16 April 2024, Tuesday

വിവരാവകാശ കമ്മിഷൻ ഉത്തരവ് ലംഘിച്ച എൻജിനീയർക്കെതിരെ നടപടി

Janayugom Webdesk
തിരുവനന്തപുരം
February 20, 2024 11:03 pm

സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച വാട്ടർ അതോറിട്ടി എൻജിനീയർക്ക് എതിരെ നടപടി. ആറ്റിങ്ങൽ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ് ബൈജുവിനെതിരെയാണ് നടപടി. വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25,000 രൂപ പിഴയും അച്ചടക്ക നടപടിയും വിജിലൻസ് അന്വേഷണവും ഉണ്ടാവും. വകുപ്പ് തല നടപടിയുടെ ഭാഗമായി കുറ്റപത്രവും നല്‍കി. പിഴ സംഖ്യ ഈ മാസം 28നകം അടച്ച് 29ന് ചെലാൻ കമ്മിഷനിൽ സമർപ്പിക്കണം. ബൈജുവിനെതിരെ കേരള സിവിൽ സർവീസ് ചട്ടം 16 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി വിശദീകരണം തേടി 15 ദിവസത്തെ നോട്ടീസും നല്‍കിയിട്ടുണ്ട്. വകുപ്പ് തല വിജിലൻസ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അ‌ബ‌്ദുൽ ഹക്കിമിന്റെ ഉത്തരവിനെ തുടർന്ന് വാട്ടർ അതോറിട്ടി മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആണ് നടപടിയെടുത്തത്. കുടിവെള്ള വിതരണത്തിന്റെ പൈപ്പ് നന്നാക്കാൻ റോഡ് വെട്ടിക്കുഴിച്ചതുമായി ബന്ധപ്പെട്ട് വർക്കല മരുതിക്കുന്ന് പാറവിളയിൽ ലാലമ്മ കഴിഞ്ഞ ജനുവരിയിൽ സമർപ്പിച്ച പരാതി അവഗണിച്ചതിനാണ് ശിക്ഷ. 

നിയമം 6 (3) പ്രകാരം മറ്റൊരു ഓഫിസർ ലഭ്യമാക്കിയ അപേക്ഷയും നാവായിക്കുളം പഞ്ചായത്തിന്റെ ആവർത്തിച്ചുള്ള അറിയിപ്പും അവഗണിച്ചു, ഹർജിക്കാരി നേരിൽ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല, വിവരാവകാശ കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചില്ല, കമ്മിഷൻ നല്‍കിയ ഓർമ്മക്കുറിപ്പിനോട് പ്രതികരിച്ചില്ല, അപേക്ഷ സ്വീകരിക്കാനും വിവരം നല്‍കാനുമുള്ള കമ്മിഷന്റെ നിർദേശത്തെ ചോദ്യം ചെയ്തു, തെളിവെടുപ്പിന് ഹാജരായില്ല തുടങ്ങിയ കുറ്റങ്ങളാണ് ബൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഹർജിക്കാരിയെയും നാവായിക്കുളം പഞ്ചായത്ത്, വർക്കല ജലവിതരണ ഓഫിസ് എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഓഫിസർമാരെയും മേലധികാരികളെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഒടുക്കാൻ വൈകിയാൽ വകുപ്പ് മേധാവി ശമ്പളത്തിൽ നിന്ന് പിടിച്ച് അടയ്ക്കണം. അല്ലെങ്കിൽ റവന്യു റിക്കവറിയും ഉണ്ടാവും. സംസ്ഥാനത്ത് ഇത് ആദ്യമായാണ് വിവരാവകാശ നിയമം 20(1) പ്രകാരം പിഴയും 20(2) പ്രകാരം അച്ചടക്ക നടപടിയും സ്ഥലം മാറ്റവും നടപ്പിൽവരുത്തി ശിക്ഷിക്കുന്നത്. 

Eng­lish Summary:Action against engi­neer who vio­lat­ed RTI order
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.