
രാജ്യത്ത് തുടർച്ചയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ ശരാശരി ആസ്തിയിൽ പത്ത് വർഷത്തിനിടെ 110% വർധനയെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണൽ ഇലക്ഷൻ വാച്ച് എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2014‑ൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ എംപിമാരുടെ ശരാശരി ആസ്തി 15.76 കോടി രൂപയായിരുന്നു. 2019‑ൽ ഇത് 24.21 കോടിയായും 2024‑ൽ 33.13 കോടിയായും വർധിച്ചു. വിശകലനം ചെയ്ത 102 എംപിമാരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരുടെയും ആസ്തിയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആസ്തി സ്ഥിരമായി വര്‍ധിക്കുന്ന പ്രവണതയാണ് കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നത്. നിയമനുസൃത നിക്ഷേപം, സ്വത്ത് മൂല്യവര്‍ധനവ് അല്ലെങ്കില്‍ ബിസിനസ് വളര്‍ച്ച എന്നിവയ്ക്ക് ആനുപാതികമായി ആസ്തി വര്‍ധനവ് ഉണ്ടാകുമെങ്കിലും പൊടുന്നനെയുള്ള സാമ്പത്തിക വളര്‍ച്ച എംപിമാരുടെ സൂതാര്യതയുടെയും പൊതുജീവിതത്തിലെ സത്യസന്ധതയുടെയും നേര്‍ക്ക് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ചയുണ്ടായ പത്ത് എംപിമാരിൽ ആറുപേരും ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്രയിലെ സത്താറ മണ്ഡലത്തിലെ ബിജെപി എംപി ഉദയന്‍രാജെ പ്രതാപ് സിംഹ മഹാരാജ് ഭോണ്‍സ്ലെയാണ് പട്ടികയില്‍ ഒന്നാമത്. 2014 ല്‍ 60.60 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ഇദ്ദേഹത്തിന് 2024 ല്‍ 223.12 കോടിയായാണ് ആസ്തി വര്‍ധിച്ചത്. 268% സാമ്പത്തിക വളര്‍ച്ചയാണ് ഇദ്ദേഹത്തിനുണ്ടായത്. ഗുജറാത്തിലെ ജാംനഗര്‍ എംപി പൂനംബെന്‍ ഹേമന്ത് ഭായ് ആണ് പട്ടികയില്‍ രണ്ടാമത്. 2014 ല്‍ 130.26 കോടിയില്‍ നിന്ന് 2024 ല്‍ ആസ്തി 147.70 കോടിയായി ഉയര്‍ന്നു. ആന്ധ്രാപ്രദേശിലെ രാജംപേട്ട് മണ്ഡലത്തിലെ വൈഎസ്ആര്‍സിപി എംപി പി വി മിഥുന്‍ റെഡ്ഡി 124.25 കോടിയില്‍ നിന്ന് 146.85 കോടിയായി മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ബോളിവുഡ് നടിയും യുപിയിലെ മഥുര എംപിയുമായ ഹേമമാലിനി 178.20 കോടിയില്‍ നിന്ന് കുതിച്ചുയര്‍ന്ന് 278.93 കോടിയുമായി നാലാംസ്ഥാനത്ത് എത്തി. റാവു ഇന്ദർജിത് സിങ് (ബിജെപി), ഹർസിമ്രത് കൗർ ബാദൽ (എസ്എഡി), ശത്രുഘ്നൻ സിൻഹ (ടിഎംസി) എന്നിവരും പട്ടികയിൽ ആദ്യ പത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.