29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 22, 2025
April 7, 2025
April 7, 2025
March 30, 2025
March 25, 2025
March 24, 2025
March 24, 2025
March 19, 2025
March 13, 2025

മലയോര ഹൈവേ; കേരളത്തെ നിക്ഷേപസൗഹൃദമാക്കിയതിൽ റോഡുവികസനത്തിന് വലിയ പങ്ക്: മുഖ്യമന്ത്രി

ആദ്യ റീച്ച് നാടിന് സമർപ്പിച്ചു
34 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമാണത്തിന് ചെലവായത് 221 കോടി രൂപ
Janayugom Webdesk
കൂടരഞ്ഞി (കോഴിക്കോട്)
February 15, 2025 8:39 pm

വ്യവസായ വളർച്ചയിലും നിക്ഷേപസൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയോര ഹൈവേയുടെ പണിപൂർത്തിയായ കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനവും മലപ്പുറം- കോടഞ്ചേരി റീച്ചിന്റെ നിർമാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തുതന്നെ സ്റ്റാർട്ടപ്പുകളുടെ വികസനത്തിലും വ്യവസായവികസനത്തിലും കേരളം വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. പണ്ടൊക്കെ കേരളത്തിൽ നിക്ഷേപം നടത്താൻ വരുന്നവർക്ക് അതിനായി കണ്ടെത്തുന്ന സ്ഥലത്ത് സമയത്ത് എത്തിച്ചേരാനാകുമായിരുന്നില്ല, അതോടെ അവർ നിക്ഷേപം വേണ്ടെന്നു വച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു പോകും. അതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. റോഡു വികസനത്തിലൂടെ നാടിന്റെ മൊത്തം വികസനമാണ് നടക്കുന്നത്. ഇത് ഇനിയും കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരും. ഗ്രാമനഗരഭേദമില്ലാതെ അതിവേഗം നഗരവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളം. അതുകൊണ്ടാണ് ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമേ മലയോര, തീരദേശപാതകൾ കൂടി കൊണ്ടുവരുന്നത്. ഇതിനു രണ്ടിനും മാത്രം പതിനായിരം കോടിയോളം രൂപ ചെലവുണ്ട്. 

അത് കിഫ്ബി വഴി സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. ആ തുക ചെലവഴിക്കപ്പെടുന്ന കാഴ്ചയാണ് കൺമുന്നിൽ കാണുന്നത്. അതോടൊപ്പം കോവളം- ബേക്കൽ ജലപാതകൂടി വളരെ വേഗം പൂർത്തിയായിവരികയാണ്. വടകരയ്ക്ക് വടക്കോട്ട് ചില പുതിയ കനാലുകൾകൂടി വരേണ്ടതുണ്ട്. അതും താമസിയാതെ സാധ്യമാകും. ജലപാത യാത്രക്കാർക്കുമാത്രമല്ല ചരക്കുഗതാഗതത്തിനും ഉപയുക്തമായിരിക്കും. അങ്ങനെ ഗതാഗതസൗകര്യത്തിൽ കേരളം വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2016 മുതലുള്ള തുടർച്ചയായ പ്രവർത്തനത്തിലൂടെയും ചട്ടങ്ങളിലും നയങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയും വകുപ്പുകളെ ഏകോപിപ്പിച്ചുമൊക്കെയാണ് ഇത് സാധ്യമാക്കിയതെന്നും ഈ മാറ്റങ്ങൾ കേരളത്തെ ഇനിയും വലിയതോതിൽ മുന്നോട്ടു നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നടക്കാൻപോകില്ലെന്ന് പലരും പ്രചരിപ്പിച്ച പദ്ധതികളാണ് കൺമുന്നിൽ നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് ഇത്തരമൊരു പാത ഉണ്ടാകില്ല. കാർഷിക- ടൂറിസം മേഖലയ്ക്ക് ഇതിലൂടെ വലിയ കുതിപ്പാണ് ഉണ്ടാകാൻ പോകുന്നത്. വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎ, മുൻ എംഎൽഎ ജോർജ് എം തോമസ്, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടർ എം അശോക് കുമാർ, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ സംസാരിച്ചു. 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരള റോഡ് ഫണ്ട് ബോർഡാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. 221.2 കോടി രൂപയാണ് നിർമാണ ചെലവ്. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റീച്ചിന്റെ നിർമാണം കരാർ എടുത്ത് പൂർത്തിയാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.