25 September 2024, Wednesday
KSFE Galaxy Chits Banner 2

വലയിലായ ഗുണ്ടകളില്‍ ന്യൂജെന്‍ ഗുണ്ടകളും സ്വര്‍ണക്കടത്തുകാരുടെ ഗസ്റ്റുകളും

കെ രംഗനാഥ്
തിരുവനന്തപുരം
January 15, 2022 9:31 pm

കുറേക്കാലത്തെ ഇടവേളയ്ക്കുശേഷം പൊലീസ് പുനരാരംഭിച്ച സംസ്ഥാന വ്യാപകമായ ഗുണ്ടാ വേട്ട വന്‍വിജയത്തിലേക്ക്. ഗുണ്ടകളടക്കമുള്ള കൊടും ക്രിമിനലുകളെ പിടികൂടാന്‍ കഴിഞ്ഞദിവസം വരെ 22,000ത്തോളം റെയ്ഡുകള്‍ നടത്തിയതായി പൊലീസ് ആസ്ഥാന കേന്ദ്രം വെളിപ്പെടുത്തി.

പിടിയിലായവരില്‍ 1,400ല്‍പരം പേര്‍ പുതിയ ഗുണ്ടകളാണ്. പരമ്പരാഗത ഗുണ്ടകളെക്കാള്‍ ആധുനികസാങ്കേതിക വിദ്യ തങ്ങളുടെ ‘തൊഴിലിന്’ ഉപയോഗിക്കുന്നവരാണ് പുതുതലമുറ ഗുണ്ടകളെന്നും കണ്ടെത്തി. സംസ്ഥാന വ്യാപകമായി ഗുണ്ടകളില്‍ നിന്നു പിടിച്ചെടുത്ത 7,645 സ്മാര്‍ട്ട് ഫോണുകള്‍ അരലക്ഷത്തിലധികം വില വരുന്നവയായിരുന്നു.

കേരളത്തിലൊട്ടാകെ ഗുണ്ടാരാജാക്കന്മാരുടെ കീഴില്‍ 1,460ല്‍പരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് വിലയിരുത്തുന്നു. ഇവയില്‍ അന്തര്‍ജില്ലാ സംഘങ്ങളും അന്തര്‍ സംസ്ഥാന സംഘങ്ങളുമുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മാരകലഹരി വസ്തുക്കളും കഞ്ചാവും ഹഷീഷ് ഓയിലും മദ്യവും കേരളത്തിലേക്ക് കടത്താനാണ് അന്തര്‍ സംസ്ഥാന സംഘങ്ങള്‍ രൂപീകരിച്ചിട്ടുള്ളതെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം വയനാട്ടിലെ ഒരു ഹോട്ടലില്‍ നിന്നും ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ഇരുപതോളം ഗുണ്ടകള്‍ക്ക് ആതിഥ്യമരുളിയത് മലയാളിയും നെടുമ്പാശേരി സ്വര്‍ണം തട്ടിയെടുക്കല്‍ കേസില്‍ പ്രതിയുമായ മുഹ്സിന്‍ ആയിരുന്നു. ഗോവ കേന്ദ്രീകരിച്ച് മയക്കുമരുന്നു കള്ളക്കടത്തും പിടിച്ചുപറിയും നടത്തുന്ന ഇയാളുടെ സംഘത്തിന്റെ പ്രവര്‍ത്തനമേഖല കേരളത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം.

വലയിലായ ഗുണ്ടാചക്രവര്‍ത്തിമാരില്‍ ചിലരുടെ സംഘങ്ങളില്‍ നൂറു മുതല്‍ നൂറ്റന്‍പതു പേര്‍ വരെ അംഗങ്ങളായി ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഏറ്റവും കൂടുതല്‍ ഗുണ്ടകളും ഗുണ്ടാസംഘങ്ങളുള്ളത് തലസ്ഥാന ജില്ലയിലാണെന്ന കണക്കുമുണ്ട്.

ഡിസംബര്‍ 18ന് ആരംഭിച്ച ഗുണ്ടാവേട്ട വന്‍തോതില്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. പതിനെണ്ണായിരത്തോളം പേര്‍ അകത്തായതോടെ ഗുണ്ടാ ആക്രമണങ്ങളും പിടിച്ചുപറിയിലും മയക്കുമരുന്നു കടത്തിലും വലിയ ഇടിവാണുണ്ടായത്. കുറ്റകൃത്യങ്ങളില്‍ 70 ശതമാനത്തിലേറെ കുറവുണ്ടായി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഗുണ്ടകള്‍ പ്രതികളായ കേസുകള്‍ അപൂര്‍വമായത് ഇതിന്റെ സൂചനയാണ്.

Eng­lish Sum­ma­ry: More than 16,000 goons have been arrest­ed in con­nec­tion with the huge suc­cess of the goon­da hunt

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.