
ബൗദ്ധിക വെല്ലുവിളി നേരിടുന്ന മരണാസനനായ കുട്ടി അടുത്തിരുന്നു അമ്മയോട് ‘അമ്മയെ കാണണം’ എന്നാവശ്യപ്പെട്ടപ്പോൾ അമ്മ അത്ഭുതപ്പെട്ടില്ല, കുട്ടി കാണാൻ ആഗ്രഹിച്ചത് പ്രൊഫ. പി ഭാനുമതിയെന്ന് ‘അംഹ’യിലെ (Association for mentaly handicaped adults) ‘സ്വന്തം അമ്മ’യെ ആയിരുന്നു. സമൂഹം പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഒരു കൂട്ടം മനുഷ്യരുടെയും കുടുംബങ്ങളുടെയും ആശ്വാസവും ആത്മവിശ്വാസവുമാണ് മൂന്നു പതിറ്റാണ്ടോളമായി ഭാനുമതി ടീച്ചർ. ഇത്തരം കുട്ടികളുള്ള മാതാപിതാക്കളും കുടുംബങ്ങളും അനുഭവിക്കുന്ന അവഗണനകളും ദുരിതങ്ങളും പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. അത്തരത്തിലുള്ള 60 മക്കളെ സ്നേഹവാത്സല്യങ്ങളാൽ ഊട്ടി പരിപാലിക്കുകയാണ് ഈ അമ്മ.
1996 ഒക്ടോബർ രണ്ടിന് വിജയ, കൃഷ്ണൻ, ചന്ദ്രിക എന്നീ മൂന്നു കൂട്ടികളുമായി തൃശൂർ അയ്യന്തോളിനടുത്തുള്ള സ്കൂളിലെ ഒരു മുറിയിൽ ആരംഭിച്ച ‘അംഹ’ മൂന്നു പതിറ്റാണ്ട് തികയ്ക്കുന്നത്, കഠിന യാത്രകളിലൂടെയാണ്. സർക്കാർ സഹായങ്ങളോ മറ്റു മാർഗങ്ങളോ പ്രതീക്ഷിക്കാനില്ലാത്ത സ്ഥാപനത്തിന്റെ നിലനില്പ് പൂർണമായും കാരുണ്യമതികളായ ഒരു വിഭാഗം മനുഷ്യരുടെ കൈകളിലൂടെയാണ്. അംഹയിലെ മൂന്നു സ്ഥാപനങ്ങളിലെയും എല്ലാ സേവനങ്ങളും പൂർണമായും സൗജന്യമാണ്. ഓട്ടിസമുള്ളവരെ നേരത്തെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി കൈപിടിച്ചുയർത്തുന്നതിനുള്ള നിതാന്ത ശ്രമങ്ങളും തുടരുന്നു. ഇത്തരം കുട്ടികളുള്ള (മുതിർന്നവരും) കുടംബങ്ങളുടെ വഴിയും വെളിച്ചവുമാണ് ടീച്ചർ, ഒരുപാട് അമ്മമ്മാർക്ക് അത്താണിയും.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളെക്കുറിച്ചോർത്ത് സ്വന്തം അമ്മ ഒഴുക്കിയ കണ്ണീരിന്റെയും ഒടുങ്ങാത്ത ഉൽക്കണ്ഠകളുടെയും നാൾവഴികൾ കുട്ടിയായിരുന്ന ഭാനുമതിയുടെ ഹൃദയത്തെ കുറച്ചൊന്നുമല്ല മുറിവേല്പിച്ചത്. സമൂഹത്തിൽ അവരനുഭവിക്കുന്ന അവഗണനയും അപമാനവും ഇന്നത്തേതിൽ നിന്നും ഏറെ ആഴത്തിലുള്ളതായിരുന്നു. ‘എനിക്ക് മുമ്പ് ഈ മക്കളെ എടുത്തേയ്ക്കണേ’ എന്നൊരമ്മയ്ക്ക് പ്രാർത്ഥിക്കേണ്ടി വരുന്ന നിസഹായവസ്ഥയെ കുറിച്ച് എന്താണ് പറയേണ്ടത്. സാമ്പത്തികവും സാമുദായികവുമായി ഉയർന്ന നിലയിലുള്ളവരെങ്കിലും ഭാനുമതിയുടെ കുടംബത്തിനും അപമാനത്തിന്റെ കയ്പുനീർ ആവോളം കുടിക്കേണ്ടി വന്നു. അര നൂറ്റാണ്ട് മുമ്പ് അധികമാരും ഇവരെ മനസിലാക്കാൻ ശ്രമിക്കുകയോ തുല്യ നീതിയും അവകാശങ്ങളും ഉണ്ടെന്ന് തിരിച്ചറിവിൽ പെരുമാറുകയോ ചെയ്തിരുന്നില്ല. