സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കി. ഐസൊലേഷൻ, ചികിത്സ, സാമ്പിൾ കളക്ഷൻ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ എസ്ഒപി പിന്തുടരണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ രോഗബാധിത രാജ്യങ്ങളിൽ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തിൽ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളർച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ വാനര വസൂരിയാണെന്ന് സംശയിക്കണം.
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവർത്തകരുൾപ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. ഇവർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ് വരുന്നത്. പിസിആർ പരിശോധനയിലൂടെയാണ് വാനര വസൂരി സ്ഥിരീകരിക്കുന്നത്.
വാനര വസൂരി ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകൾ വെവ്വേറെയായി ഐസൊലേഷനിൽ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ജില്ലാ സർവൈലൻസ് ഓഫീസറെ (ഡിഎസ്ഒ) ഉടൻ അറിയിക്കണം. ഇതോടൊപ്പം എൻഐവി പ്രോട്ടോക്കോൾ അനുസരിച്ച് സാമ്പിളുകൾ ശേഖരിക്കണം. ശേഖരിക്കുന്ന സാമ്പിളുകൾ ലാബിൽ അയയ്ക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും.
ഐസൊലേഷൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തുന്ന രോഗികളെ അവർ ആവശ്യപ്പെട്ടാൽ മാത്രം സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യണം. ഐസൊലേഷൻ സൗകര്യമുള്ള സർക്കാർ ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യാവൂ. ഡിഎസ്ഒയ്ക്ക് ശരിയായ വിവരം നൽകി പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം റഫറൽ ചെയ്യേണ്ടത്.
വാനര വസൂരി സ്ഥിരീകരിച്ച കേസുകൾ, കേന്ദ്രത്തിന്റെ കൃത്യമായ മാർഗനിർദേശങ്ങൾ അനുസരിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. വാനര വസൂരി ബാധിതരുടെ ചികിത്സ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, സംസ്ഥാന മെഡിക്കൽ ബോർഡുമായി ബന്ധപ്പെടേണ്ടതാണ്.
രോഗിയെ ആംബുലൻസിൽ കൊണ്ട് പോകേണ്ടി വരുമ്പോൾ പിപിഇ കിറ്റ്, എൻ 95 മാസ്ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഡിഎസ്ഒയുടെ നിർദേശപ്രകാരം മാത്രമേ ഒരാളെ കൊണ്ടുപോകാവൂ. ഇതോടൊപ്പം ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എൻ 95 മാസ്കോ ട്രിപ്പിൾ ലെയർ മാസ്കോ ധരിക്കണം. മുറിവുകളുണ്ടെങ്കിൽ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലൻസും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങൾ മാർഗനിർദേശമനുസരിച്ച് നിർമാർജനം ചെയ്യണം.
എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തെർമൽ സ്കാനർ ഉണ്ട്. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരിൽ തെർമ്മൽ സ്കാനർ വഴിയുള്ള പരിശോധനയിൽ പനിയുണ്ടെന്ന് കണ്ടെത്തിയാൽ അവരുടെ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടോയെന്ന് മെഡിക്കൽ സംഘം പരിശോധിക്കും. പാടുകളുണ്ടെങ്കിൽ ഡിഎസ്ഒയുമായി ബന്ധപ്പെട്ട് ഐസൊലേഷൻ സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയിൽ അവരെ മാറ്റും.
വാനര വസൂരി സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന സംസ്ഥാനത്ത് ആരംഭിച്ചു. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. വാനര വസൂരി സ്ഥിരീകരിച്ചതോടെ അടിയന്തരമായി പൂനെ എന്‍ഐവി യില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിക്കുകയായിരുന്നു. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ ആലപ്പുഴ എന്‍ഐവിയിലേക്ക് അയച്ച് തുടങ്ങി. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച് നാല് ദിവസത്തിനകം ഇവിടത്തന്നെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കാനായത് വലിയ നേട്ടമാണ്.
ഇതിലൂടെ പൂനെയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത് മൂലമുള്ള കാലതാമസം ഒഴിവാക്കാനാകും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 28 ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യമുണ്ട്. കേസുകള്‍ വര്‍ധിച്ചാല്‍ മറ്റ് ലാബുകളില്‍ കൂടി വാനര വസൂരി സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് വാനര വസൂരി സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്ക്കുന്നത്.
ആര്‍ടിപിസിആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡിഎന്‍എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. വാനര വസൂരിക്ക് രണ്ട് പിസിആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും. ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് വാനര വസൂരി സ്ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
English summary;‘monkey pox; Health department has released guidelines
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.