വയനാടിന്റെ കൃഷിയറിവുകളെയും പാരമ്പ്യത്തെയും ലോകപ്രശസ്തിയിലേക്ക് ഉയർത്തിയത് എംഎസ് സ്വാമിനാഥന്റെ കർമ്മനിരതമായ പ്രവർത്തനങ്ങളാണ്. വയനാട്ടിലെ പുത്തൂർവയലിൽ 1997 മുതൽ പ്രവർത്തിച്ചുവരുന്ന സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ കർഷകർക്കായി എല്ലാ വർഷവും സംഘടിപ്പിക്കാറുളള അന്താരാഷ്ട്ര വിത്ത് ഉത്സവങ്ങൾ വയനാടൻ കർഷകരുടെ കാർഷിക അറിവുകളും, പാരമ്പര്യ വിത്തിനങ്ങളും ലോകശ്രദ്ധയിലേക്ക് എത്തിച്ചു.
ജൈവവൈവിധ്യത്തിന്റെയും നാട്ടറിവുകളുടെയും സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ശാസ്ത്ര‑സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുത്തൂർവയൽ ഗവേഷണനിലയം അദ്ദേഹം സ്ഥാപിച്ചത്. ഇരുനൂറിലധികം പരമ്പരാഗതയിനം വിളകൾ, വംശനാശ ഭീഷണി നേരിടുന്ന ഇരുനൂറിലേറെയിനം സസ്യങ്ങൾ, നാനൂറോളം ഇനം വംശീയ‑ഔഷധ സസ്യങ്ങൾ എന്നിവയുടെ സംരക്ഷണം, അധികം അറിയപ്പെടാത്ത ഭക്ഷ്യ‑പോഷകാഹാരങ്ങളുടെ പ്രചാരണം എന്നിവ നിലയം നടത്തിവരുന്നു.
കേരളത്തിൽ ആദ്യമായി കർഷകരുടേതായി അംഗീകരിക്കുന്നതിനു 21 ഇനം നെൽവിത്തുകൾ ശുപാർശ ചെയ്തത് പുത്തൂർവയൽ നിലയമാണ്. പശ്ചിമഘട്ടത്തിലെ അപൂർവം വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യജാലങ്ങൾക്കായുള്ള ലീഡ് ബോട്ടാണിക്കൽ ഗാർഡൻ നിലയത്തിന്റെ ഭാഗമാണ്. ബൊട്ടാണിക്കൽ ഗാർഡനിലെ സസ്യങ്ങളിൽ 579 ഇനം വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടതും 512 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയുമാണ്. 800 തരം ഔഷധസസ്യങ്ങളും 124 ഇനം വന്യഭക്ഷ്യസസ്യങ്ങളും 62 ഇനം വന്യ ഓർക്കിഡുകളും 75 തരം പന്നൽ ചെടികളും 70 വള്ളിച്ചെടിയിനങ്ങളും 25 ഇനം നാടൻ കുരുമുളകും 60 ഇനം ശലഭോദ്യാന സസ്യങ്ങളും 27 വാഴയിനങ്ങളും ഉദ്യാനത്തിന്റെ ഭാഗമാണ്.
നക്ഷത്രവനവും നവഗ്രഹവനവും ഉദ്യാനത്തിലുണ്ട്. 80 ഇനം പക്ഷികളുടെയും 13 തരം ഉരഗങ്ങളുടെയും 11 ഇനം സസ്തനികളുടെയും 93 തരം ശലഭങ്ങളുടെയും സാന്നിധ്യവും ഉദ്യാനത്തിന്റെ പ്രത്യേകതയാണ്. നിലയത്തിന്റെ പ്രോത്സാഹനത്തിൽ പ്രവർത്തിക്കുന്ന ആദിവാസി കൂട്ടായ്മകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പുത്തൂർവയലിൽ ഗവേഷണനിലയം ആരംഭിച്ചശേഷം മിക്കവർഷങ്ങളിലും ഡോ. സ്വാമിനാഥൻ വയനാട്ടിൽ എത്തിയിരുന്നു. ഏറ്റവും ഒടുവിൽ 2017ലാണ് ഗവേഷണ നിലയം സന്ദർശിച്ചത്. പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു പ്രത്യേക ഊന്നൽ നൽകിയാണ് പൂത്തൂർവയലിലെ ഗവേഷണ നിലയത്തിന്റെ പ്രവർത്തനം.
English Summary: MS Swaminathan passes away ; special story
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.