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരോടുള്ള സമൂഹത്തിന്റെ ഈ കാഴ്ചപ്പാടാണ് ഭാനുമതിയുടെ ജീവിതം മാറ്റി തീർത്തത്. അന്നെടുത്ത തീരുമാനം 67 വയസിലും ഏറെ ചാരിതാർത്ഥ്യത്തോടെയാണ് ടീച്ചർ തുടരുന്നത്. വിവാഹിതയായിട്ടും കുട്ടികൾ പോലും വേണ്ടെന്ന് വച്ചതും ആ തീരുമാനത്തിനോട് നൂറു ശതമാനം നീതി പുലർത്താൻ കൂടിയാണ്. ഇവർക്കായി ടീച്ചർ ജീവിതം മാറ്റി വച്ചുവെന്ന പ്രയോഗത്തെക്കാൾ ഉചിതം അവരൊത്ത് ജീവിക്കുന്നുവെന്ന് പറയുന്നതാവും. ടീച്ചറുടെ മൂന്നു സഹോദരന്മാരിൽ ഒരാൾ ലോകത്തോട് വിട പറഞ്ഞു.
സുവോളജിയിൽ പോസ്റ്റ് ഡോക്ടറേറ്റും നേടിയ പ്രൊഫ. പി ഭാനുമതി ശ്രീ കേരളവർമ്മ കോളജിലെ സുവോളജി വിഭാഗത്തിൽ നിന്നാണ് വിരമിച്ചത്. ജോലിയിൽ നിന്നും ലഭിക്കുന്ന പണവും വിരമിച്ചതിനു ശേഷം ലഭിക്കുന്ന പെൻഷൻ തുകയുമെല്ലാം ഈ മക്കൾക്കായാണ് ചെലവഴിക്കുന്നത്. ഒരുപാട് അന്വേഷിച്ചതിനു ശേഷമാണ് ആദ്യ സംരംഭത്തിന് സ്ഥലം ലഭിക്കുന്നത്. പക്ഷെ അവിടെയും അധികം തുടരാനായില്ല. ഇവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ന് ഭൂരിപക്ഷവും സഹായ സഹകരണങ്ങൾ നൽകുമെങ്കിലും അംഹയുടെ ആദ്യനാളുകളിലെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു. ഇപ്പോൾ കാര്യാട്ടുകരയിലും ഒളരിയിലും തൈക്കാട്ടുശേരിയിലും അംഹയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കാര്യാട്ടുകരയിലേതാണ് ആദ്യത്തേതും പ്രധാനമായതുമായ സെന്റർ. ഇവിടെ 18 വയസിനും 74 വയസിനുമിടയിലുള്ള 60 പേരാണ് ഉള്ളത്. ഇതിൽ മുപ്പതു പേർ സ്ഥിരം അന്തേവാസികളും ഇവരിൽ 15 പേർ അനാഥരുമാണ്. മറ്റു 15 പേർ വീടുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെടാതിരിക്കാൻ ശനിയാഴ്ചകളിൽ വീടുകളിലെത്തി പിറ്റേന്ന് തിരിച്ചു പോരുന്നു. ബാക്കി 30 പേർ എല്ലാ ദിവസവും അംഹയുടെ ബസിൽ കേന്ദ്രത്തിൽ എത്തുകയും തിരിച്ച് വീട്ടിലേക്ക് പോകുകയും ചെയ്യും. എല്ലാ പ്രവർത്തനങ്ങൾക്കുമായി 37 ജീവനക്കാരുമുണ്ട്. ഒളരി, അമ്പാടി കുളത്തിനടുത്തുള്ള ഓട്ടിസം സെന്റർ ആരംഭിച്ചത് 2018ൽ ആണ്. ഇവിടെ ഒരു വയസു മുതൽ 10 വയസു വരെയുള്ളവർക്ക് അത്യാധുനിക സംവിധാനത്തിലുള്ള തെറാപ്പികളും മറ്റു പരിശീലനങ്ങളുമാണ് നൽകുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഒന്നര മണിക്കൂറാണ് ഓരോ കുട്ടികൾക്കും ഇവിടെ തെറപ്പി നൽകുന്നത്. വിവിധ തെറാപ്പിസ്റ്റുകളായി എട്ട് പേരാണ് ഇവിടെ പ്രവർത്തിക്കുന്നത്. നൂറിലേറെ പേരുടെ ആശ്രയ കേന്ദ്രമാണ് ഇന്ന് സെന്റർ.
