ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കി മുന്‍ ഗുസ്തിതാരം വീരേന്ദര്‍ സിങ്ങും പദ്മശ്രീ പുരസ്കാരം തിരികെ നല്‍കുന്നു. ഗുസ്തിതാരം ബജ്റംഗ് പുനിയ പദ്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കിയതിനു പിറകേയാണ് വീരേന്ദര്‍ സിങ്ങും പദ്മശ്രീ തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം വനിതാ ഗുസ്തിതാരങ്ങളെ സുരക്ഷിതരാക്കിയാല്‍ മാത്രമേ ഇന്ത്യൻ ഗുസ്തി ഫെഡറേഷനു (ഡബ്യുഎഫ്ഐ) മേലുള്ള സസ്പെൻഷൻ പിൻവലിക്കപ്പെടൂ എന്ന് ആഗോള ഗവേണിങ് സംഘടന അറിയിച്ചു. ഒളിമ്പിക്സില്‍ ആദ്യമായി ഇന്ത്യക്കുവേണ്ടി മെഡല്‍ നേടിയ താരമാണ് വീരേന്ദര്‍ സിങ്. ഒരു ഒളിമ്പിക് മെഡല്‍ ജേതാവിന് ലഭിക്കാത്ത നീതി മറ്റുള്ളവര്‍ക്ക് എങ്ങനെ ലഭിക്കുമെന്ന് എല്ലാ രക്ഷിതാക്കളും ആലോചിക്കണമെന്നും രാജ്യത്തിന്റെ മകള്‍ക്കുവേണ്ടി താനും പദ്മശ്രീ പുരസ്കാരം തിരിച്ചേല്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുന്‍ നിരയിലുള്ള താരങ്ങളെല്ലാം അവരുടെ തീരുമാനം അറിയിക്കണമെന്ന് താന്‍ അപേക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് ഗുസ്തിതാരങ്ങള്‍ വീണ്ടും പ്രതിഷേധം തുടങ്ങിയത്. താന്‍ ഗുസ്തിയില്‍ നിന്ന് വിരമിക്കുകയാണെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമാണ് ബജ്രംഗ് പൂനിയ തനിക്കു ലഭിച്ച പദ്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താതിനെ തുടര്‍ന്നാണ് ഡബ്യുഎഫ്ഐയെ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് (യുഡബ്ല്യുഡബ്ല്യു) സസ്പെൻഡ് ചെയ്തത്. ഡബ്യുഎഫ്ഐ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക ആരോപണം ഉണ്ടായതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിന് തെരഞ്ഞെടുപ്പ് നടത്താൻ യുഡബ്ല്യുഡബ്ല്യു ആവശ്യപ്പെട്ടത്.
ബ്രിജ് ഭൂഷണിന് സ്ഥാനം നഷ്ടമായെങ്കിലും അനുയായിയും സഹായിയുമായ സഞ്ജയ് സിങ്ങിന്റെ ജയത്തില്‍ ഗുസ്തിതാരങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വനിതാ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഡബ്ല്യുഡബ്ല്യു നിര്‍ദേശിച്ചത്. തെരഞ്ഞെടുപ്പ് സുതാര്യവും നിയമാനുസൃതവുമായിരുന്നോ എന്ന് പരിശോധിക്കുമെന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതായും യുഡബ്ല്യുഡബ്ല്യു വക്താവ് അറിയിച്ചു. സസ്പെൻഷൻ പിൻവലിക്കുന്നതിന് മുമ്പ് ദേശീയ ഫെഡറേഷനില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കണമെന്നും ദേശീയ ഒളിമ്പിക് കമ്മിറ്റിയും കായിക മന്ത്രാലയവും സ്ഥിരീകരണം നടത്തണമെന്നും യുഡബ്ല്യുഡബ്ല്യു പറഞ്ഞു.
English Summary;More wrestlers are giving up medals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.