23 December 2024, Monday
KSFE Galaxy Chits Banner 2

തെറ്റായ പരസ്യങ്ങളില്‍ വീഴുന്നവര്‍ കൂടുന്നു

സബിന പത്മന്‍
കണ്ണൂര്‍
April 28, 2023 11:36 pm

യാതൊരു അടിസ്ഥാനവുമില്ലാതെ വിവിധ രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് അവകാശപ്പെടുന്ന മരുന്നുകളുടെ തെറ്റായ പരസ്യവാചകങ്ങളില്‍ വീഴുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
സമ്പൂര്‍ണ സാക്ഷരത നേടിയ നാട്ടിലെന്ന് ഊറ്റം കൊള്ളുന്നവരാണ് ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതിലേറെയും. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 25 കേസുകളാണ്. പരിശോധനയിൽ സ്റ്റമെൻ ക്രീം, ക്ലിയർ സ്റ്റോൺ ഡ്രോപ്സ്, ഗിൻസെഗ് ടാബ്ലെറ്റ്, നയാഗ്ര ഹെർബൽ മസാജ് ഓയിൽ ഫോർ മെൻ തുടങ്ങിയ ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. വിവിധ രോഗാവസ്ഥകൾക്ക് ഫലപ്രദമാണെന്ന് അവകാശപ്പെടുന്ന തെറ്റായ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വകുപ്പിലെ എല്ലാ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരും സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ മാജിക് ആഡിലൂടെയാണ് അനധികൃത ഉല്പന്നങ്ങള്‍ പിടികൂടിയത്. 1954ലെ ഡ്രഗ് ആന്റ് മാജിക് റമഡീസ്(ഒബ്ജക്ഷണബിൾ അഡ്വര്‍ടൈ‌സ‌്മെന്റ് ) ആക്ടിന് വിരുദ്ധമായി പരസ്യം ചെയ്ത് വില്പന നടത്തിയ ഉല്പന്നങ്ങളുടെ നിർമ്മാതാക്കൾക്കെതിരെയും വിതരണക്കാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ആക്ട് പ്രകാരം കാൻസർ, പ്രമേഹം, അപസ്മാരം, ഹൃദ്രോഗങ്ങൾ, കുഷ്ഠം, വന്ധ്യത, ലൈംഗിക ബലഹീനത തുടങ്ങിയ 54 ഇനം രോഗാവസ്ഥകൾ ചികിത്സിച്ച് ഭേദപ്പെടുത്താമെന്ന് അവകാശപ്പെട്ട് മരുന്ന് ഉല്പന്നങ്ങൾ പരസ്യപ്പെടുത്താൻ പാടുള്ളതല്ല. എന്നാൽ ആയുർവേദ ചേരുവകൾ ചേർത്ത് മതിയായ ഡ്രഗ്‌സ് ലൈസൻസുകളില്ലാതെ ഇത്തരം ഉല്പന്നങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളുടെ ക്ലാസിഫൈഡ് വിഭാഗത്തിലും പരസ്യം ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ പരിശോധന കർശനമാക്കിയത്.

യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ ലൈംഗികരോഗങ്ങൾക്ക് ഉൾപ്പെടെ ഫലപ്രദമെന്ന തരത്തിലുള്ള തെറ്റായ പരസ്യങ്ങൾ ധാരാളം പ്രചരിക്കുന്നു. ഇത്തരം ഉല്പന്നങ്ങളുടേയോ പരസ്യങ്ങളുടേയോ ആധികാരികത ഉറപ്പാക്കാതെ യുവതലമുറ ഉൾപ്പെടെയുള്ളള്ളവർ ഇത്തരം ഉല്പന്നങ്ങൾ അശാസ്ത്രീയമായി ഉപയോഗിക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിനും ജീവനും കടുത്ത വെല്ലുവിളിയുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
സ്വയം ചികിത്സ ഉൾപ്പെടെ പ്രോത്സാഹിപ്പിച്ച് കൊണ്ട് നൽകുന്ന ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിച്ച് ഓൺലൈൻവഴി ഉല്പന്നങ്ങൾ വിറ്റഴിക്കുന്നത് ഈ പരസ്യങ്ങളുടെ ആധികാരികത കണ്ടെത്തുന്നതിനും തുടർ നടപടിയെടുക്കുന്നതിലും പലപ്പോഴും വകുപ്പിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.എങ്കിലും പരിശോധനകൾ ഊർജിതമാക്കി നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് പരിശോധനകൾ വ്യാപകമാക്കുന്നതിന് തുടക്കം കുറിച്ചെങ്കിലും ഡ്രഗ്‌സ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അപര്യാപ്തത വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Eng­lish Sum­ma­ry: more peo­ple fall for false advertisements

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.