5 March 2024, Tuesday

Related news

March 3, 2024
March 2, 2024
March 1, 2024
February 28, 2024
February 26, 2024
February 23, 2024
February 23, 2024
February 20, 2024
February 20, 2024
February 18, 2024

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കേരളത്തിന്റെ ആദരം

Janayugom Webdesk
തിരുവനന്തപുരം
October 19, 2023 10:27 pm

ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ കേരളത്തിന്റെ സ്വന്തം കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെഡൽ ജേതാക്കളെ ആദരിച്ചു. കേരളത്തിന്റെ യശസ് ആ­ഗോളതലത്തിൽ ഉയർത്തിയ­വരാണ് ഏഷ്യാഡിലെ മലയാളി താരങ്ങളെന്നും അവരിലൂടെ സംസ്ഥാനത്തിന്റെ കായികരംഗത്തെക്കുറിച്ചു മാത്രമല്ല, നാടിനു മികവു പ്രകടിപ്പിക്കാൻ കഴിയുന്ന എല്ലാ മേഖലകളേയും കുറിച്ചും ലോകം അറിയുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡർമാരായി കായികതാരങ്ങൾ മാറുകയാണ്. ഏഷ്യൻ ഗെയിംസിലെ നേട്ടം ഒരു ചവിട്ടുപടിയാണ്. ഒളിമ്പിക്സ് അടക്കമുള്ളവയിൽ വിജയം കൊയ്യാനും ലോകത്തിന്റെ നെറുകയിലേക്ക് കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ് ഇനിയും ഉയർത്താനുമുള്ള ഉത്തേജനമായി മെഡൽ നേട്ടം മാറണം. കായികരംഗത്തു നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപടിക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം പോലുള്ള പദ്ധതികൾ നടപ്പാക്കിയും പ്രാദേശിക സ്പോർട്സ് കൗൺസിലുകൾ ശക്തിപ്പെടുത്തിയും അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കുന്നതിനു ശ്രമിക്കുകയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ കായികമേഖലയുടെ ഉന്നമനത്തിനു വഴിയൊരുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതലത്തിൽ മത്സരിച്ച കായികതാരങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ കായിക പരിശീലനത്തിന് നിയോഗിച്ച് ജോലി ലഭ്യമാക്കുന്നതു സംസ്ഥാന കായിക നയത്തിന്റെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും, വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കലം നേടിയവർക്ക് 12.5 ലക്ഷം രൂപയും ക്യാഷ് അവാർഡ് നൽകാൻ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നാലു സ്വർണവുംആറു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 12 മെഡലുകളാണ് ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങൾ സ്വന്തമാക്കിയത്. 4x400 മീറ്റർ റിലേയിൽ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും ഹോക്കിയിൽ പി ആർ ശ്രീജേഷും ക്രിക്കറ്റിൽ മിന്നുമണിയും സ്വർണം നേടി. എച്ച് എസ് പ്രണോയ്, എം ആർ അർജുൻ, മുഹമ്മദ് അഫ്‌സൽ, മുഹമ്മദ് അജ്മൽ, എം ശ്രീശങ്കർ, ആൻസി സോജൻ എന്നിവർ വെള്ളിയും പ്രണോയ്, ജിൻസൺ ജോൺസൺ എന്നിവർ വെങ്കലവും നേടി. എല്ലാ കായികതാരങ്ങളേയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. 

അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മിന്നുമണിക്കു വേണ്ടി പിതാവ് ആദരം ഏറ്റുവാങ്ങി. ഏഷ്യൻ ഗെയിംസിനായി കായിക താരങ്ങളെ ഒരുക്കിയ പരിശീലകരേയും മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു. ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും മന്ത്രിമാർ സംസ്ഥാനത്തിന്റെ ആദരമായി മൊമെന്റോ സമ്മാനിച്ചു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി,വി ശിവൻകുട്ടി, പി രാജീവ്, പിഎ മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി, ആന്റണി രാജു, ആർ ബിന്ദു, മേയർ ആര്യ രാജേന്ദ്രൻ, സ്പോർസ് കൗൺസിൽ പ്രസിഡന്റ് യു ഷറഫ്അലി, എൽഎൻസിപിഇ പ്രിൻസിപ്പാൾ ഡോ. ജി കിഷോർ, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ രാജീവ് കുമാർ ചൗധരി, കായികതാരങ്ങളുടെ കുടുംബാംഗങ്ങൾ, കായിക വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:Kerala pays homage to Asian Games medalists
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.