2024 ഒക്ടോബർ രണ്ടിന് ആരംഭിച്ച തൈക്കാട്ടുശേരിയിലെ അംഹ ന്യൂറോ റിഹാബ് സെന്ററിലെ സ്കൂളിൽ 24 കുട്ടികളാണ് എത്തുന്നത്. ഇവിടെയും ഓക്യുപേഷണൽ തെറാപ്പിയും സ്പീച്ച് തെറപ്പിയുമെല്ലാം നൽകുന്നുണ്ട്. 9.30 മുതൽ 3.30 വരെയാണ് സ്കൂൾ സമയം. ആറ് വയസു മുതൽ 18 വയസു വരെയുള്ളവരാണ് ഇവിടെയെത്തുന്നത്. മൂന്നു ക്ലാസുകളിൽ മൂന്നു ടീച്ചർമാരും ആയമാരുമുണ്ട്. സ്വിമ്മിങ് തെറാപ്പിക്കായി നീന്തൽക്കുളവും റെയിൻ ഷവറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പബ്ലിക് സെന്റർ റിങ് പാർക്ക് ഉള്‍പ്പെടെയുള്ളവയുടെ നിർമ്മാണം പൂർത്തിയാക്കാനുണ്ട്. അംഹയുടെ പ്രവർത്തനങ്ങളിലെ നന്മ തിരിച്ചറിഞ്ഞ ചെറുശേരിയിലെ ശങ്കുണ്ണിവൈദ്യരുടെ മകൾ പ്രഭാവതിയാണ് 2000ൽ ചെറുശേയിൽ ഒരേക്കർ ഭൂമി സൗജന്യമായി നൽകിയത്.
തീയേറ്റർ തെറാപ്പിയുടെ കൂടി ഭാഗമായി തൃശൂരിലെ പ്രശസ്തമായ രംഗചേതന നാടകസംഘത്തിന്റെ നേതൃത്വത്തിൽ 15 വർഷമായി അംഹയിലെ അന്തേവാസികളെ ഉൾപ്പെടുത്തി നാടകാവതരണങ്ങളും നടത്തുന്നുണ്ട്. സംവിധായകൻ കെ വി ഗണേഷാണ് നാടക ക്യാമ്പുകൾക്കും അവതരണത്തിനും നേതൃത്വം നൽകുന്നത്. അപ്പയും അമ്മയും നഷ്ടപ്പെട്ട് അംഹയിലെത്തിയ കുട്ടിക്ക് അവരെ കണ്ടെത്തി കൊടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ‘അപ്പാ-അമ്മ’ എന്ന പേരിൽ നാടകം അവതരിപ്പിച്ചിരുന്നു. ‘അപ്പാ-അമ്മ’ എന്ന രണ്ടു വാക്കുകൾ മാത്രമാണ് ആ കുട്ടിക്ക് പറയാനും അറിയൂ. ഈ കുട്ടിയും ഇതിലെ അഭിനേതാവാണ്. അംഹയിലുള്ളവരും ചേർന്ന് അവതരിപ്പിക്കുന്ന പത്താമത്തെ നാടകമാണിത്.
ഓട്ടിസം ചികിത്സയ്ക്കാവശ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഒളരിയിലെ ഓട്ടിസം സെന്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവിധതരം തെറാപ്പികളാണ് പ്രധാനമായും ഇവിടെ ചെയ്യുന്നത്. ഓട്ടിസം ബാധിതർക്കുള്ള വൃദ്ധ സദനമാണ് ടീച്ചറുടെ ഏറ്റവും വലിയ സ്വപ്നം. ഇക്കാലയളവിൽ നിരവധി പുരസ്കാരങ്ങൾ ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. അതിൽ പ്രധാനം 2015ൽ കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച സ്ത്രീശക്തി (കണ്ണകി) പുരസ്കാരമാണ്. ആ ബഹുമതി സംസ്ഥാനത്ത് രണ്ടാമത് ലഭിച്ചത് ടീച്ചർക്കാണ്. സംസ്ഥാന വനിതാ കമ്മിഷന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഒമ്പത് ഡയറക്ടർമാരുള്ള ചാരിറ്റബിൾ സൊസൈറ്റിയായാണ് അംഹ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്.
