ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 66 എ ഏഴ് വർഷത്തിന് ശേഷം പിൻവാതിലിലൂടെ കൊണ്ടുവരാന്‍ മോഡി സർക്കാരിന്റെ നീക്കം. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ യുഎൻ ഉടമ്പടി ചർച്ചകൾക്കിടെ ഇന്ത്യ സമര്‍പ്പിച്ച ‘നിന്ദ്യമായ സന്ദേശങ്ങളുടെ ക്രിമിനൽവല്കരണം’ തടയണമെന്ന നിര്‍ദേശം സെക്ഷൻ 66 എ യുടെ തനിപ്പകർപ്പാണെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎന്‍ നിയമങ്ങളില്‍ ഇന്ത്യയുടെ നിര്‍ദേശം പരിഗണിക്കപ്പെട്ടാല്‍ ‘അന്താരാഷ്ട്ര ബാധ്യത’ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാം എന്നതായിരിക്കും ഈ നീക്കത്തിന് പിന്നിലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെങ്കിലും ‘സർക്കാർ പിൻവാതിൽ നിയമനിർമ്മാണത്തിലൂടെ സെക്ഷൻ 66 എ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്’ എന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകൂർ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഭരണഘടനയും കോടതികളും എന്ത് പറഞ്ഞാലും തങ്ങള്‍ക്ക് തോന്നുന്നത് ചെയ്യും എന്ന സന്ദേശമാണ് സർക്കാർ നല്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു.
2015 മാർച്ച് 24 നാണ് വിവാദമായ 66 എ വകുപ്പ് ചരിത്രപ്രധാന വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയത്. ‘കുറ്റകരമായ’ കാര്യങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അനുമതി നൽകുന്നതായിരുന്നു ഐടി നിയമത്തിലെ 66 എ വകുപ്പ്. ഇതനുസരിച്ച് സെൽഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി, കുറ്റകരമായതോ സ്പർധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കല്‍, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരാക്കലോ, അസൗകര്യം ഉണ്ടാക്കലോ ചെയ്യാൻ ഉദ്ദേശിച്ചുള്ള സന്ദേശങ്ങളുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കൽ എന്നിവയെല്ലാം മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നു. ഈ സെക്ഷനാണ് ഭരണഘടനാ വിരുദ്ധമാണ് എന്ന് കാണിച്ച് കോടതി റദ്ദാക്കിയത്.
2012 നവംബറിൽ ബാൽതാക്കറെയുടെ മരണത്തെ തുടർന്ന് മുംബൈയിൽ ബന്ദ് പ്രഖ്യാപിച്ചതിനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ട ശഹീൽ ദാദ, പോസ്റ്റ് ലൈക് ചെയ്ത മലയാളിയായ രേണു ശ്രീനിവാസ് എന്നിവരെ സെക്ഷൻ 66 എ പ്രകാരം അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ കേസിലായിരുന്നു കോടതിയുടെ തീരുമാനം. വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് നിയമവിദ്യാർത്ഥിനിയായ ശ്രേയ സിംഗാൾ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് സെക്ഷൻ 66 എ അവ്യക്തമാണെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ച കോടതി വകുപ്പ് റദ്ദാക്കിയത്.
English Summary;Move to bring back IT law repealed by Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.