടയിൽ ബക്കറ്റിൽ ഉപക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ പത്തനംതിട്ട ജില്ലാ സി ഡബ്ലു സി ഏറ്റെടുത്തു. ആരോ​ഗ്യനില മെച്ചപ്പെട്ട ശേഷം കുട്ടിയെ തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും. കുട്ടിയെ അമ്മ മനപൂർവ്വം ഉപേക്ഷിച്ചതാണെന്നാണ് നി​ഗമനമെന്ന് സിഡബ്ലിയുസി ചെയർമാൻ രാജീവ് പറഞ്ഞു. ”അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ താമസിപ്പിക്കേണ്ടത് തണൽ എന്ന സ്ഥാപനത്തിലാണ്. തണലിലെ അഡ്മിനിസ്ട്രേഷന് നിർദ്ദേശം കൊടുത്ത് കുട്ടിയുടെ താത്ക്കാലിക സം​രക്ഷണം അവരേറ്റെടുത്തിട്ടുണ്ട്. കുട്ടിയുടെ ഭാവി സംരക്ഷണം തണലിലായിരിക്കും ഉണ്ടാകുക.

6. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസും ഡിആർഐയുമാണ് രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണ്ണം പിടികൂടിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് അഷ്റഫ്, മുഹമ്മദ് നസീഫ് എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. അഷ്റഫിൽ നിന്നും 1812.11 ഗ്രാം സ്വർണവും, നസീഫിൽ നിന്നും 1817.93 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. 

7. സ്വർണവില സർവകാല റെക്കോർഡിൽ. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. വെള്ളി വിലയിലും മാറ്റമുണ്ടായി. ഗ്രാമിന് 2.90 രൂപ വര്‍ധിച്ച് 80.70 രൂപയും എട്ട് ഗ്രാമിന് 23.20 രൂപ വര്‍ധിച്ച് 645.60 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില നേരിയ തോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടിയതോടെ സ്വർണ വില വലിയ തോതിൽ വർധിക്കുകയായിരുന്നു. 

8. നാളെ നടക്കുന്ന ഹനുമാൻ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. രാമനവമി ആഘോഷത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലുണ്ടായിരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദ്ദേശം. ആഘോഷങ്ങൾ സമാധാനപരമാണെന്ന് ഉറപ്പ് വരുത്തണമെന്നും മത സ്പർദ്ധ ഉണ്ടാകാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നൽകിയ നിർദേശത്തിൽ പറയുന്നു. 

9. കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പിൻവലിച്ചു. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലെ വാദം. 

10. രണ്ട് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി ചൈന. ആകാശവാണി ലേഖകന്‍ അനുഷുമാന്‍ മിശ്ര, ഹിന്ദു ലേഖകന്‍ ആനന്ദ് കൃഷ്ണ എന്നിവര്‍ക്കാണ് ചൈന വിലക്കേര്‍പ്പെടുത്തിയത്. ഇവരുടെ വിസ മരവിപ്പിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇരുവര്‍ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചൈനയില്‍ പ്രവേശിക്കാന്‍ ആവില്ല. എന്നാല്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയുടെ കെജെഎം വര്‍മ്മയ്ക്കും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സുധിര്‍ഥോ പട്രനോബിസിനും ചൈനയില്‍ തുടരാം. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.