
വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ 10,512 ഇന്ത്യക്കാര്‍ കഴിയുന്നതായി വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദേശ ജയിലുകളില്‍ വിചാരണ നേരിടുന്നവരുടെയും ശിക്ഷ അനുഭവിക്കുന്നവരുടെയും എണ്ണമെന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സൗദി അറേബ്യ, കുവൈറ്റ്, യുഎഇ, ഖത്തര്‍, നേപ്പാള്‍, പാകിസ്ഥാന്‍, യുഎസ്, ശ്രീലങ്ക, സ്പെയിന്‍, റഷ്യ, ഇസ്രയേല്‍, ചൈന, ബംഗ്ലാദേശ്, അര്‍ജന്റീന തുടങ്ങി 86 രാജ്യങ്ങളുടെ പട്ടികയാണ് വിദേശകാര്യമന്ത്രാലയം നല്‍കിയത്. സൗദിയില്‍ 2,633, യുഎഇ 2,518, നേപ്പാള്‍ 1,317, പാകിസ്ഥാന്‍ 266 , ശ്രീലങ്കയില്‍ 98 വീതം ഇന്ത്യക്കാരാണ് തടവില്‍ കഴിയുന്നത്.
ഖത്തര്‍ ജയിലില്‍ 611 ഇന്ത്യക്കാരാണുള്ളത്. അവിടുത്ത ശക്തമായ സ്വകാര്യതാ നിയമത്തെ തുടര്‍ന്ന് തടവില്‍ കഴിയുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ ലോകകപ്പിന് ശേഷം തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തില്‍ അസ്വാഭാവികമായ വര്‍ധനയുണ്ടായിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഫിഫ ലോകകപ്പിന് ശേഷം ഖത്തറിലെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം.
ജയിലുകളില്‍ ആണെങ്കില്‍ പോലും വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം, സംരക്ഷണം, ക്ഷേമം എന്നിവയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രദേശികമായ നിയമലംഘനങ്ങളില്‍ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ വിവിധ ഇന്ത്യന്‍ ദൗത്യ സംഘങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ വിദേശ ഓഫിസുകളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. ജയിലുകളില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ദൗത്യ സംഘങ്ങള്‍ സദാ ജാഗരൂകരാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍ക്ക് തടവുകാരില്‍ നിന്ന് യാതൊരു പണവും ഈടാക്കുന്നില്ല. സഹായങ്ങള്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ഏര്‍പ്പെടുത്തിയിട്ടുണ്ട്. തടവുകാര്‍ക്കുള്ള നിയമസഹായം, പുറത്താക്കല്‍ നടപടി നേരിടുന്നവരുടെ യാത്രാ രേഖകളും ടിക്കറ്റും ശരിയാക്കല്‍ തുടങ്ങിയവയ്ക്കും ഐസിഡബ്ല്യുഎഫ് ഉപയോഗപ്പെടുത്താറുണ്ട്. ശിക്ഷ വിധിക്കപ്പെട്ടവരെ രാജ്യത്തേക്ക് തിരിച്ചെത്തിച്ച് ജയിലില്‍ പാര്‍പ്പിക്കാനുള്ള കരാറിന് വിവിധ രാജ്യങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.