26 January 2026, Monday

മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്: പ്രഖ്യാപനം ഇന്ന്

Janayugom Webdesk
കൊച്ചി
November 8, 2025 7:00 am

ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപന ആഘോഷങ്ങൾ ഇന്ന് വല്ലാർപാടം ബസിലിക്കയിൽ നടക്കും. വൈകീട്ട് 4.30‑ന് ആരംഭിക്കുന്ന ദിവ്യബലിയിൽ ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മുഖ്യ കാർമികത്വം വഹിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർത്ഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ് ഡോ. ലിയോ പോൾദോ ജിറെല്ലി സന്ദേശം നൽകും. കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടർന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്ഠിക്കും.

ദിവ്യബലിക്കുശേഷം ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. പ്രഖ്യാപന ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സിടിസി സുപ്പീരിയർ ജനറൽ മദർ ഷഹീല സിടിസി, സംഘാടകസമിതി ചെയർപേഴ്സൺ റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ, ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ അറിയിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന മദർ ഏലീശ്വായുടെ ഛായാചിത്ര പ്രയാണം വരാപ്പുഴ അതിരൂപതയുടെ വിവിധ ദേവാലയങ്ങളിൽ സഞ്ചരിച്ച് വല്ലാർപാടത്ത് സമാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.