21 December 2024, Saturday
KSFE Galaxy Chits Banner 2

അരി സംഭരണം അധികം; എഥനോള്‍ ഉല്പാദിപ്പിക്കാന്‍ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
September 2, 2024 8:45 am

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സംഭരണത്തിലുള്ള അരി എഥനോള്‍ ഉല്പാദനത്തിന് സ്വകാര്യ ഡിസ്റ്റലറികള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി സംഭരണത്തില്‍ അധികമുള്ള അരി, ഓപ്പണ്‍ മാര്‍ക്കറ്റ് വില്പന പദ്ധതിയുടെ കീഴിലുള്ള ഭക്ഷ്യധാന്യങ്ങളുടെ ഇ‑ലേലത്തില്‍ പങ്കെടുക്കാന്‍ സ്വകാര്യ എഥനോള്‍ ഡിസ്റ്റലറികള്‍ക്ക് അനുമതി നല്‍കി. മലേഷ്യയിലേക്ക് ബസ‍്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാനും അനുമതി കൊടുത്തു. രണ്ട് ലക്ഷം മെട്രിക് ടണ്‍ അരി കയറ്റുമതിക്കാണ് അനുമതി. 2023 ജൂലൈ മുതല്‍ ബസുമതി ഇതര അരി കയറ്റുമതി നിയന്ത്രിച്ചിരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം വരെ എഥനോള്‍ ഉണ്ടാക്കാന്‍ അരി നല്‍കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര‑ഉപഭോക്തൃ കാര്യ‑ഭക്ഷ്യ‑പൊതുവിതരണ മന്ത്രാലയം പുറത്തിറക്കിയ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീമില്‍ 23 ലക്ഷം മെട്രിക് ടണ്‍ അരി ഓഗസ്റ്റ് മുതല്‍ ഒക‌്‍ടോബര്‍ വരെ ഡിസ്റ്റലറികള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കുന്നു.
സര്‍ക്കാര്‍ 540 ലക്ഷം മെട്രിക് ടണ്‍ അരി സംഭരിച്ചുവച്ചിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. അതുകൊണ്ട് 2023–24 വര്‍ഷത്തില്‍ സംഭരിച്ച നെല്ലില്‍ നിന്നുള്ള അരി സൂക്ഷിക്കുന്നതിന് സൗകര്യങ്ങളില്ല. അടുത്ത നെല്ല് സീസണ്‍ സെപ‍്റ്റംബറില്‍ ആരംഭിക്കുകയും ചെയ്യും. അതുകൊണ്ട് വലിയ പ്രതിസന്ധിയാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നും ഇവര്‍ പറയുന്നു.

അരി സംഭരിക്കുന്നതിന് പഞ്ചാബില്‍ ലഭ്യമായ 125 ലക്ഷം മെട്രിക് ടണ്‍ സ്ഥലത്തില്‍‍ 124 ലക്ഷം മെട്രിക് ടണ്ണും നിറഞ്ഞു. മില്ലുടമകളില്‍ നിന്ന് 2.5 ലക്ഷം മെട്രിക് ടണ്‍ അരി കൂടി വിതരണം ചെയ്യാന്‍ എഫ‍്സിഐക്ക് കഴിയുന്നില്ല. അടുത്ത സീസണില്‍, 2025 നവംബര്‍ മുതല്‍ മാര്‍ച്ച് വരെ 122 ലക്ഷം മെട്രിക് ടണ്‍ അരി കൂടി എഫ‍്സിഐയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത് സംഭരിക്കുന്നതിനും സ്ഥലമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
അതിനിടെ അരി ഏറ്റെടുക്കാന്‍ താല്പര്യമറിയിച്ച് തമിഴ‌്നാടും കര്‍ണാടകയും അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.