അംഹയുടെ യാത്രകളിലെ കണ്ണുീർ പാത നീളമേറിയതാണ്. മനസു മരവിപ്പിക്കുന്ന സംഭവങ്ങളും കാഴ്ചകളുമെല്ലാം യോഗിയുടെ ആത്മസംയമനത്തോടെയും സ്ഥൈര്യത്തോടെയുമാണ് ടീച്ചർ മറിക്കടക്കുന്നത്. ഉറക്കം കെടുത്തുന്നവയും ഉള്ളു ഞെരിക്കുന്നവയുമായ നിരവധി അനുഭവങ്ങൾ ടീച്ചർക്ക് പറയാനുണ്ട്. വീടിനും സ്വത്തിനും വേണ്ടി ബൗദ്ധിക വെല്ലുവിളി നേരിടുന്ന സഹോദരിയെ വീട്ടിലെത്തിച്ച് പട്ടിണിക്കിട്ട് കൊല്ലുന്ന സഹോദരൻ… നില തെറ്റിയ ഒരു നിമിഷത്തിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്ന മകളെയും ഭാര്യയെയും ആക്രമിക്കുന്ന അച്ഛൻ, മകൾ കൊല്ലപ്പെടുന്നു. അതേ അവസ്ഥയിലുള്ള രണ്ടാമത്തെ മകൻ അംഹയിലെ അന്തേവാസിയാണ്. മാനസികനില കൂടുതൽ അവതാളത്തിലായ ഭാര്യ അധികം താമസിയാതെ മരിച്ചു. അംഹയിലേക്ക് മകനെകാണാൻ പലഹാരങ്ങളുമായെത്തുമ്പോഴെല്ലാം ചെയ്ത തെറ്റിനെയോർത്ത് ആ അച്ഛൻ ഇന്നും വിലപിക്കുകയാണ്. മോഷണ കുറ്റം ആരോപിക്കപ്പെട്ട് തെരുവിൽ കെട്ടിയിട്ട് മർദിക്കപ്പെട്ട 20 കാരൻ… ചില വാക്കുകൾ മാത്രം ഉച്ചരിക്കാൻ കഴിയുന്ന അവന്, മാതാപിതാക്കളെ പറ്റിയോ അവന്റെ പേരോ പോലും അറിയില്ല. ആ കുട്ടിയെ ജുവനൈൽഹോമിൽ നിന്നും അർധരാത്രി തന്നെ രക്ഷപ്പെടുത്തേണ്ടിവന്നത്… ഇങ്ങനെ തുടങ്ങി ഈ മനുഷ്യർ നേരിടുന്ന പീഡനങ്ങളുടെയും സഹനങ്ങളുടെയും ദുരിതപർവം വാക്കുകൾക്ക് അതീതമാണ്. കഠിനമായ ഇത്തരം അനുഭവങ്ങളിലും തളരാതെ, പോരാടി ഈ മനുഷ്യരെ ചേർത്തുപിടിച്ച് മുന്നേറുന്നുവെന്നതാണ് പ്രൊഫ. പി ഭാനുമതിയെ വേറിട്ട വ്യക്തിയാക്കുന്നത്.
കെ വി സുമംഗല രചിച്ച പി ഭാനുമതിയുടെ ജീവിതകഥ കഴിഞ്ഞയാഴ്ച പ്രകാശനം ചെയ്തു. ജീവിതത്തിന്റെ ഇരുളിനെ വകഞ്ഞു മാറ്റി ചാന്ദ്രപ്രകാശത്തിലേക്ക് നൂറു കണക്കിന് കുടംബങ്ങളെ നയിക്കുന്ന ടീച്ചറുടെ മഹദ് വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നതാണ് ‘ഭാനുമതി അമ്ഹ’ എന്ന മാതൃഭൂമി പ്രസിദ്ധീകരിച്ച കൃതി. അംഹയെപ്പറ്റിയും അതിന്റെ ജീവശ്വാസമായ പി ഭാനുമതിയെപ്പറ്റിയും ധാരാളം റിപ്പോർട്ടുകളും എഴുത്തുകളുമെല്ലാം വന്നിട്ടുണ്ടെങ്കിലും അതിന്റെ സമഗ്രതയിൽ അവതരിപ്പിച്ചതാണ് ഈ ജീവചരിത്ര ഗ്രന്ഥം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.