ലോകത്തിലെ പകുതിയിലധികം പെണ്‍കുട്ടികളും 15 വയസിനും 17 വയസിനുമുള്ളില്‍ ഗര്‍ഭിണി ആകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. 20 വയസ് ആകും മുമ്പ് തന്നെ ഇവര്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതായും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ ഗര്‍ഭധാരണം അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അവിചാരിത ഗര്‍ഭധാരണം എന്ന വിഷയത്തില്‍ ഊന്നല്‍ നല്‍കി ഐക്യരാഷ്ട്ര സഭ പോപുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വേള്‍ പോപുലേഷന്‍ എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ അപ്രതീക്ഷിത ഗര്‍ഭധാരണത്തിന്റെ പ്രതിസന്ധിയും റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. അപ്രതീക്ഷിത ഗര്‍ഭധാരണങ്ങള്‍ സ്ത്രീകള്‍ക്ക് നിരവധി മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഗര്‍ഭധാരണങ്ങളില്‍ ഭൂരിപക്ഷവും ചെന്നവസാനിക്കുന്നത് ഗര്‍ഭഛിദ്രത്തിലാണ്.
അപ്രതീക്ഷിത ഗര്‍ഭധാരണം വ്യക്തികളുടെ വിഷയം മാത്രമല്ല വലിയ ആരോഗ്യ, മനുഷ്യാവകാശ പ്രശ്നങ്ങള്‍ തീര്‍ക്കുന്ന ഒന്നു കൂടിയാണെന്നും യുഎന്‍എഫ്പിഎ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ അപ്രതീക്ഷിത ഗര്‍ഭധാരണങ്ങള്‍ മാതൃ-ശിശു ആരോഗ്യ സംരക്ഷണ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ദൗര്‍ലഭ്യവുമായും ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു. അതേസമയം കൗമാരക്കാര്‍ക്കിടയിലെ എല്ലാ ജനനങ്ങളും അപ്രതീക്ഷിത ഗര്‍ഭധാരണങ്ങള്‍ മൂലമല്ല. 18 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കിടയിലെ ഭൂരിഭാഗം പ്രസവങ്ങളും നേരത്തെയുള്ള വിവാഹങ്ങളുടെ ഫലമാണെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസ്വര രാജ്യങ്ങളിലെ നാലില്‍ മൂന്ന് ഭാഗം പെണ്‍കുട്ടികളും 14 വയസില്‍ ആദ്യത്തെ കുഞ്ഞിനും 20 വയസിന് മുമ്പ് രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കുന്നു. ഇതില്‍ 40 ശതമാനവും 20 വയസാകും മുമ്പ് തന്നെ മൂന്നാമതും ഗര്‍ഭധാരണത്തിലേക്ക് എത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ (2019–21) യുടെ കണക്കുകള്‍ പ്രകാരം 1000ത്തില്‍ 43 പേര്‍ 15 മുതല്‍ 19 വയസിനിടയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. നാലാമത് കുടുംബാരോഗ്യ സര്‍വേ കണക്കുകളില്‍ ഇത് 51 ആയിരുന്നു.
പുതിയ റിപ്പോര്‍ട്ട് പ്രകാരം 20–24 പ്രായത്തിനിടയിലുള്ള 23.3 ശതമാനം പെണ്‍കുട്ടികള്‍ 18 വയസിനു മുമ്പേ തന്നെ വിവാഹിതരാകുന്നു. 2015–16 സര്‍വേയില്‍ നിന്ന് 3.5 പോയിന്റുകളുടെ ഇടിവ് മാത്രമാണ് ഇതില്‍ ഉണ്ടായത്. നാലാമത് കുടുംബാരോഗ്യ സര്‍വേ (2015–16) അനുസരിച്ച് ആദ്യ ഗര്‍ഭധാരണത്തിനുള്ള ശരാശരി പ്രായം 21 വയസായിരുന്നു, എന്നാല്‍ 20 മുതല്‍ 24 വയസ് വരെ പ്രായമുള്ള സ്ത്രീകളിൽ 9.3 ശതമാനം 18 വയസിന് മുമ്പ് പ്രസവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 27 ശതമാനം 24 മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ ഈ സമയപരിധി സംബന്ധിച്ച വിവരങ്ങള്‍ അഞ്ചാമത് എന്‍എച്ച്എഫ്എസ് റിപ്പോര്‍ട്ടില്‍ ഇതുവരെ ലഭ്യമല്ല.
English Summary: More than half of the world’s girls become pregnant during adolescence
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.