19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 21, 2024
February 20, 2024
November 25, 2023
September 20, 2023
May 21, 2023
May 1, 2023
November 24, 2022
November 14, 2022
October 12, 2022
September 10, 2022

വിവരാവകാശ കമ്മിഷനുകളില്‍ കെട്ടിക്കിടക്കുന്നത് മൂന്നു ലക്ഷത്തിലധികം അപേക്ഷകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2022 9:23 pm

പതിനേഴ് വര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യം കാണാനാകാതെ വിവരാവകാശ നിയമം. സുതാര്യത ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ വിവരാവകാശ നിയമപ്രകാരം നല്‍കിയ മൂന്നു ലക്ഷത്തിലധികം പരാതികളും അപ്പീലുകളും ഇനിയും തീര്‍പ്പാകാതെ വിവരാവകാശ കമ്മിഷനുകളില്‍ കെട്ടിക്കിടക്കുന്നു. ഒഴിവുകള്‍ യഥാസമയം നികത്താത്താത്തതും വേണ്ടത്ര അംഗബലമില്ലാത്തതും ജനങ്ങളുടെ അവകാശത്തിന് വിലങ്ങുതടിയാകുകയാണ്. സതാര്‍ക് നാഗ്‌രിക് സന്‍ഗാതനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ എല്ലാവര്‍ഷവും വര്‍ധനവുണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2019ല്‍ 2,18,347 അപേക്ഷകളും അപ്പീലുകളുമാണ് വിവിധ വിവരാവകാശ കമ്മിഷനു മുമ്പാകെ കെട്ടിക്കിടന്നിരുന്നത്. 2020 ല്‍ 23 വിവരാവകാശ കമ്മിഷനുകളില്‍ നിന്ന് ലഭിച്ച കണക്കനുസരിച്ച് 2,33,384 ആയി ഇത് വര്‍ധിച്ചു. 2021ല്‍ 2,86,325 ആയും ഈ വര്‍ഷം ഇതുവരെ 3,14,323 ആയും വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് മഹാരാഷ്ട്രയിലാണ്, 99,722. ഉത്തര്‍പ്രദേശ് (44,482), കര്‍ണാടക (30,358), കേന്ദ്ര വിവരാവകാശ കമ്മിഷന്‍ (26,724), ബിഹാര്‍ (21,346) എന്നിങ്ങനെയാണ് കണക്കുകള്‍. കെട്ടിക്കിടക്കുന്ന വിവരാവകാശ പരാതികളുടെ കാര്യത്തില്‍ കേരളം 11ാം സ്ഥാനത്താണ്. 6360 പരാതികളാണ് സംസ്ഥാനത്ത് തീര്‍പ്പാക്കാനുള്ളത്.

29 വിവരാവകാശ കമ്മിഷനുകളില്‍ രണ്ടെണ്ണം പൂര്‍ണമായും പ്രവര്‍ത്തിക്കുന്നില്ല. നാല് എണ്ണത്തില്‍ നിലവില്‍ മേധാവികളില്ല. അഞ്ച് ശതമാനത്തില്‍ മാത്രമാണ് വനിതകളുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്ന് വിവരാവകാശ കമ്മിഷനുകളില്‍ ഈ കാലയളവുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ പൂര്‍ണമായും ഒഴിഞ്ഞുകിടന്നു. രണ്ട് കമ്മിഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജാര്‍ഖണ്ഡില്‍ 29 മാസവും ത്രിപുരയില്‍ 15 മാസവും കമ്മിഷന്‍ പ്രവര്‍ത്തനരഹിതമായിരുന്നു. മണിപ്പൂര്‍, തെലങ്കാന, പശ്ചിമബംഗാള്‍, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളില്‍ കമ്മിഷന് തലവന്മാരെ നിയമിച്ചിട്ടില്ല. കേന്ദ്ര വിവരാവകാശ കമ്മിഷനില്‍ ഉള്‍പ്പെടെ ഒഴിവുകള്‍ നികത്തിയിട്ടില്ല. 

വിവരങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ മൗലികാവകാശത്തിന് അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് വിവരാവകാശ കമ്മിഷനുകളാണ്. പിഴ ഈടാക്കേണ്ട 95 ശതമാനം കേസുകളിലും അതുണ്ടായിട്ടില്ലെന്നും കണ്ടെത്തലുകളില്‍ പറയുന്നു. വിവരാവകാശ കമ്മിഷനുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് വിവരങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ദോഷകരമായി ബാധിക്കുകയാണ്. കമ്മിഷനുകളെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സതാര്‍ക് നാഗരിക് സങ്കേതനിലെ അഞ്ജലി ഭരദ്വാജ് പറഞ്ഞു. 

Eng­lish Summary:More than 300,000 appli­ca­tions are pend­ing with the RTI Commissions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.