27 April 2024, Saturday

പരസ്യം അധികമായാല്‍ പണി വരും: സമയപരിധി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
March 20, 2023 10:33 pm

പൊതുസ്ഥലങ്ങളില്‍ പരസ്യ പ്രചാരണ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതില്‍ സമയപരിധി കര്‍ശനമാക്കും. വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടികളുമായി ബന്ധപ്പെട്ട ബാനറുകളും ബോര്‍ഡുകളും പരിപാടിയുടെ തീയതിക്ക് അടുത്ത ദിവസം മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റണം.
തീയതി വയ്ക്കാതെയുള്ള, സ്ഥാപനങ്ങളുടെയും മറ്റും പരസ്യ ബാനറുകളും ബോര്‍ഡുകളും പരമാവധി 30 ദിവസമായി കണക്കാക്കി അതുകഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ മാറ്റണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം ബാനര്‍, ബോര്‍ഡ് തുടങ്ങിയവ സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവില്‍ നിര്‍ദേശം നല്‍കി.

ചതുരശ്ര അടിക്ക് 20 രൂപ നിരക്കില്‍ പിഴയും അതോടൊപ്പം ചെലവുകളും ഈടാക്കി അതത് തദ്ദേശ സ്ഥാപനം ബോര്‍ഡ് നീക്കം ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനവുമായും ബന്ധപ്പെട്ടുള്ള വിവിധ ഉത്തരവുകളിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ഏകീകരിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് പുറത്തിറക്കിയത്.
പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, ഷോപ്പ് ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ പിവിസി ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. പരസ്യ, പ്രചാരണ സാമഗ്രികളില്‍ പിവിസി ഫ്രീ ലോഗോയും പ്രിന്റിങ് യൂണിറ്റിന്റെ പേരും നമ്പറും പതിക്കാതെ സ്ഥാപിച്ചിട്ടുള്ളവയും നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചുള്ളവയും 30 ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം എടുത്ത് മാറ്റണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചു.
ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, കമാനങ്ങള്‍ മുതലായവ പൊതുനിരത്തുകളില്‍ സ്ഥാപിച്ചതുമൂലം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അത് സ്ഥാപിച്ചവര്‍ക്ക് ആയിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: There will be strict time lim­its for putting up adver­tise­ment boards and ban­ners in pub­lic places

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.